വിശ്വാസികളുടെ പിതാവായ അബ്രാഹാമിന്റെ ഭാര്യയായിരുന്നു സാറാ. വിശ്വാസികളുടെ മാതാവ്. അബ്രാഹമിനും സാറായ്ക്കും അവരുടെ വാര്‍ധക്യത്തിലെത്തിയിട്ടും ഒരു കുഞ്ഞുപോലും ജനിച്ചില്ല. സാറാ അതിനൊരു പരിഹാരം കണ്ടുപിടിച്ചു. ഈജിപ്തുകാരിയായ തന്റെ ദാസി ഹാഗാറിനെ അബ്രാഹമിന് ഭാര്യയായി നല്‍കുക. അവളില്‍ അബ്രാഹമിന് ജനിക്കുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി ലാളിച്ചു വളര്‍ത്തുക. അവള്‍ തന്റെ ബുദ്ധി ഭര്‍ത്താവായ അബ്രാഹമിനോടു പറഞ്ഞു. അബ്രാഹമിനും ആ ബുദ്ധി നല്ലതായി തോന്നി. അബ്രാഹം ഹാഗാറിനെ പ്രാപിച്ച് അവള്‍ ഗര്‍ഭിണിയായി. അതോടെ കാര്യങ്ങള്‍ക്ക് പരിഹാരമാകും എന്നാണ് അബ്രാഹമും ഭാര്യ സാറായും ചിന്തിച്ചത്. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. അതോടെ പ്രശ്‌നമില്ലാത്തിടത്ത് പ്രശ്‌നങ്ങള്‍ ആരംഭിച്ചു.
താന്‍ ഗര്‍ഭിണിയാണെന്നു തിരിച്ചറിഞ്ഞതോടെ ഹാഗാറിന് ഗര്‍വ് ആരംഭിച്ചു. അവള്‍ സ്വന്തം യജമാനത്തിയായ സാറായെ പുച്ഛിക്കുവാനും നിന്ദിക്കുവാനും തുടങ്ങി. ഇത് യജമാനത്തിയായ സാറക്ക് താങ്ങാവുന്നതില്‍ അധികമായിരുന്നു. അവള്‍ തന്റെ ഭര്‍ത്താവിനോട് പറഞ്ഞു, ”എന്റെ ദുരിതത്തിന് നിങ്ങളാണ് കാരണക്കാരന്‍. ഞാനാണ് എന്റെ ദാസിയെ നിങ്ങളുടെ ആശ്ലേഷണത്തിന് വിട്ടുതന്നത്. പക്ഷേ താന്‍ ഗര്‍ഭിണിയാണെന്ന് കണ്ടപ്പോള്‍ അവള്‍ക്ക് ഞാന്‍ നിന്ദ്യയായി. എനിക്കും നിങ്ങള്‍ക്കും മധ്യേ കര്‍ത്താവ് വിധിയാളനായിരിക്കട്ടെ” (ഉല്‍പത്തി 16/4-6).
അബ്രാഹം പറഞ്ഞു. അവള്‍ ഇപ്പോഴും നിന്റെ ദാസിയാണ്. നിനക്കിഷ്ടമുള്ളത് അവളോടു ചെയ്തുകൊള്ളുക. സാറാ അതുകേട്ടു. അപ്പോള്‍ മുതല്‍ സാറാ തന്റെ ദാസിയോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി.
യജമാനത്തിയുടെ ക്രൂരത സഹിക്കാനാവാതെ ഹാഗാര്‍ അവിടെനിന്നും ഒളിച്ചോടി മരുഭൂമിയില്‍ ചെന്നുപാര്‍ത്തു. അവിടെവച്ച് ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ അടുത്തുവച്ച് ജീവിക്കുന്ന ദൈവത്തിന്റെ ദൂതന്‍ അവളെ കണ്ടെത്തി. ദൂതന്‍ അവളോടു ചോദിച്ചു: ”സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു എങ്ങോട്ടു പോകുന്നു?” അബ്രാഹമിന്റെ ഭാര്യയായ ഹാഗാറേ എന്ന് ദൂതന്‍ അവളെ വിളിക്കുന്നില്ല. പിന്നെയോ ‘സാറായിയുടെ ദാസിയായ ഹാഗാറേ’ എന്നാണ് വിളിക്കുന്നത്. ഇത് ദുരിതത്തിലകപ്പെട്ട ഹാഗാറിന് സ്വന്തം തെറ്റു മനസിലാക്കിക്കൊടുക്കാന്‍വേണ്ടിക്കൂടിയാണ്. കാരണം, അവള്‍ യഥാര്‍ത്ഥത്തില്‍ സാറായുടെ ദാസിയാണ്. സാറായുടെ നല്ല മനസാണ് ഹാഗാറിനെ അബ്രാഹമിന്റെ കുഞ്ഞിന്റെ അമ്മയാകാന്‍ തിരഞ്ഞെടുത്തത്. അതിന് അവള്‍ സാറായോട് വലിയ നന്ദിയുള്ളവള്‍ ആകേണ്ടതായിരുന്നു. പക്ഷേ മറിച്ചാണ് സംഭവിച്ചത്.
