രാജ്യഭരണത്തിനിടെ സമ്പാദിച്ച പുണ്യങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

രാജ്യഭരണത്തിനിടെ സമ്പാദിച്ച പുണ്യങ്ങള്‍

 

ദൈവാലയത്തിന്റെ വാതില്‍ തുറന്നിട്ടില്ലെങ്കില്‍ അതിന്റെ പ്രവേശനകവാടത്തിനു മുന്‍പില്‍ മുട്ടുകുത്തി സക്രാരിയിലെ ഈശോയെ ആരാധിക്കും. ഏത് തണുപ്പിലും അപ്രകാരമുള്ള ആരാധനക്കായി ഏറെനേരം ചെലവഴിക്കും. കാസിമിര്‍ എന്ന യുവാവിന്റെ പതിവുകളിലൊന്നായിരുന്നു അത്. പോളണ്ടിന്റെയും ലിത്ത്വേനിയയുടെയും രാജാവായിരുന്ന കാസിമിര്‍ നാലാമന്‍ രാജാവിന്റെയും പത്‌നിയായ എലിസബത്തിന്റെയും മകനായിരുന്നു കാസിമിര്‍. മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ മൂന്നാമനായി പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തില്‍ 1458 ഒക്ടോബര്‍ 3-നാണ് കാസിമിര്‍ ജനിച്ചത്. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ ദൈവത്തെ എല്ലാറ്റിലുമുപരിയായി സ്‌നേഹിക്കുവാന്‍ അമ്മ പഠിപ്പിച്ചിരുന്നു. ദൈവഭക്തയും ബുദ്ധിമതിയുമായ അവള്‍, ചുറ്റുമുള്ള ആര്‍ഭാടങ്ങളും സൗഭാഗ്യവും മക്കളെ മോശമാക്കാതിരിക്കാന്‍ സദാ ശ്രദ്ധാലുവായിരുന്നു.

ഒന്‍പതു വയസ്സായപ്പോള്‍, ചരിത്രകാരനും അഗാധപാണ്ഡിത്യവും വിശുദ്ധിയുമുള്ള പുരോഹിതനുമായ ജോണ്‍ ഡഌഗോസിന്റെ ശിക്ഷണത്തിലായി കാസിമിറിന്റെ വിദ്യാഭ്യാസം. സഹോദരന്മാരോടൊപ്പം വേദോപദേശവും വിവിധ ഭാഷകളും പഠിച്ചു. കളിക്കാന്‍ പോകുന്നതിനെക്കാള്‍ രാജകുമാരന്മാര്‍ക്ക് ഇഷ്ടം അവരുടെ ഗുരുവിന്റെ കൂടെ സമയം ചെലവിടുന്നതായിരുന്നു. തന്റെ എഴുത്തുകളില്‍ ജോണ്‍ ഡഌഗോസ് കാസിമിറിനെ വിശേഷിപ്പിക്കുന്നത് ‘അപൂര്‍വ്വമായ കഴിവുകളും സ്തുത്യര്‍ഹമായ അറിവും ഉള്ള ശ്രേഷ്ഠനായ ഒരു യുവാവ്’ എന്നാണ്.

ഗുരുവിന്റെ മാതൃകയും ശിക്ഷണവും കാസിമിറിനു സ്വതവേ ഉണ്ടായിരുന്ന നിഷ്‌കളങ്കതയെയും ഭക്തിയെയും അതിന്റെ ഉന്നതിയിലെത്തിച്ചു. രാജകൊട്ടാരത്തിലെ പ്രൗഢിക്കും ആഡംബരത്തിനും ഇടയിലും കാസിമിര്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും മുഴുകി. ലളിതമായ ഭക്ഷണം കഴിച്ചു. ധരിച്ചിരുന്ന സാധാരണ വസ്ത്രത്തിനുള്ളില്‍ പ്രായശ്ചിത്തമായി രോമവസ്ത്രം ധരിച്ചിരുന്നു. വെറും നിലത്താണ് കിടന്നിരുന്നത്. യേശുവിന്റെ പീഡാനുഭവധ്യാനത്തില്‍ ഏറെനേരം മുഴുകിയിരുന്നു. എപ്പോഴും ദൈവസാന്നിധ്യത്തില്‍ ആയിരിക്കുന്ന സ്വഭാവം ശീലിച്ച കാസിമിര്‍ പ്രസന്നവദനനും ആരോടും മുഖം കറുപ്പിക്കാത്തവനും ആയിരുന്നു.

