മാളൂസീയുടെ ചിരി പറഞ്ഞത്‌ – Shalom Times Shalom Times |
Welcome to Shalom Times

മാളൂസീയുടെ ചിരി പറഞ്ഞത്‌

”ഐ ആം മാളൂസീ ഫ്രം ആഫ്രിക്ക.”
തലയുയര്‍ത്തി നോക്കിയപ്പോള്‍ ഷേക്ക് ഹാന്‍ഡിനു വേണ്ടി നീട്ടിയൊരു കൈ. കയ്യിലിരുന്ന കാപ്പിക്കപ്പ് ടേബിളില്‍ വച്ചിട്ട് നേരെ നീട്ടിയ കൈയിലേക്ക് കൈകൊടുത്തു ഞാനും പറഞ്ഞു, ”ഐ ആം റിന്റോ ഫ്രം ഇന്ത്യ.”

നാട്ടില്‍നിന്ന് തലേന്ന് രാത്രി റോമില്‍ വന്നിറങ്ങിയതേയുള്ളൂ. പിറ്റേന്ന് രാവിലത്തെ ചായകുടിയ്ക്കിടയിലാണ് പുതിയ സൗഹൃദത്തിന്റെ കരങ്ങള്‍ നീണ്ടു വന്നത്. പരിചയപ്പെട്ടു. ചിരികൊണ്ട് സൗഹൃദം തീര്‍ക്കുന്ന ആഫ്രിക്കക്കാരന്‍; അങ്ങനെയാണ് തോന്നിയത്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിഞ്ഞിട്ടും കുറച്ചേറെ നീണ്ടു ആ സംസാരം. വല്ലാതങ്ങ് അത്ഭുതപ്പെടുത്തി ആ ജീവിതം. ആറോളം വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് പോവുകയാണ് അദ്ദേഹം. ‘അതിന്റെ ഇടയില്‍ നാട്ടിലേക്ക് പോയിട്ടില്ലേ’ എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം തെല്ല് അമ്പരപ്പിച്ചു.

”വീട്ടുകാര്‍ക്ക് ഞാനൊരു ധൂര്‍ത്തപുത്രനാണ്.” കാരണം ചോദിച്ചപ്പോള്‍ ചുരുളഴിഞ്ഞത് ചങ്കൂറ്റത്തിന്റെയും വിശ്വാസത്തിന്റെയും ജീവിതകഥയായിരുന്നു… പ്രൊട്ടസ്റ്റന്റ് സഭയുടെ തീവ്രനേതാക്കളായ അപ്പനുമമ്മയും. ക്രിസ്തുവിനെക്കുറിച്ചൊക്കെ അവരുടെ കുഞ്ഞ് പ്രസംഗിക്കുന്നത് കണ്ടപ്പോള്‍ അവര്‍ സ്വപ്‌നം കണ്ടത് ഒരു വലിയ പ്രൊട്ടസ്റ്റന്റ് നേതാവിനെ. പക്ഷേ ജീവിതം 180 ഡിഗ്രി തിരിച്ചു വിട്ടത് അവന്റെ സ്‌കൂള്‍ ജീവിതമാണ്. സ്‌കൂള്‍ നടത്തുന്ന കന്യാസ്ത്രീയമ്മമാര്‍ക്ക് എന്ത് തരംതിരിവ്. എല്ലാ കുട്ടികളോടും ഈശോയെക്കുറിച്ചും പരിശുദ്ധ അമ്മയെക്കുറിച്ചും പഠിപ്പിച്ച കൂട്ടത്തില്‍ ഈ കുട്ടിയും പെട്ടു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് അവന്‍ പറഞ്ഞു, ”എനിക്ക് മാമോദീസ സ്വീകരിക്കണം!”

ഞെട്ടലുകളുടെ ആരംഭംമാത്രമായിരുന്നു അത്. സ്വാഭാവികമായുണ്ടായ എതിര്‍പ്പുകള്‍… എല്ലാം മറികടന്ന് ആ വര്‍ഷത്തെ നവംബര്‍ രണ്ടിന് മാമോദീസ. അവന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”മരിച്ചവരുടെ ദിവസത്തില്‍ ജനിച്ച ഞാന്‍!”
ഉടനെ അടുത്തതിനുള്ള പോരാട്ടം. ‘സെമിനാരിയില്‍ ചേരണം. വൈദികനാവണം.’ എളുപ്പമല്ലായിരുന്നു അത്. പക്ഷേ ലക്ഷ്യത്തോട് ഒരുപാട് സ്‌നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ ലോകംപോലും നിങ്ങള്‍ക്ക് കൂട്ടുവരുമെന്നത് അവന്റെ കാര്യത്തിലും സത്യമായി. ഏറെ ആശിച്ച സെമിനാരി പ്രവേശനം… പക്ഷേ കഠിനമായിരുന്നു തുടര്‍ന്നുള്ള നാളുകള്‍. അതിനെയെല്ലാം അതിജീവിച്ച് അവസാനം ആ പാവനമായ ഉടുപ്പിടാന്‍ സാധിച്ചു. പിന്നീട് പട്ടം കിട്ടുന്നതിന് മുന്‍പായുള്ള തിയോളജി പഠനത്തിന് വന്നതാണ് റോമിലേക്ക്… പട്ടം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് കൊല്ലമാവുന്നു.

