അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് ! – Shalom Times Shalom Times |
Welcome to Shalom Times

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

 

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ ഉണ്ട്. അത് ഒരാഴ്ചയ്ക്കകം സര്‍ജറി ചെയ്യണം. ചെയ്താലും രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണ്. ഡോക്ടര്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ സ്ത്രീ അത് തന്റെ കൂട്ടുകാരിയോട് പങ്കുവച്ചപ്പോള്‍ അവര്‍ ഈ സ്ത്രീയെ ധ്യാനത്തിന് വരാന്‍ പ്രേരിപ്പിച്ചു.

”സര്‍ജറി ചെയ്താലും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നിരിക്കേ ധ്യാനത്തില്‍ പങ്കെടുത്തുനോക്കിയാലോ? അതുകഴിഞ്ഞാലുടന്‍ സര്‍ജറി ചെയ്യാം,” ഇതായിരുന്നു കൂട്ടുകാരിയുടെ ഉപദേശം. അതുപ്രകാരം ഈ സ്ത്രീ ധ്യാനത്തിനെത്തിയിരിക്കുകയാണ്. വചനശുശ്രൂഷകള്‍ തുടരവേ ക്ഷമയെക്കുറിച്ചുള്ള സന്ദേശം പങ്കുവച്ചു. ”അയല്‍ക്കാരനോട് പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍നിന്ന് കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലുള്ളവനോട് കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ? മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആര്‍ പരിഹാരം ചെയ്യും?” (പ്രഭാഷകന്‍ 28/3-5). ഈ വചനങ്ങള്‍ അവിടെയെങ്ങും മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുമ്പോള്‍ ആ സ്ത്രീ വല്ലാതെ അസ്വസ്ഥയാവുന്നത് കണ്ടു. എന്തായാലും ആ ശുശ്രൂഷ കഴിഞ്ഞു. അവര്‍ക്ക് വളരെ ആശ്വാസം ലഭിച്ചതായി അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അതിന്റെ കാരണം അവര്‍ തുടര്‍ന്ന് പങ്കുവച്ചു. അവര്‍ക്ക് ഒരു വ്യക്തിയോട് അടങ്ങാത്ത പകയുണ്ടായിരുന്നു. കാരണം അയാള്‍ അവരുടെ സഹോദരനെ കൊന്നതാണ്. അയാളോട് ക്ഷമിക്കുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്ഷമയെക്കുറിച്ചുള്ള ദൈവികസന്ദേശം കേട്ടതോടെ അവര്‍ ആ വ്യക്തിയോട് ക്ഷമിക്കാന്‍ തീരുമാനിച്ചു. അത് ഏറ്റുപറഞ്ഞ് നല്ല കുമ്പസാരം നടത്തി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടത്. എന്തായാലും ധ്യാനം കഴിഞ്ഞ് അവര്‍ മടങ്ങി.

പിന്നീട് അവര്‍ തിരികെവന്നത് വലിയൊരു സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ്. ഉദരത്തിലെ മുഴ സര്‍ജറി ചെയ്യാനായി ഡോക്ടറെ സമീപിച്ചപ്പോള്‍ സര്‍ജറിക്ക് മുന്നോടിയായി സ്‌കാന്‍ ചെയ്തു. അപ്പോഴാണ് അത്ഭുതത്തെക്കുറിച്ച് അറിഞ്ഞത്. ഉദരത്തിലെ മുഴ കാണാനില്ല, സൗഖ്യപ്പെട്ടിരിക്കുന്നു. സര്‍ജറിയുടെയോ മറ്റ് ചികിത്സകളുടെയോ ആവശ്യമേയില്ല! മുമ്പത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ക്ക് അതിലേറെ ആശ്ചര്യം! ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോള്‍ ഈ സ്ത്രീ ഇങ്ങനെ മറുപടി നല്കി, ”എനിക്കൊരു ഡോക്ടറുണ്ട്. അദ്ദേഹം എല്ലാ ഡോക്ടര്‍മാരുടെയും ഡോക്ടറാണ്!”

അവരുടെ സാക്ഷ്യം കേട്ടവര്‍ക്കെല്ലാം ക്ഷമ കൊണ്ടുവരുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച് ആഴമേറിയ ബോധ്യങ്ങള്‍ ലഭിക്കുകയായിരുന്നു. ഈശോ പഠിപ്പിക്കുന്നു, ”മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല” (മത്തായി 6/14-15).

”ക്ഷമയ്ക്ക് അറുതി കല്പിക്കരുത്. അതിന്റെ പ്രമാണം എന്നും എവിടെയും ഏവരോടും എന്നതാണ്.”
(വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്‌)

 

ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി.