ആദ്ധ്യാത്മിക ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആഗ്രഹിക്കുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഏറെ വേദനയോടെ പങ്കുവച്ചു: ”എനിക്കൊരിക്കലും വിശുദ്ധജീവിതം സാധ്യമാകുമെന്ന് തോന്നുന്നില്ല. എന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ ലജ്ജ തോന്നുന്നു. പാപങ്ങളും സ്വഭാവത്തിന്റെ വികലതകളുമെല്ലാംകൂടെ എന്റെ ആത്മാവ് ആകെ വികൃതമാണ്. അദ്ധ്വാനങ്ങളെല്ലാം വിഫലമാകുന്നതല്ലാതെ പുണ്യത്തില്‍ തെല്ലും പുരോഗമനമില്ല. ഈശോ മടുത്ത് എന്നെ ഇട്ടിട്ടുപോകുമെന്നാണ് എനിക്കു തോന്നുന്നത്.”
”മണ്ടത്തരം പറയരുത്, വജ്രം ചേറ്റില്‍ വീണാലും ആരെങ്കിലും ഉപേക്ഷിച്ചുപോകുമോ?” കര്‍ത്താവിന്റേതായിരുന്നു ആ കനത്ത ശബ്ദം. അവിടുന്ന് തുടര്‍ന്നു, വജ്രം പോകുന്ന വഴി പറഞ്ഞുകൊടുക്കുക. ഇദ്ദേഹം ആ വഴിയിലാണ്. അവിടുന്ന് നിര്‍ദേശിച്ചതുപോലെ ചെയ്തപ്പോള്‍ അദേഹം പ്രത്യാശയും ആര്‍ജവത്വവുമുള്ളവനായി.
ആദ്ധ്യാത്മികജീവിത യാത്രയില്‍ ഏതൊരു വ്യക്തിയും കടന്നുപോകുന്ന യാഥാര്‍ത്ഥ്യമാണിത്. പ്രാര്‍ത്ഥിച്ചിട്ടും അദ്ധ്വാനിച്ചിട്ടും വിശുദ്ധിയില്‍ പുരോഗമിക്കാന്‍ കഴിയാതെ വരിക. ചെറിയൊരു തെറ്റുപോലും ചെയ്ത് ദൈവത്തെ വേദനിപ്പിക്കില്ലെന്ന് വാക്കുകൊടുത്താലും തോറ്റുതോറ്റു മടുക്കുക. അങ്ങനെയുള്ളവര്‍ക്ക് കര്‍ത്താവ് നല്കുന്ന നിര്‍ദേശമാണിത്.
എന്താണ് വജ്രത്തിന്റെ വഴി? അസംസ്‌കൃത വജ്രക്കല്ലുകള്‍ കാഴ്ചയില്‍ സാധാരണ കല്ലുപോലെയിരിക്കും. നാം കാണാറുള്ള വജ്രങ്ങള്‍പ്പോലെ ശോഭയോ തിളക്കമോ ഒന്നുമില്ല. എന്നാല്‍ വിദഗ്ധര്‍ക്ക് കാണുമ്പോള്‍തന്നെ തിരിച്ചറിയാന്‍ സാധിക്കും. അവര്‍ ആദ്യം അത് വൃത്തിയാക്കും. ശ്രമകരമായ ജോലിയാണത്. വര്‍ഷങ്ങളായി മണ്ണിലും കല്ലുകള്‍ക്കിടയിലും മാലിന്യങ്ങളിലും കാലാവസ്ഥാവ്യതിയാനങ്ങളിലും അകപ്പെട്ടുപോകുന്നതിനാല്‍ കറയും ക്ഷതങ്ങളും നിറഭേദങ്ങളും സംഭവിച്ചേക്കാം. ചില വസ്തുക്കള്‍ വജ്രക്കല്ലുകളോട് പറ്റിച്ചേര്‍ന്ന്, അതിന്റെ ഭാഗമായി പരിണമിച്ചിട്ടുമുണ്ടണ്ടണ്ടാകാം.അവയെല്ലാം നീക്കം ചെയ്യണമെങ്കില്‍ കഠിനവും ദൈര്‍ഘ്യമേറിയതുമായ ശുദ്ധീകരണപ്രക്രിയകളിലൂടെ വജ്രക്കല്ലുകള്‍ കടന്നുപോകേണ്ടിവരും.
