പുതുവര്‍ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

പുതുവര്‍ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥന

വിശുദ്ധ ഫൗസ്റ്റീന സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്നതിനുമുമ്പുള്ള സന്യാസപരിശീലനം അഥവാ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്ന ദിവസം. അന്ന് വിശുദ്ധ ഒരു സവിശേഷമായ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന പുതുവര്‍ഷാരംഭത്തിനും ഏറെ അനുയോജ്യമാണ്. നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്നതോടെ ഫൗസ്റ്റീന സന്യാസിനിയാവുകയാണെങ്കിലും അവള്‍ ഈശോയോട് പറയുന്നത് ഇനിയുള്ള കാലമെല്ലാം താന്‍ സന്യാസാര്‍ത്ഥിനിയായി അങ്ങയുടെ നൊവിഷ്യേറ്റില്‍ പ്രവേശിക്കുകയാണെന്നാണ്. അവസാനദിനം വരെയും ഈശോ തന്റെ ഗുരുവായിരിക്കും എന്നും ഫൗസ്റ്റീന പറയുന്നു.

പ്രാര്‍ത്ഥന തുടരുന്നത് ഇങ്ങനെയാണ്, ”ദിനവും അങ്ങേ തൃപ്പാദത്തിലിരുന്ന് അങ്ങയുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കും. എന്റെ ഗുരുവായ അങ്ങയോട് ആലോചിക്കാതെ ഞാന്‍ സ്വയമേവ ഒന്നും ചെയ്യുകയില്ല…. നൊവിഷ്യേറ്റിലെ ആദ്യകാലങ്ങളിലെന്നപോലെ പൂര്‍ണതയ്ക്കായി ഞാന്‍ പരിശ്രമിക്കണം.

ഓ ഈശോനാഥാ, എന്റെ ഗുരുവേ, ഒരു കൊച്ചുകുഞ്ഞിന്റെ ലാളിത്യത്തോടും ആശ്രയബോധത്തോടുംകൂടി ഞാന്‍ ഇന്ന് എന്നെ അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിനെ നയിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം ഞാന്‍ അങ്ങേക്ക് നല്കുന്നു. അങ്ങയുടെ ഹിതപ്രകാരം എന്നെ നയിക്കണമേ. ഞാന്‍ ചോദ്യം ചെയ്യുകയില്ല. അങ്ങയെ ആശ്രയിച്ച് ഞാന്‍ ജീവിച്ചുകൊള്ളാം. അങ്ങേ കരുണാര്‍ദ്രഹൃദയത്തിന് എല്ലാം സാധ്യമാണ്.”

ഈ വാക്കുകള്‍ ഈ പുതുവര്‍ഷാരംഭത്തില്‍ നമുക്കും ഈശോയോട് പറയാം. അവിടുന്ന് പറയുന്നത് കേള്‍ക്കാനായി അവിടുത്തെ തൃപ്പാദത്തിലിരിക്കാം. അവിടുത്തെ ഹിതപ്രകാരം നാം നയിക്കപ്പെടട്ടെ.