വിശുദ്ധിയില്‍ വളരാന്‍… – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധിയില്‍ വളരാന്‍…

ഓരോരുത്തരും സ്വന്തം വികാരങ്ങളും ഭാവനകളുമനുസരിച്ച് ഭക്തിയെയും ആത്മീയതയെയും ചിത്രീകരിക്കുന്നു. എന്നാല്‍ ഭക്തി, വിശുദ്ധി, ആത്മീയപൂര്‍ണത തുടങ്ങിയവ അടങ്ങിയിരിക്കുന്നത് ബാഹ്യമായ ഭക്തകൃത്യങ്ങളുടെ അനുഷ്ഠാനത്തിലല്ല, സ്‌നേഹത്തിലും നീതിയിലും രൂപാന്തരപ്പെട്ട ഹൃദയത്തിലാണ്. യഥാര്‍ത്ഥ ഭക്തി ആധ്യാത്മികാഭ്യാസങ്ങളുടെ കാര്യമല്ല; നമ്മുടെ ജീവിതം മുഴുവന്‍ ക്രിസ്തുവിന്റെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരലാണ്, ദൈവഹിതം നിറവേറ്റലാണത്. ഹൃദയം ദൈവത്തിലുറപ്പിച്ചുകൊണ്ട് ദൈവത്തോട് ആലോചന ചെയ്ത്, അവിടുത്തെ ഹിതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് ആത്മീയത.

വിശുദ്ധ ത്രേസ്യ പറയുന്നു: ”തന്നെ ശുശ്രൂഷിക്കാന്‍ തീരുമാനിച്ച ഒരാത്മാവില്‍നിന്ന് ദൈവം ആഗ്രഹിക്കുന്നത് ഒരേയൊരു കാര്യമാണ്: ദൈവഹിതത്തിനു വിധേയപ്പെട്ടുള്ള അനുസരണം.”
വിശുദ്ധ ജോണ്‍ 23-ാം പാപ്പയുടെ ആത്മീയദര്‍ശനം ശ്രദ്ധിക്കുക: ”ഞാനാരാണ്? ഒന്നുമല്ല; എന്താണ് എന്റെ നാമം? ആഭിജാത്യമുള്ള വിശേഷണങ്ങള്‍ ഏവ? എനിക്കൊന്നുമില്ല. ഞാനൊരു ദാസനാണ്. അതിനപ്പുറം ഒന്നുമല്ല… അതുകൊണ്ട് എന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി, എന്റെ സന്തോഷങ്ങള്‍ക്കുവേണ്ടി ഞാനൊരു നിമിഷംപോലും ചെലവഴിക്കില്ല. ദൈവഹിതത്തിനു വിരുദ്ധമായി ഞാനെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഞാനൊരു കള്ളനില്‍നിന്നും ഒട്ടും ഭേദമല്ല. കാരണം ഞാന്‍ അവിശ്വസ്തനായ ജോലിക്കാരനാവുകയാണ്… എന്റെ മുഴുവന്‍ ജീവിതവും കൊണ്ട് ദൈവമേ, ഞാന്‍ നിന്നെ അറിയട്ടെ, നിന്നെ സ്‌നേഹിക്കട്ടെ, നിന്നെ സേവിക്കട്ടെ.”
ക്രിസ്ത്വാനുകരണം ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഉപദേശിക്കുന്നു: ”അങ്ങ് വേണമെന്നും വേണ്ടെന്നും വയ്ക്കുന്നത് ഞാനും എപ്പോഴും വേണമെന്നും വേണ്ടെന്നും വയ്ക്കട്ടെ. മറിച്ച് ആഗ്രഹിക്കാന്‍ എനിക്ക് കഴിവ് ഇല്ലാതാക്കുക.”
നിര്‍ബന്ധമായും പഠിക്കേണ്ടത്

