കുപ്രസിദ്ധരായ മൂന്ന് കൊള്ളക്കാരുടെ വാസസ്ഥലമായിരുന്നു അന്ന് മോന്തകസാലോ ഗ്രാമപ്രദേശം. അവിടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ ഒരു ആശ്രമമുണ്ട്. ഒരു ദിവസം ബ്രദര്‍ ആഞ്ചലോ ആശ്രമത്തില്‍ തനിയെയായിരുന്ന സമയത്ത് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം. തുറന്ന് നോക്കിയപ്പോള്‍ അതാ മൂന്ന് കൊള്ളക്കാര്‍ മുമ്പില്‍. തങ്ങള്‍ക്കാവശ്യമായ ഭക്ഷണം നല്‍കണമെന്ന് അവര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. എന്നാല്‍ അവരുടെ ക്രൂരതകളെക്കുറിച്ച് നല്ലവണ്ണം അറിഞ്ഞിരുന്ന അദ്ദേഹം അവരെ നിശിതമായി ശാസിച്ച് മടക്കിയയച്ചു.
കൊള്ളക്കാര്‍ ദേഷ്യത്തോടെ മടങ്ങി. ഈ സമയത്താണ് ആശ്രമത്തിലേക്ക് ഫ്രാന്‍സിസ് പിതാവിന്റെ വരവ്. ഏതാനും സഹോദരന്മാരും കൂടെയുണ്ട്. അന്ന് യാചിച്ചുകിട്ടിയ ഒരു സഞ്ചി റൊട്ടിയും ഒരു ഭരണിയില്‍ കുറെ വീഞ്ഞും അവര്‍ മേശമേല്‍ വച്ചു.
കൊള്ളക്കാരെ ആട്ടിയോടിച്ച കാര്യം ഗൗരവമായി ആഞ്ചലോ ഫ്രാന്‍സിസിനോടു പറഞ്ഞു. അതുകേട്ട ഫ്രാന്‍സിസ് ആഞ്ചലോയെ ശാസിക്കുകയാണ് ചെയ്തത്. ”ക്രൂരമായി ശാസിച്ചുകൊണ്ടും നിന്ദിച്ചുകൊണ്ടുമല്ല ഇത്തരക്കാരെ നന്മയിലേക്ക് നയിക്കുന്നത്. നീതിമാന്മാരെക്കാള്‍ പാപികളെ പശ്ചാത്താപത്തിലേക്ക് വിളിക്കാനല്ലേ ദിവ്യഗുരു മാതൃക കാട്ടിയത്. അവിടുന്ന് പാപികളോടൊപ്പം ഭക്ഷണം കഴിച്ചു. അറിയാമല്ലോ? താങ്കള്‍ കര്‍ത്താവിന്റെ മാതൃകക്കെതിരായും സ്‌നേഹത്തിനെതിരായും പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഉടന്‍തന്നെ അനുസരണത്തിന്‍കീഴില്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യുക.
ഈ റൊട്ടിയും വീഞ്ഞും എടുക്കൂ. കൊള്ളക്കാരെ തേടി കണ്ടെത്തണം. എനിക്കുവേണ്ടി ഈ റൊട്ടിയും വീഞ്ഞും അവര്‍ക്കു നല്‍കുക. പിന്നെ, അവരുടെ മുമ്പില്‍ മുട്ടുമടക്കി എളിമയോടെ വണങ്ങുകയും ക്രൂരമായി ശാസിച്ചതിന് മാപ്പപേക്ഷിക്കുകയും ചെയ്യണം. എന്റെ പേരില്‍ ഈ ഉപദേശംകൂടി പറയാന്‍ മറക്കരുത്. കൊള്ളക്കാര്‍ അവരുടെ തിന്മപ്രവൃത്തികള്‍ ഉപേക്ഷിച്ച് ദൈവഭയത്തോടെ ജീവിക്കണം. സഹജീവികളെ ഉപദ്രവിക്കാതെ സ്‌നേഹത്തില്‍ വളരുക. അവര്‍ ഈ ഉപദേശം സ്വീകരിച്ചാല്‍ അവരുടെ ഭക്ഷണപാനീയങ്ങള്‍ തുടര്‍ന്ന് നമ്മള്‍ കൊടുക്കുന്നതാണ്. അവരോട് ഇക്കാര്യം താഴ്മയോടുകൂടി പറഞ്ഞശേഷം മടങ്ങിവരൂ.”
ബ്രദര്‍ ആഞ്ചലോ, പിതാവിന്റെ ഇഷ്ടം അനുസരിച്ച് റൊട്ടിയും വീഞ്ഞുമായി പുറപ്പെട്ടു. ഈ സമയം കൊള്ളക്കാരുടെ മാനസാന്തരത്തിനുവേണ്ടി ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
മലകളും താഴ്‌വരകളും താണ്ടി ബ്രദര്‍ ആഞ്ജലോ കൊള്ളക്കാരുടെ മുമ്പിലെത്തി. അവര്‍ക്ക് റൊട്ടിയും വീഞ്ഞും കൊടുത്തശേഷം ഫ്രാന്‍സിസ് നിര്‍ദേശിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. അവരോട് മാപ്പപേക്ഷിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കൊള്ളക്കാരില്‍ മാനസാന്തരത്തിന്റെ അടയാളങ്ങള്‍! അതായിരുന്നു അവര്‍ക്ക് ഹൃദയത്തില്‍ രക്ഷകന്‍ പിറന്ന ക്രിസ്മസ് ദിനം. അധികം വൈകാതെ അവര്‍ പൂര്‍ണമായി മനസുതിരിഞ്ഞ് ആശ്രമാംഗങ്ങളായി മാറുകയും പില്ക്കാലത്ത് വിശുദ്ധജീവിതം നയിക്കുകയും ചെയ്തു.