പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് ഇനിയും വിമുക്തമാകാത്ത മാനവരാശി പ്രാര്‍ത്ഥനയോടെയാണ്, ഏറെ പ്രത്യാശയോടെയാണ് വരുംവര്‍ഷത്തെ വരവേല്‍ക്കുന്നത്.
സാമൂഹ്യജീവിയാണെങ്കിലും സ്വാര്‍ത്ഥതയുടെ തേരില്‍ ചരിച്ച് എല്ലാം വെട്ടിപ്പിടിക്കുവാനും സ്വന്തമാക്കുവാനുമായി നെട്ടോട്ടമോടിയ മനുഷ്യന്, അരക്ഷിതാവസ്ഥയും നിസഹായതയും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിന്ന 2020 നല്‍കിയ പുതിയ പാഠങ്ങള്‍ പുതുവര്‍ഷത്തെ കൂടുതല്‍ പ്രശോഭിതമാക്കുവാന്‍ സഹായിക്കുന്നതാണ്. ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു കുഞ്ഞുവൈറസ് നല്‍കിയ ഉള്‍ക്കാഴ്ചകളും ഏറെയാണ്. ഇന്നലെവരെ ഉണ്ടായിരുന്ന ജീവിതശൈലിയും ക്രമങ്ങളും കാഴ്ചപ്പാടുകളും ഇനി മാറ്റണം എന്നതാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മനുഷ്യന്‍ സ്വീകരിച്ച ആയുധം. മനുഷ്യായുസിലെ ഓരോ ദിനവും കൂടുതല്‍ പ്രകാശിക്കുന്നത് ഇങ്ങനെയൊരു മാറ്റം സ്വജീവിതത്തില്‍ സ്വീകരിക്കുമ്പോഴാണ്, നന്മയിലേക്കുള്ള, അടുത്തു നില്ക്കുന്ന സഹജന്റെ ആവശ്യമറിയുന്ന ശ്രദ്ധയിലേക്കുള്ള, സഹാനുഭൂതിയിലേക്കുള്ള, ഹൃദയവിശാലമായ ഒരു വളര്‍ച്ച കൈവരുമ്പോഴാണ്.
സാര്‍വസാഹോദര്യത്തിലേക്കുള്ള, നല്ല സമരിയാക്കാരനെപ്പോലെ എല്ലാവരുടെയും നല്ല അയല്‍ക്കാരായി തീരുവാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തെക്കുറിച്ച് ഇവിടെ അനുസ്മരിക്കുന്നത് നല്ലതാണ്. ലോകത്തിന്റെ വേദനകള്‍ക്കുമുന്നില്‍ നിസംഗരായി കടന്നുപോകുന്ന വഴിയാത്രക്കാരാകാതെ, മുറിവേറ്റ അപരിചിതനുവേണ്ടി സ്വന്തം പദ്ധതികള്‍ മാറ്റിവച്ച്, സമയം ചെലവഴിച്ച്, സ്വകരങ്ങളാല്‍ അവനെ ശുശ്രൂഷിച്ച്, സ്വന്തം പോക്കറ്റില്‍നിന്ന് അവനായി ചെലവഴിച്ച നല്ല സമരിയാക്കാരനെപ്പോലെ നല്ല അയല്‍ക്കാരായി വര്‍ത്തിക്കുന്നതിനുള്ള ധാരാളം അവസരങ്ങള്‍ അനുദിനവും നമുക്ക് മുന്നിലുണ്ട്. നമ്മുടെ നിരവധി സഹോദരങ്ങളുടെ വേദനകളുടെയും മുറിവുകളുടെയും മുന്നില്‍ നമുക്കുള്ള ഏകമാര്‍ഗം നല്ല സമരിയാക്കാരനാവുകയാണ്. പാപ്പ പറയുന്നതുപോലെ മറ്റേതൊരു തെരഞ്ഞെടുപ്പും നമ്മെ കൊള്ളക്കാരുടെയും മുറിവേറ്റവനെ വഴിയിലുപേക്ഷിച്ച് കടന്നുപോകുന്ന കഠിനഹൃദയരുടെയും ഭാഗത്ത് നിര്‍ത്തും. അകലങ്ങള്‍ സൃഷ്ടിക്കുന്ന കക്ഷിമാത്സര്യങ്ങളില്‍ പങ്കുചേരാതെ, അപരന്റെ ബലഹീനതകളെ സ്വന്തമായി കാണുന്ന, വീണവനെ സമീപിച്ച് അവനെ എഴുന്നേല്‍പ്പിക്കുന്ന, അവന് ആവശ്യമായത് നല്കുന്ന വ്യക്തികളാലാണ് ആരോഗ്യമുള്ള ഒരു സമൂഹം പടുത്തുയര്‍ത്തപ്പെടുന്നത്. അങ്ങനെയുള്ള ഒരു സമൂഹത്തില്‍, വ്യക്തികളുടെ ഹൃദയങ്ങളില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂക്കള്‍ വിടരും. അതിന്റെ സുഗന്ധം സത്ക്കര്‍മങ്ങളിലൂടെ ലോകം മുഴുവന്‍ വ്യാപിക്കും.
നേട്ടങ്ങളില്‍ അഹങ്കരിക്കാത്ത, പരാജയങ്ങളിലും പ്രതിസന്ധികളിലും പതറാത്ത, അടുത്തുനില്ക്കുന്നവനെ സഹോദരനായി കാണുന്ന, നല്കുന്നതില്‍ സന്തോഷിക്കുന്ന, തെറ്റു ചെയ്തവനോട് ക്ഷമിക്കുന്ന, ഒരു ഹൃദയത്തിന് ലോകം മുഴുവന്‍ കീഴടക്കുവാന്‍ കഴിയും. കാരണം അവന്‍ ക്രിസ്തുവിലാണ് ചരിക്കുന്നത്. ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ് (2 കൊറിന്തോസ് 5/17). ആഗോളവത്ക്കരണം കമ്പോളവത്ക്കരണമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ പശ്ചാത്തലത്തില്‍ എല്ലാറ്റിനെയും സ്‌നേഹത്താല്‍ നവീകരിക്കുന്ന, പ്രത്യാശയുടെ ദൂതരാകുവാനുള്ള നമ്മുടെ വിളി ജീവിച്ചുകൊണ്ട് 2021-ാം ആണ്ടിനെ നമുക്ക് കൂടുതല്‍ ഹൃദ്യമാക്കാം. പുതുവത്സരത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍, ദൈവാനുഗ്രഹങ്ങള്‍!
“സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്തായി 5/12)
ഫാ. ചാക്കോ ബര്‍ണാര്‍ഡ് സി.ആര്‍