പാപപ്പൊറുതി, ഇപ്പോള്‍ നിന്റെ കൈകളിലാണ് ! – Shalom Times Shalom Times |
Welcome to Shalom Times

പാപപ്പൊറുതി, ഇപ്പോള്‍ നിന്റെ കൈകളിലാണ് !

പറഞ്ഞുകേട്ട ഒരു കഥയാണിത്. ആളുകളുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണിച്ചുകൊടുക്കുന്ന ജഞാനിയായ ഗുരു ഒരിടത്തുണ്ടായിരുന്നു. ഗുരുവിന്റെ ജനസമ്മതിയില്‍ അസൂയ പൂണ്ട അദ്ദേഹത്തിന്റെതന്നെ ഒരു ശിഷ്യന്‍, ഒരു ദിവസം അദ്ദേഹത്തെ പരീക്ഷിക്കാനായി ഒരു കുഞ്ഞിക്കിളിയെ കൈയില്‍ ചുരുട്ടിപ്പിടിച്ചിട്ട് ചോദിച്ചു, ”ഈ കിളിക്ക് ജീവനുണ്ടോ?”
ഗുരു ഒരു നിമിഷം ആലോചിച്ചു. ഉണ്ടെന്ന് പറഞ്ഞാല്‍, മുഷ്ടിയൊന്ന് മുറുക്കുകയേ വേണ്ടൂ, കിളി ചാകാന്‍. ചത്ത കിളിയെ തുറന്ന് കാട്ടും.
ഇനി ജീവനില്ലെന്ന് പറഞ്ഞാലോ, കൈ തുറന്ന് ജീവനുള്ള കിളി പറക്കുന്നത് കാണിച്ചുതരും. രണ്ടായാലും ഗുരുവിന്റെ പരാജയമെന്നേ മറ്റുള്ളവര്‍ കരുതൂ.
ഗുരു ആലോചിച്ചിട്ട് ഇങ്ങനെ ഉത്തരം പറഞ്ഞു: ”ഈ കിളിയുടെ ജീവനിപ്പോള്‍ നിന്റെ കൈയിലാണ്!”
ഉത്തരം കേട്ട് ‘കിളിപോയ’ ശിഷ്യന്‍ അവസാനം ഗുരുവിനോട് മാപ്പ് പറഞ്ഞു, തന്റെ അഹം നിറഞ്ഞ പ്രവൃത്തിയെ ഓര്‍ത്ത്.

പരിശുദ്ധാത്മാവിനെതിരായ പാപം ക്ഷമിക്കപ്പെടുകയില്ലെന്ന് സുവിശേഷത്തില്‍ ഈശോ ഓര്‍മ്മപ്പെടുത്തുമ്പോള്‍, മേല്‍പ്പറഞ്ഞ ഗുരുവിന്റെ ഉത്തരത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാം.
പരമ കാരുണ്യവാനായ ദൈവം പൊറുക്കാന്‍ സാധ്യതയില്ലാത്ത പാപമുണ്ടോ? എത്ര വലിയ പാപിയാണെങ്കിലും, അവന്റെ പാപകാഠിന്യത്തിനും മേലെയായി, അവന് പൊറുതി ലഭിക്കാന്‍ അവകാശമുണ്ടെന്ന് വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ നമുക്ക് വെളിപ്പെടുത്തി തന്നിട്ടുള്ളതാണ്.

അങ്ങനെയെങ്കില്‍ എന്താണ് പൊറുതി കിട്ടാത്ത പാപം?
ഗുരുവിന്റെ ഉത്തരം കടമെടുക്കാം: ഈശോയിലൂടെ ലഭിക്കുന്ന പാപപ്പൊറുതി, ഇപ്പോള്‍ നിന്റെ കൈകളിലാണ്! ‘എനിക്ക് പാപപ്പൊറുതി വേണ്ടെ’ന്ന് വച്ച്, കൈ ഒന്ന് ഇറുക്കിയാല്‍ അതവിടെ ഇല്ലാതാവും. ദൈവം വച്ച് നീട്ടുന്ന കരുണയോട് ‘നോ’ പറഞ്ഞാല്‍ എങ്ങനെ കരുണ സ്വീകരിക്കും? ഇനി വേണമെന്ന് വച്ച് കൈ തുറന്നാലോ, ദൈവകരുണയില്‍ നിറഞ്ഞ് ജീവനുള്ളവനായി മാറാം.

”ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവന് ലഭിക്കും” (പ്രഭാഷകന്‍ 15/17).
അന്ത്യവിധിയില്‍ നിര്‍ണായകമാകുന്നത്, ദൈവകരുണയോട് ഞാന്‍ എങ്ങനെ പ്രത്യുത്തരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വഴി എനിക്ക് സൗജന്യമായി ലഭിക്കുന്ന കൃപ വേണ്ടെന്ന് പറയുന്നതാണ് പാപം.
പ്രാര്‍ത്ഥിക്കാം,
ദൈവമേ, സ്വാതന്ത്ര്യം ശരിയായി ഉപയോഗിക്കാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക് നല്കണമേ.

ഫാ. ജോസഫ് അലക്‌സ്