ശുദ്ധീകരണം പൂര്‍ത്തിയായാലും വൈരൂപ്യങ്ങള്‍ നീക്കി, രൂപഭംഗി വരുത്തണം. ശ്രദ്ധപതറാതെ ചെയ്യണം അതും. തിളക്കവും മനോഹാരിതയും ശോഭയും ലഭിക്കണമെങ്കില്‍ പോളിഷിങ്ങും കളറിങ്ങുമെല്ലാം അപ്രകാരംതന്നെ അതിസൂക്ഷ്മതയോടെ സമയമെടുത്ത് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലെല്ലാം ഒട്ടനവധി പ്രക്രിയകളിലൂടെ കടന്നുപോയാല്‍ മാത്രമേ വെട്ടിത്തിളങ്ങുന്ന വജ്രമായി അവ രൂപപ്പെടുകയുള്ളൂ. കൂടുതല്‍ ക്ലേശകരവും ദീര്‍ഘവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെട്ട്, അതിശോഭ നേടുന്ന വജ്രങ്ങള്‍ക്ക് ഡിമാന്റും വിലയും കൂടുകയും ചെയ്യും.
വജ്രത്തെക്കാള്‍ എത്രയോ വിലയുറ്റവരാണ് നാം! ദൈവം അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച, അവിടുത്തെ സ്വന്തം മക്കള്‍! പാപം നമ്മിലെ ദൈവിക തേജസും രൂപവും നഷ്ടമാക്കിയെന്നാലും സ്വന്തം മക്കളെ ഉപേക്ഷിക്കാന്‍ അവിടുത്തേക്ക് കഴിയില്ല. കുഞ്ഞുങ്ങള്‍ എത്ര അറപ്പുളവാക്കുന്ന മാലിന്യക്കുഴിയില്‍ പൂണ്ടുപോയാലും മാതാപിതാക്കള്‍ അവരെ കോരിയെടുത്ത് നെഞ്ചോടണയ്ക്കില്ലേ? ദൈവപിതാവിന്റെ നെഞ്ചില്‍ നിന്നും പാപച്ചേറില്‍ ചാടിയ നമ്മെ വാരിപ്പുണര്‍ന്ന് ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്താനാണ് ദൈവം മനുഷ്യനായത്. വാഴ്ത്തപ്പെട്ട ഫുള്‍ട്ടന്‍ ജെ.ഷീന്‍ പറയുന്നു: ”ദൈവം മനുഷ്യനായത് മനുഷ്യരെ നല്ല മനുഷ്യരാക്കാനല്ല; മനുഷ്യനെ ദൈവമാക്കാനാണ്.” മനുഷ്യനെ ദൈവമാക്കാന്‍ വചനമായ ദൈവം മനുഷ്യനായി. അതാണല്ലോ ക്രിസ്മസ്. ”ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ, അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു” എന്ന് ഈശോ, യോഹന്നാന്‍ 10/35ല്‍ പറയുന്നു.
ആത്മാക്കളുടെ വിശുദ്ധീകരണവും രൂപീകരണവും വളരെപ്പെട്ടെന്നു സംഭവിക്കുന്ന ഒന്നല്ല. ഒട്ടനവധി പ്രക്രിയകളിലൂടെ സാവധാനമേ അത് സംഭവിക്കുകയുള്ളൂ. ക്രിസ്തുവിന്റെ പരിപൂര്‍ണതയിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുന്ന അതിസൂക്ഷ്മവും ക്ലേശപൂര്‍ണവും സുദീര്‍ഘവുമായ അവിടുത്തെ മാര്‍ഗങ്ങള്‍ക്ക് നമുക്ക് ക്ഷമാപൂര്‍വം വിധേയപ്പെടാം. ‘അപ്പോള്‍ നാം അവിടുത്തെപ്പോലെയാകും’ (1 യോഹന്നാന്‍ 3/3); ക്രിസ്മസ് നമ്മില്‍ ഫലവത്താവുകയും ചെയ്യും. അങ്ങനെ ദൈവപുത്രനോടൊപ്പം ഈ ക്രിസ്മസ് ആഘോഷിക്കാം.
ഏവര്‍ക്കും തിരുപ്പിറവിയുടെ ആനന്ദം ആശംസിക്കുന്നു… ഹാപ്പി ക്രിസ്മസ്.. !!