വിശുദ്ധ ജോണ്‍ 23-ാം പാപ്പ വീണ്ടും പറയുന്നു: ”ഒന്നുമാത്രം കര്‍ത്താവിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഇതാ ഞാന്‍. എല്ലാ ദുഃഖവും അപമാനവും വേദനയും ഞാന്‍ സ്വീകരിക്കുന്നു. എല്ലാ സഹനങ്ങളും എന്റെ ആത്മാവിനെ ശുദ്ധീകരിക്കാനായി ഞാന്‍ സ്വീകരിക്കുന്നു. ചെറിയ രീതിയില്‍ പോലും പ്രതികരിക്കാതെ.” തുടര്‍ന്ന് പാപ്പ നമ്മെ ഉപദേശിക്കുന്നു: ”ക്രിസ്തുവില്‍നിന്ന് നാം നിര്‍ബന്ധമായും പഠിക്കേണ്ടത് പരാതിപ്പെടരുത് എന്നാണ്.”
ദൈവഹിതത്തിനായി സ്‌നേഹത്തില്‍ സമര്‍പ്പണം ചെയ്യുന്ന ആത്മാവ് രക്തം ചിന്തുന്നില്ലെങ്കിലും ഹൃദയത്തില്‍ രക്തസാക്ഷിത്വം സ്വീകരിക്കുന്നു. സ്വന്തം ഹിതങ്ങള്‍ മരിക്കാതെ ദൈവഹിതം പൂര്‍ണതയില്‍ നിറവേറ്റാനാവില്ല. ദൈവതിരുമനസ്സ് നിറവേറ്റുക എന്നത് അരൂപിയിലുള്ള ക്രൂശിക്കപ്പെടല്‍തന്നെയാണ്. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നമുക്ക് ഹിതമോ അഹിതമോ എന്തുതന്നെ വന്നാലും ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങിക്കൊണ്ട് ‘ഇതാ ഞാന്‍’ എന്നു പറയുന്ന ആത്മാവിനുമാത്രമേ ബലിയാത്മാവിന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയൂ. പരിശുദ്ധ കന്യകാമറിയം പ്രത്യുത്തരിച്ചതും അപ്രകാരമായിരുന്നല്ലോ: ”ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എന്നില്‍ ഭവിക്കട്ടെ.”

പുണ്യപ്രവൃത്തിക്കുമുമ്പ്
ഒരു ആത്മീയപ്രവൃത്തി ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍പ്പോലും അതിലേക്ക് പൊടുന്നനെ എടുത്തുചാടരുത്. ദൈവഹിതമാണോ എന്ന് പരിശോധിച്ചശേഷം മാത്രം അതിലേക്ക് പോവുക. ആത്മീയപ്രവൃത്തികള്‍ ചെയ്യുമ്പോഴുള്ള സന്തോഷത്തെക്കാള്‍ ദൈവഹിതം നിറവേറ്റാനുള്ള ആഗ്രഹമായിരിക്കണം നമുക്കുണ്ടായിരിക്കേണ്ടത്.
ദൈവം ആഗ്രഹിക്കുന്നവ നാം അഭിലഷിച്ചാല്‍ മാത്രം പോരാ. പിന്നെയോ, അവിടുന്ന് ആഗ്രഹിക്കുന്നതുപോലെയും അവിടുന്ന് ആഗ്രഹിക്കുമ്പോഴും അവിടുന്ന് ആഗ്രഹിക്കുന്ന ലക്ഷ്യത്തിനുവേണ്ടിയും നാം ആഗ്രഹിക്കണം. ദൈവം ആഗ്രഹിക്കുന്നു എന്ന കാരണത്താല്‍, ദൈവം മഹത്വപ്പെടണം എന്ന ലക്ഷ്യത്താല്‍, ദൈവത്തെ പ്രസാദിപ്പിക്കണം എന്ന ആഗ്രഹത്താല്‍ നാം പ്രവര്‍ത്തിക്കുന്നവയാണ് ദൈവഹിതം നിറവേറ്റല്‍.