ഇവിടെ ഹാഗാറിനോട് ഏറ്റവും നല്ലതു ചെയ്യണമെന്നേ സാറാ ചിന്തിച്ചിരുന്നുള്ളൂ. അവളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്താന്‍ തന്നെയാണ് സാറാ നിശ്ചയിച്ചുറപ്പിച്ചിരുന്നതും. പക്ഷേ ഹാഗാറിന്റെ നിന്ദയാണ് സാറായെക്കൊണ്ട് ക്രൂരമായി പെരുമാറേണ്ട നിസഹായ ഘട്ടത്തിലെത്തിച്ചത്.
ഗര്‍ഭിണിയായിരിക്കേ പീഡനം സഹിക്കവയ്യാതെ മരുഭൂമിയിലേക്ക് തനിച്ച് ഒളിച്ചോടിപ്പോവുക, അവിടെ കഴിയേണ്ടിവരിക എന്നുള്ളത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ദുരിതപൂര്‍ണമായ അവസ്ഥയാണ്. പക്ഷേ ഈ ദുരിതത്തിലേക്ക് അവളെ എത്തിച്ചത് അവളുടെ ഹൃദയത്തിന്റെ അഹന്തയും തന്റെ സൗഭാഗ്യങ്ങള്‍ക്കു കാരണക്കാരിയായ യജമാനത്തിയായ സാറായോടുള്ള നിന്ദയുമാണ്.
പക്ഷേ തന്റെ ദുരിതത്തിന്റെ നടുവില്‍ നിന്നുകൊണ്ട് അവള്‍ നിലവിളിച്ചപ്പോള്‍ കരുണാമയനായ കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. അവളുടെ തെറ്റ് അവള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാനും ദുരിതത്തില്‍നിന്നും അവളെ രക്ഷിക്കുവാനുംവേണ്ടി തന്റെ ദൂതനെ അവിടുന്ന് നിയോഗിക്കുന്നു. ആ ദൂതന്‍ ദുരിതത്തില്‍നിന്നും രക്ഷപെടാനുള്ള വഴി അവള്‍ക്കു പറഞ്ഞുകൊടുക്കുന്നു. അവന്‍ പറഞ്ഞു ”ഹാഗാറേ, നീ നിന്റെ യജമാനത്തിയായ സാറായിയുടെ അടുത്തേക്ക് തിരികെ പോവുക. അവള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുക.” യജമാനനായ, തന്റെ കുഞ്ഞിന്റെ അപ്പനായ അബ്രാഹത്തിന്റെ അടുത്തേക്ക് തിരികെ പോവുക എന്നല്ല ദൂതന്‍ പറഞ്ഞത്. രണ്ടു കാര്യങ്ങള്‍ ദൂതന്‍ അവളെ ബോധവല്‍ക്കരിക്കുന്നു. 1. സാറായാണ് യജമാനത്തി, ഹാഗാറല്ല. 2. യജമാനത്തിയായ സാറായോടുള്ള കീഴ്‌പെടല്‍ ഹാഗാറിന്റെ മനസില്‍നിന്നും തീര്‍ത്തും മാറിപ്പോയി. സാറായെ നിന്ദിച്ച് തനിക്കുതന്നെ ദുരിതം വരുത്തിവച്ചിരിക്കുന്നു. ഹാഗാറിന് തെറ്റ് ബോധ്യമായി. അവള്‍ ദൈവത്തെ അനുസരിച്ചു. അങ്ങനെ തനിക്ക് സംഭവിച്ച മഹാദുരിതത്തില്‍നിന്നും രക്ഷപെട്ടു. നീയും ദുരിതത്തിലാണോ?