യുദ്ധം ചെയ്യാതെ തടവറയിലേക്ക്
1471 ഒക്ടോബറില്‍ കാസിമിറിന് കഷ്ടിച്ച് 13 വയസ്സ് പ്രായമുള്ളപ്പോള്‍ ഹംഗറിയിലേക്ക് യുദ്ധം നയിക്കേണ്ടി വന്നു. തന്റെ അമ്മാവനായിരുന്ന ഹംഗറിയിലെ രാജാവിന്റെ മരണശേഷം ഭരണം ഏറ്റെടുത്ത മത്തിയാസ് കൊര്‍വിനൂസിനെ അധികം പേര്‍ക്കും ഇഷ്ടമായിരുന്നില്ല. കാസിമിര്‍ അവിടത്തെ കിരീടാവകാശിയാവണമെന്നു പറഞ്ഞ് കുറേപ്പേര്‍ അവന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. അതിനെത്തുടര്‍ന്നാണ് യുദ്ധം ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും പിതാവിനോടുള്ള അനുസരണത്തെപ്രതി കാസിമിര്‍ പോയത്.

അവിടെച്ചെന്നപ്പോള്‍ എതിര്‍ഭാഗത്ത് പടയാളികള്‍ വളരെക്കൂടുതലുണ്ട്. ശരിയായി ശമ്പളവും ഭക്ഷണവും കിട്ടാത്തതുമൂലം കാസിമിറിന്റെ ഭാഗത്തുള്ളവര്‍ പിരിഞ്ഞുപോവാനും തുടങ്ങി. ഇതെല്ലാം നിമിത്തം യുദ്ധം വേണ്ടെന്നുവച്ച് തിരിച്ചുപോകാനുള്ള വിദഗ്‌ധോപദേശം സന്തോഷത്തോടെയാണ് കാസിമിര്‍ കേട്ടത്. ആശ്വാസത്തോടെ തിരിച്ചുപോന്ന അദ്ദേഹത്തെ, പിതാവ് ലജ്ജയും ദേഷ്യവും കൊണ്ട് മൂന്നു മാസത്തേക്ക് ഡോബ്‌സ്‌കിയിലെ കോട്ടയില്‍ തടവിലിട്ടു.

എങ്കിലും സിക്സ്റ്റസ് നാലാമന്‍ പാപ്പ കാസിമിര്‍ യുദ്ധം നയിക്കുന്നതിനെതിരായിരുന്നെന്ന അറിവ് കാസിമിറിന് ശക്തി പകര്‍ന്നു. യുദ്ധത്തിലെ അനീതിയും കെടുതികളും ഓര്‍ത്തുകൊണ്ടും ഈ പോരാട്ടങ്ങള്‍ തുര്‍ക്കികള്‍ക്ക് യൂറോപ്പിലേക്ക് വഴി തുറക്കാനാണ് സഹായിക്കുന്നതെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടും ഇനിയൊരിക്കലും, ആരൊക്കെ പറഞ്ഞാലും, ആയുധമെടുക്കില്ലെന്നു കാസിമിര്‍ തീരുമാനിച്ചു.