വിശുദ്ധ ഫൗസ്റ്റീന പറയുന്നു: ”ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ് പുണ്യപൂര്‍ണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത്. വിശുദ്ധിയിലുള്ള പക്വത ദൈവേഷ്ടത്തിന്റെ സംപൂര്‍ണ നിറവേറ്റലാണ്.” 1937 ഫെബ്രുവരി 7ന് ഈശോയുടെ സ്വരം ഫൗസ്റ്റീന കേട്ടു: ”നിന്നില്‍നിന്നു ഞാന്‍ പരിപൂര്‍ണ ദഹനബലി, മനസ്സിന്റെ ബലി ആവശ്യപ്പെടുന്നു. ഇതിനോട് തുലനം ചെയ്യാന്‍ മറ്റൊരു ബലിക്കും സാധിക്കില്ല. നീ എനിക്ക് നിരന്തര ദഹനബലിയാകേണ്ടതിന് ഞാന്‍ തന്നെ നിന്റെ ജീവിതത്തെ നിയന്ത്രിക്കുകയും എല്ലാം ക്രമീകരിക്കുകയും ചെയ്യും.”
3 കാര്യങ്ങള്‍

ദൈവഹിതം നിറവേറ്റലില്‍ ഒരാത്മാവ് വളരുന്നതിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, ദൈവഹിതത്തോട് നമ്മുടെ ഹിതം ചേര്‍ത്തുവെക്കാന്‍ ആത്മാവ് നടത്തുന്ന പരിശ്രമത്തിന്റെ ഘട്ടമാണ്. ഇവിടെ രണ്ടു ഹിതങ്ങളുമുണ്ട്: ദൈവഹിതവും നമ്മുടെ ഹിതവും. രണ്ടാം ഘട്ടത്തില്‍, ദൈവഹിതത്തിന് നമ്മുടെ ഹിതം അടിയറവു വയ്ക്കുകയാണ്. അപ്പോഴും നമ്മുടെ ഹിതം അവശേഷിക്കുന്നു, പക്ഷേ ദൈവഹിതം തിരിച്ചറിയുമ്പോള്‍ നമ്മുടെ ഹിതത്തെ സമര്‍പ്പിക്കുകയാണ്. മൂന്നാം ഘട്ടമാണ് സംപൂര്‍ണ ദൈവഹിതം നിറവേറ്റലിന്റെ ഘട്ടം. അവിടെ മനുഷ്യാത്മാവിന്റെ ഹിതങ്ങള്‍ ഇല്ലാതാവുന്നു. ദൈവഹിതം മാത്രം നിലനില്‍ക്കുന്നു. ബലിജീവിതത്തിന്റെ പൂര്‍ണത ഇപ്രകാരം ദൈവഹിതം മനുഷ്യാത്മാവിന്റെ ഹിതമായിത്തീരുന്നതാണ്. അല്‍ഫോന്‍സ് ലിഗോരി പഠിപ്പിക്കുന്നു: ”ദൈവഹിതത്തോട് നമ്മുടെ ഹിതം ചേര്‍ത്തുവയ്ക്കലല്ല പൂര്‍ണത, മറിച്ച്, ദൈവം ഹിതമാകുന്നതുമാത്രം നാം ഇച്ഛിക്കുക എന്നതാണ്.” വിശുദ്ധാത്മാക്കള്‍ ഈ മൂന്നാം ഘട്ടത്തില്‍ എത്തിച്ചേര്‍ന്നവരാണ്. അവര്‍ക്ക് തങ്ങളുടേതായ ഇച്ഛകള്‍ ഇല്ലാതായി, ദൈവേഷ്ടം മാത്രമായി അവരുടെ ഏക ഇഷ്ടം.