നമ്മളും ഇതുപോലെ പലവിധ ദുരിതങ്ങളുടെ നടുവിലായിരിക്കാം. ഇടതടവില്ലാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നുമുണ്ടാകാം. നമ്മുടെ പ്രവൃത്തിദോഷങ്ങളാകാം നമ്മെ ഈയവസ്ഥയില്‍ എത്തിച്ചത്. പക്ഷേ ദുരിതത്തിനു കാരണമായ നമ്മുടെ ഹൃദയത്തിന്റെ അഹന്തയെയും തെറ്റായ നിലപാടുകളെയും മനസിലാക്കാനോ തിരുത്തുവാനോ തക്കവിധം സുബോധം നമുക്കിതുവരെ ഉണ്ടായിട്ടുണ്ടാവില്ല. ഇവിടെ ഹാഗാര്‍ തനിക്കു കൈവന്ന അസുലഭമായ സൗഭാഗ്യത്തിന്റെ പേരില്‍ സുബോധം നഷ്ടപ്പെട്ടവള്‍ ആയിരുന്നു. ആ സുബോധമാണ് ദൈവത്തിന്റെ ദൂതന്‍ തന്റെ സന്ദര്‍ശനത്തിലൂടെ അവള്‍ക്കു തിരികെ നല്കുന്നത്. ദുരിതത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിലും ഇങ്ങനെയൊരു സുബോധം നഷ്ടപ്പെടല്‍ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ തിരിച്ചുവരാനുള്ള കൃപക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
സുബോധം നഷ്ടപ്പെട്ട ധൂര്‍ത്തപുത്രന്‍ ധൂര്‍ത്തപുത്രന്റെ ഉപമയിലെ ധൂര്‍ത്തപുത്രനും സുബോധം നഷ്ടപ്പെട്ടവനായിരുന്നു. അതുകൊണ്ടാണ് അവന്‍ തന്റെ സ്‌നേഹധനനായ പിതാവിനെ ഉപേക്ഷിച്ച് ആ അപ്പന്‍ സമ്പാദിച്ച സ്വത്തില്‍ തന്റെ പങ്കും വാദിച്ച് മേടിച്ച് അപ്പന്റെ ഭവനം വിട്ട് ദൂരദേശത്തേക്ക് പോകുന്നത്. അവിടെ അവന്‍ തന്റെ സ്വത്ത് ദുര്‍വ്യയം ചെയ്തു നശിപ്പിച്ച് പന്നിക്കു കൊടുക്കുന്ന തീറ്റപോലും കിട്ടാതെ കൊടിയ ദുരിതത്തിലകപ്പെടുന്നു. ഇവിടെ അവന്‍ ദൈവത്തോട് നിലവിളിക്കുന്നില്ല. ദൈവം ഹാഗാറിന്റെ കാര്യത്തിലിടപെട്ടതുപോലെ തന്റെ ദൂതനെ അയക്കുന്നുമില്ല. പക്ഷേ പന്നിത്തീറ്റപോലും കിട്ടാത്ത അവന്റെ കൊടിയ ദുരിതങ്ങള്‍ അവന്റെ കണ്ണും ഹൃദയവും തുറപ്പിച്ചു. അവന്‍ സുബോധമുള്ളവനായി.
തന്റെ പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചോര്‍ത്തു. ആ തിരിച്ചറിവാണ് അവനെ പിതാവിന്റെ ഭവനത്തിലേക്ക് തിരികെ ചെല്ലാന്‍ പ്രേരിപ്പിച്ചത്. ആ തീരുമാനവും പിതൃസന്നിധിയിലേക്കുള്ള തിരിച്ചുവരവുമാണ് അവനെ കൊടിയ ദുരിതത്തില്‍നിന്നും രക്ഷിച്ചതും വീണ്ടും ആ സൗഭാഗ്യവാനായിത്തീര്‍ത്തതും. ഇവിടെ ഈ ധൂര്‍ത്തപുത്രന്‍ തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ വളരെ വൈകിയാണെങ്കിലും തിരിച്ചുവരേണ്ടിടത്തേക്ക് തിരികെ വരാന്‍ തയാറായി. അവിടെയാണവന്റെ വിജയം. എവിടെനിന്നു തെറ്റിപ്പിരിഞ്ഞോ അവിടേക്ക് തിരികെ വരിക. അതാണ് പരിഹാരത്തിന്റെ രഹസ്യം.