അടഞ്ഞ ദൈവാലയത്തിന് മുന്നില്‍
1472-ല്‍ കാസിമിര്‍ ക്രാക്കോവിലേക്ക് തിരിച്ചുവന്നു. അപ്പോഴേക്ക് അവന്റെ മൂത്ത സഹോദരന്‍ ബൊഹീമിയയുടെ രാജാവായിരുന്നത് കൊണ്ട് പോളണ്ടിന്റെ കിരീടാവകാശിയായി കാസിമിറിനെ പ്രഖ്യാപിച്ചു. അധികാരം മോഹിച്ചില്ലെങ്കിലും ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അങ്ങനെ പിതാവിനോടൊത്ത് യാത്രകള്‍ ചെയ്തു, ഔദ്യോഗികസന്ദര്‍ശനങ്ങള്‍ നടത്തി, രാജ്യഭരണകാര്യങ്ങള്‍ പരിചയിച്ചു. പഠനവും ഒപ്പം കൊണ്ടുപോയി.

ഉള്ളിലുണ്ടായിരുന്ന ദൈവസ്‌നേഹം അതിന്റെ ഉന്നതിയിലെത്തിയ സമയമായിരുന്നു അത്. തിരക്കുകള്‍ക്കും പഠനത്തിനുമിടയിലും ദൈവത്തിനുവേണ്ടി സമയം മാറ്റിവയ്ക്കാന്‍ സഹായകമായത് ഉള്ളില്‍ നിറഞ്ഞ ദൈവസ്‌നേഹമായിരുന്നു. എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുകയും ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അപ്രകാരം ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാണ് തുറന്നിട്ടില്ലെന്ന് കണ്ടാല്‍ പുറത്തിരുന്ന് ദിവ്യകാരുണ്യനാഥനെ ആരാധിച്ചിരുന്നത്.

പരിശുദ്ധ അമ്മയോട് പ്രത്യേകഭക്തി കാസിമിറിനുണ്ടായിരുന്നു. ദൈവമാതാവിന്റെ ബഹുമാനാര്‍ത്ഥം ഒമ്‌നി ഡിയേ ഡിക് മാരിയേ (Omni die dic Mariae) എന്ന ലാറ്റിന്‍ സ്തുതിഗീതത്തിന്റെ വരികള്‍ അദ്ദേഹം എപ്പോഴും പാടുമായിരുന്നു. ‘ദിനവും ദിനവും മറിയത്തിനായി പാടൂ’ എന്നാണ് അതിന്റെ അര്‍ത്ഥം. അതിന്റെ ഒരു പകര്‍പ്പ്, താന്‍ മറവുചെയ്യപ്പെടുമ്പോള്‍ ശരീരത്തോടൊപ്പം വയ്ക്കാന്‍പോലും പറയത്തക്കവിധം കാസിമിറിന് ആ കീര്‍ത്തനം അത്രക്ക് ഇഷ്ടമായിരുന്നു. വിശുദ്ധ ബര്‍ണാഡ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതിയതാണെന്ന് കരുതപ്പെടുന്നെങ്കിലും ‘കാസിമിറിന്റെ ഗീതം’ എന്നാണ് ആ കീര്‍ത്തനം അറിയപ്പെടുന്നത്.

ദൈവത്തോടുള്ള അടങ്ങാത്ത സ്‌നേഹം പരസ്‌നേഹത്തിനും കാരണമായി. പാവങ്ങളുടെ കഷ്ടപ്പാട് കണ്ട് തന്റെ സ്വത്തും മറ്റു സാധനങ്ങളും ഉദാരമായി ദാനം ചെയ്തിരുന്നു. കാസിമിറിന്റെ പിതാവിന് ലിത്വേനിയയില്‍ കുറേക്കാലം കഴിയേണ്ടി വന്നപ്പോള്‍ കാസിമിര്‍ ആയിരുന്നു 1479 മുതല്‍ 1483 വരെ പോളണ്ട് ഭരിച്ചത്. സത്യസന്ധതയും നീതിയും ദുരിതമനുഭവിക്കുന്നവരോട് കാണിക്കുന്ന കരുണയും കൊണ്ട് ‘സമാധാനസ്ഥാപകന്‍’ എന്ന ഓമനപ്പേരില്‍ അദ്ദേഹത്തെ വിളിക്കുന്ന ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നു. ഖജനാവിലെ പണം കൊണ്ട് ആളുകളുടെ കടം വീട്ടി. ദരിദ്രരെ ചവിട്ടിമെതിക്കാന്‍ ആരെയും അനുവദിച്ചില്ല. കാസിമിര്‍ തന്റെ ജീവിതം പൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിച്ചു. ഫ്രഡറിക്ക് മൂന്നാമന്‍ രാജാവിന്റെ മകളെ വിവാഹം കഴിക്കാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും കാസിമിര്‍ വഴങ്ങിയില്ല. താന്‍ ഹൃദയത്തില്‍ ഈശോക്ക് നിത്യബ്രഹ്മചര്യം നേര്‍ന്നിട്ടുണ്ടെന്നാണ് പറഞ്ഞത്.

മരണശേഷം യുദ്ധം നയിക്കുന്നു
1483-ല്‍, അക്കാലത്ത് സാധാരണമായിരുന്ന ക്ഷയരോഗം കാസിമിറിനെയും ബാധിച്ചു. നന്നേ ക്ഷീണിച്ച അദ്ദേഹം മിക്ക ജോലികളില്‍ നിന്നും വിട്ടുനിന്നു. 1484 മാര്‍ച്ച് 4-ന് അന്ത്യകൂദാശ നല്കപ്പെട്ടു. ഒരു കയ്യില്‍ ക്രൂശിതരൂപവും മറുകയ്യില്‍ ഒരു മെഴുതിരിയും പിടിച്ച് കാസിമിര്‍ ശാന്തനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. രാത്രിയാകുന്നതിനു മുന്‍പ് വിശുദ്ധമായ ആ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. 25-ാം വയസിലായിരുന്നു ആ മടക്കയാത്ര. പക്ഷേ വിശുദ്ധിയില്‍ വളരാന്‍ യൗവനം തടസമായിരുന്നില്ല. മരണശേഷം വിശുദ്ധന്റെ പേരില്‍ നടന്ന അത്ഭുതങ്ങള്‍ നിരവധിയാണ്. അന്ധര്‍ കാഴ്ചയുള്ളവരായി, മുടന്തുള്ളവരുടെ വൈകല്യം മാറി, വളരെപ്പേരുടെ രോഗങ്ങള്‍ സൗഖ്യപ്പെട്ടു, മരിച്ച ഒരു പെണ്‍കുട്ടി ഉയിര്‍പ്പിക്കപ്പെടുകപോലും ചെയ്തു എന്ന് പറയപ്പെടുന്നു.

1518-ല്‍ ആണ് ഏറ്റവും വലിയ അത്ഭുതം നടന്നെന്ന് പാരമ്പര്യം സാക്ഷിക്കുന്നത്. റഷ്യന്‍ സൈന്യം ലിത്വേനിയയിലെ നഗരത്തെ ആക്രമിച്ചപ്പോള്‍ വിശുദ്ധ കാസിമിര്‍ വെളുത്ത കുതിരയുടെ പുറത്തിരിക്കുന്നതായും ലിത്വേനിയന്‍ സൈന്യത്തെ നയിക്കുന്നതായും അവര്‍ ദര്‍ശനത്തില്‍ കണ്ടു. ഉത്സാഹം വീണ്ടെടുത്ത പട്ടാളക്കാര്‍ റഷ്യയോട് ചെറുത്തുനിന്നു. വിശുദ്ധ കാസിമിര്‍ പോളണ്ടിന്റെയും ലിത്വേനിയയുടെയും പ്രത്യേകമധ്യസ്ഥനാണ്. എല്ലാ യുദ്ധങ്ങളും നീക്കിക്കളയണമേ എന്ന് സമാധാനസ്ഥാപകനായ ഈ വിശുദ്ധനോട് നമുക്ക് മാധ്യസ്ഥ്യം അപേക്ഷിക്കാം.

ജില്‍സ ജോയ്