നിര്‍ത്താതെ പെയ്ത ആ സംസാരത്തിന് എന്റെ ഒരു സംശയം തടസ്സമിട്ടു, ”അപ്പോള്‍ പട്ടം റോമിലായിരുന്നോ?”
ചിരിച്ചുകൊണ്ടുതന്നെ മറുപടി കിട്ടി, ”അതെ.”
”അപ്പോള്‍ അപ്പനും അമ്മയും? അവര്‍ വന്നിരുന്നോ പട്ടത്തിന്??”
ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ഉള്ളില്‍ ഒരുപാട് കരയിപ്പിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പുള്ളതായിരുന്നു അതിന് കിട്ടിയ ഉത്തരം, ”അവര്‍ വന്നില്ല. പട്ടത്തിന് അവരുണ്ടാവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് ഞാനൊരു ധൂര്‍ത്തപുത്രനാണത്രേ. ഈ ചെളിക്കുണ്ടില്‍നിന്നും വേഗം തിരിച്ചു വരുന്നതും നോക്കിയിരിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്.”’
പെട്ടെന്ന് ചിന്തകള്‍ പോയത് നാട്ടിലെ പട്ടത്തിന്റെ ഓര്‍മ്മകളിലേക്കാണ്. കണ്ടുനില്‍ക്കുന്നവരുടെ പോലും കണ്ണുകള്‍ നിറയുന്ന ആ രംഗം. അപ്പനും അമ്മയും മകന്റെ തലയില്‍ കൈവച്ച് ആശീര്‍വാദവും നല്‍കി ആ മകനെ അള്‍ത്താരയിലേക്ക് കൊണ്ടുവിടുന്ന ചടങ്ങ്.

”’നാളെ ഞാന്‍ ആറേഴ് വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ധൂര്‍ത്തപുത്രന്‍!” മാളൂസിയുടെ വാക്കുകള്‍ നാട്ടിലെ ചിന്തകളില്‍നിന്നും തട്ടിയുണര്‍ത്തി.
”’നാളെ നേരെ വീട്ടിലേക്കാണോ പോകുന്നത്?” ആകാംക്ഷകൊണ്ട് അറിയാതെ ചോദിച്ചു പോയതാണ്. പിന്നീടാണ് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയത്.
”ബൈബിളിലെ ധൂര്‍ത്തപുത്രന്‍ ഇറങ്ങിപ്പോയത് എല്ലാം നശിപ്പിക്കാനായിരുന്നു. പക്ഷേ ഈ മകന്‍ നേടിയിട്ടാണ് തിരിച്ചെത്തിയതെന്ന് അവര്‍ തിരിച്ചറിയുന്നൊരു ദിവസം വരും…” സംസാരിച്ചുകഴിഞ്ഞപ്പോഴും ശുഭപ്രതീക്ഷയുടെ ചിരിയുണ്ടായിരുന്നു ചുണ്ടില്‍… അതങ്ങനെ മായാതെ നില്‍ക്കട്ടെ.

ഇനിയും ഈ ഭൂമിക്കാവശ്യമുണ്ട് ക്രിസ്തുവിനെപ്രതി ഇറങ്ങുന്ന ചില ജീവിതങ്ങളെ….
”ദൈവമായ കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്‍മാരെ രക്ഷയുടെ അങ്കി അണിയിക്കണമേ! അങ്ങയുടെ വിശുദ്ധന്‍മാര്‍ അങ്ങയുടെ നന്മയില്‍ സന്തോഷിക്കാന്‍ ഇടയാക്കണമേ!” (2 ദിനവൃത്താന്തം 6/41)

ഫാ. റിന്റോ പയ്യപ്പിള്ളി
ഇരിങ്ങാലക്കുട രൂപതാവൈദികനായ ഫാ. റിന്റോ റോമില്‍നിന്ന് ചര്‍ച്ച് കമ്മ്യൂണിക്കേഷനില്‍ ലൈസന്‍ഷിയേറ്റ് നേടിയിട്ടുണ്ട്. ഇപ്പോള്‍ മാരാംകോട് ഇടവകവികാരിയായി ശുശ്രൂഷ ചെയ്യുന്നു.