എളുപ്പമാര്‍ഗങ്ങള്‍
ദൈവതിരുമനസ്സിന് വിധേയപ്പെടുന്നതിന്റെ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞുതരുന്നു.
*ബാഹ്യമായ കാര്യങ്ങളില്‍ ദൈവേച്ഛയുമായി ഐക്യപ്പെടുക. ചൂട്, തണുപ്പ്, മഴ, വെയില്‍ എന്നിവ മാറിമാറി വരുമ്പോള്‍ ദൈവഹിതത്തിന് വിട്ടുകൊടുത്ത് നന്ദിപറയുക.
*വ്യക്തിപരമായ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുമ്പോഴും ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. വിശപ്പ്, ദാഹം, യാത്രാക്ലേശം, സല്‍പ്പേര് നശിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സമര്‍പ്പണം ശീലിക്കുക.
*പ്രകൃത്യായുള്ള നമ്മുടെ പോരായ്മകള്‍, ബലഹീനതകള്‍, കഴിവുകുറവുകള്‍ എന്നിവയും ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. അതുപോലെതന്നെ, നല്‍കപ്പെട്ടവയില്‍ സംതൃപ്തിയടയുകയും ചെയ്യുക. മെച്ചപ്പെട്ട ആരോഗ്യവും മെച്ചപ്പെട്ട സമ്പത്തും കഴിവുകളും നമ്മെ വിശുദ്ധരാക്കും എന്നതിന് ഉറപ്പൊന്നുമില്ല. എത്രയോ ആളുകള്‍ വിശപ്പും പട്ടിണിയും രോഗവും കഴിവുകുറവുമെല്ലാം വിശുദ്ധിക്ക് സഹായകമാക്കിയിരിക്കുന്നു!
*മരണത്തെക്കുറിച്ചുപോലും എങ്ങനെ മരിക്കണം, എപ്പോള്‍ മരിക്കണം എന്നു തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായാല്‍ ”ദൈവഹിതംപോലെയാകട്ടെ” എന്ന് സമര്‍പ്പണം ചെയ്യുക.
*ജീവിതാവസ്ഥയെ സംബന്ധിച്ചും ദൈവഹിതം നിറവേറ്റണം. ഒരു സന്യാസിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വിശുദ്ധനാകാമായിരുന്നു, ഒരാശ്രമത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ തപസ്സ് പരിശീലിക്കുമായിരുന്നു എന്നിങ്ങനെ പറയാതിരിക്കട്ടെ. സ്വര്‍ഗത്തിലെ സെറാഫുകളോടൊപ്പമായിരിക്കാന്‍ നമുക്കാഗ്രഹിക്കാം. എങ്കില്‍ത്തന്നെയും അതും ദൈവമഹത്വത്തിനും അവിടുത്തെ ഉപരി സ്‌നേഹിക്കുന്നതിനും വേണ്ടിയായിരിക്കണം. നമ്മുടെ മഹത്വമായിരിക്കരുത് ലക്ഷ്യം, ”ദൈവഹിതം അതായിരിക്കുന്നു” എന്നതിനാലായിരിക്കണം.
*നമ്മുടെ കാര്യത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും ദൈവതിരുമനസ്സ് നിറവേറാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു കിട്ടാന്‍ മല്‍പ്പിടിത്തം നടത്തരുത്. അവ അവരുടെ ആത്മനാശത്തിനിടയാക്കിയേക്കാം.

നാം ഇങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്: ”അങ്ങേക്ക് ഇഷ്ടമുള്ളത് അങ്ങേക്ക് ഇഷ്ടമുള്ളിടത്തോളം അങ്ങേക്ക് ഇഷ്ടമുള്ളപ്പോള്‍ തരിക. അങ്ങേ ദിവ്യജ്ഞാനത്തിനനുസൃതമായി, അങ്ങേക്ക് ഇഷ്ടമുള്ളതുപോലെയും അങ്ങയുടെ മഹിമയ്ക്ക് പര്യാപ്തമായതുപോലെയും എന്നോട് പെരുമാറുക. അങ്ങേക്ക് ഇഷ്ടമുള്ളിടത്ത് എന്നെ നിയമിച്ചാക്കുക. എല്ലാ കാര്യങ്ങളിലും അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നോട് പെരുമാറുക. ഞാന്‍ അങ്ങയുടെ കൈകളിലാകുന്നു: അങ്ങ് ഇഷ്ടമുള്ള വഴിക്ക് എന്നെ തിരിക്കുക.”

ഫാ. ജയിംസ് കിളിയനാനിക്കല്‍