നമ്മളില്‍ പലരും കൊടിയ ദുരിതത്തിലകപ്പെടുമ്പോള്‍ പിന്‍ചെന്ന വഴികള്‍ തെറ്റിപ്പോയി എന്ന് തിരിച്ചറിവുള്ളവരാകാം. പക്ഷേ എവിടെനിന്നു തെറ്റിപ്പോയോ അവിടേക്ക് തിരികെ വരാന്‍ തയാറുള്ളവര്‍ അല്ലായിരിക്കും. എവിടെനിന്നു തെറ്റിയോ അവിടേക്കാണ് തിരികെ വരേണ്ടത്. അല്ലാതെ നമ്മുടെ സ്വന്തം ബുദ്ധി നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ച് തിരിച്ചുവരേണ്ടിടത്തേക്ക് നാം തിരികെ വരാതിരുന്നാല്‍ നമ്മുടെ പ്രശ്‌നങ്ങളും നമ്മുടെ ദുരിതങ്ങളും ഒരിക്കലും അവസാനിക്കുകയില്ല. ഇവിടെ ദൈവംപോലും നമ്മെ രക്ഷിക്കുന്ന കാര്യത്തില്‍ നിസഹായനായിപ്പോകും.
തിരികെ പോകേണ്ടിടത്തേക്ക് തിരികെ വരാനുള്ള എളിമയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ മടങ്ങിപ്പോകല്‍ ചിലപ്പോള്‍ ജീവിതത്തിലൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഭര്‍ത്താവിന്റെ അടുത്തേക്കായിരിക്കാം. സ്‌നേഹയോഗ്യയല്ലെന്ന് വിശ്വസിച്ച് മാറ്റി നിര്‍ത്തിയിരിക്കുന്ന ഭാര്യയുടെ അടുത്തേക്കായിരിക്കാം. ഡിസ്‌പോസിബിള്‍ സംസ്‌കാരത്തില്‍പെട്ട് ഉപേക്ഷിച്ചു പുറംതള്ളിയ മാതാപിതാക്കന്മാരുടെ അടുത്തേക്കായിരിക്കാം. ബഹുമാനിക്കാനും വിധേയപ്പെടാനും കഴിയാത്ത മേലുദ്യോഗസ്ഥന്റെയോ അധികാരികളുടെയോ അടുത്തേക്കാകാം. നാംതന്നെ പുറത്താക്കിയ മക്കളുടെ അടുത്തേക്കാവാം. മാത്സര്യപൂര്‍വം ഉപേക്ഷിച്ചു പുറംതള്ളിയ സഭയുടെ കൂട്ടായ്മകളിലേക്കാവാം. എവിടെയുമാകട്ടെ, തിരികെ ചെല്ലാന്‍ കര്‍ത്താവ് കല്പിക്കുന്നുണ്ടോയെന്ന് തിരിച്ചറിയുക.
വചനം നമ്മളോട് കല്പിക്കുന്നതെന്താണെന്ന് നമുക്ക് ശ്രവിക്കാം. ”കൈചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസിലുറപ്പിക്കുക. ഇസ്രായേല്‍ കന്യകേ മടങ്ങിവരിക. നിന്റെയീ നഗരങ്ങളിലേക്ക് ഓടിയെത്തുക. അവിശ്വസ്തയായ മകളേ നീ എത്രനാള്‍ അലഞ്ഞുതിരിയും; കര്‍ത്താവ് ഭൂമിയില്‍ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു” (ജറെമിയ 31/21-22). വീണ്ടും അവിടുന്ന് ഇപ്രകാരം നമ്മോട് അരുളിചെയ്യുന്നു. ”വഴിക്കവലകളില്‍നിന്നു ശ്രദ്ധിച്ചു നോക്കുക. പഴയ പാതകള്‍ അന്വേഷിക്കുക. നേരായ മാര്‍ഗം തേടി അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും” (ജറെമിയ 6/16). ഈ ലേഖനത്തിലൂടെ കര്‍ത്താവിന്റെ ആത്മാവ് നമ്മോട് ചോദിക്കുന്നു. ”ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അതു തിരിച്ചറിയാനുള്ള സുബോധം ലഭിക്കാനും തിരുത്തേണ്ടതു തിരുത്തുവാനുമുള്ള ധീരത ലഭിക്കാന്‍വേണ്ടി നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. അപ്പോള്‍ നാം സാമാധാനത്തിന്റെ തീരത്തിലെത്തിച്ചേരും. ‘ആവേ മരിയ’
സ്റ്റെല്ല ബെന്നി