ജപമാലപ്രാര്‍ത്ഥന ഏറെ ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറത്തിറക്കിയ റൊസാരിയം വിര്‍ജിനിസ് മരിയെ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍, സഭയില്‍ ജപമാലയുടെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ അത് ക്രമമായി സമര്‍പ്പിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം ലഭ്യമാണെന്ന് പറയുന്നുണ്ട്. ദണ്ഡവിമോചനവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ മാനുവലില്‍ ഇപ്രകാരം പറയുന്നു: സത്യസന്ധമായ ആവശ്യങ്ങള്‍ക്കുവേണ്ടി വിശ്വാസികള്‍ ദൈവാലയത്തിലോ കുടുംബങ്ങളിലോ ക്രൈസ്തവ കൂട്ടായ്മയിലോ ഒരുമിച്ചൂ കൂടി ഭക്തിപൂര്‍വം ജപമാല ചൊല്ലിയാല്‍ അവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും. മാര്‍പാപ്പ ചൊല്ലുന്ന ജപമാലയില്‍ നേരിട്ടോ, മാധ്യമങ്ങള്‍ വഴിയോ പങ്കെടുക്കുന്നവര്‍ക്കും ഇതേ ആനുകൂല്യം ലഭ്യമാകും. മറ്റവസരങ്ങളില്‍ ഭാഗിക ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ഇപ്രകാരം ദണ്ഡവിമോചനം സ്വീകരിക്കാന്‍ അനുവാദമുള്ളൂ. ദണ്ഡവിമോചനത്തിനുള്ള പൊതുനിബന്ധനകളായ വിശുദ്ധ കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പയുടെ നിയോഗത്തിനായുള്ള പ്രാര്‍ത്ഥന എന്നിവ ഇവിടെയും പാലിക്കേണ്ടതാണ്.