കാറ്റ് പ്രതികൂലമോ? ഭയപ്പെടേണ്ട! – Shalom Times Shalom Times |
Welcome to Shalom Times

കാറ്റ് പ്രതികൂലമോ? ഭയപ്പെടേണ്ട!

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യേശു തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരക്കു പോകാന്‍ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു പറഞ്ഞയക്കുന്ന ഒരു രംഗമുണ്ട് (മത്തായി 14/22). അപ്പം വര്‍ധിപ്പിച്ച് അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റിയതിനുശേഷമായിരുന്നു ആ സംഭവം. യേശുവാകട്ടെ മലയിലേക്കു പിന്‍വാങ്ങി അവിടെ ഏകാന്തതയില്‍ തന്റെ പിതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
യേശുവിന്റെ വാക്കുകേട്ട് യാത്ര തിരിച്ച ശിഷ്യന്മാരുടെ കടലിലെ അവസ്ഥ വളരെ പ്രതികൂലമായിരുന്നു. വഞ്ചിയാകട്ടെ യേശു നിന്നിരുന്ന കരയില്‍നിന്നും വളരെ ദൂരെയും. കാറ്റിനെ സര്‍വശക്തിയോടും കൂടെ അതിജീവിച്ച് മുന്നോട്ടുപോയെങ്കിലും അവരാകെ തളര്‍ന്നുപോയി. ഒരുപക്ഷേ ഈ പ്രതികൂലത്തിന്റെ ചുഴിയില്‍പെട്ട് അവര്‍ ചിന്തിച്ചിട്ടുണ്ടാകാം യേശുവിനെ കൂടാതെയുള്ള ഈ യാത്ര ദൈവഹിതംതന്നെ ആയിരുന്നോ എന്ന്. എന്നാല്‍ രാത്രിയുടെ നാലാം യാമത്തില്‍ യേശു കടലിനുമീതെ നടന്ന് അവരുടെ അടുത്തെത്തി. അവരുടെ ഭയപ്പാടില്‍ യേശുവിനെ കണ്ട് അവര്‍ക്ക് തോന്നിയത് അത് ഭൂതമാണെന്നാണ്. അവര്‍ ഭയപ്പെട്ടു വിളിച്ചുകൂവി ”അതാ ഭൂതം, അതാ ഭൂതം.” ദൈവമേ, രക്ഷിക്കണേ. ഇതിന്റെ അര്‍ത്ഥമെന്താണ്.

തീര്‍ച്ചയായും അവര്‍ വിശ്വസിച്ചിരിക്കണം ഈ വഞ്ചിയാത്ര പിശാചിന്റെ പദ്ധതിയായിരുന്നുവെന്ന്. അതുകൊണ്ടാണ് അവര്‍ ഭൂതം എന്നു പറഞ്ഞ് അലറി വിളിച്ചത്. പക്ഷേ യേശു അവരോടു പറഞ്ഞു. ധൈര്യമായിരിക്കുവിന്‍, ഇതു ഞാനാണ്. ഭയപ്പെടേണ്ട. അപ്പോള്‍ ശെമയോന്‍ പത്രോസ് അവനോടു പറഞ്ഞു ”കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനു മീതെകൂടി വരാന്‍ കല്പിക്കുക.” ”വരൂ” അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളില്‍ കൂടി യേശുവിന്റെ അടുത്തേക്കു നടന്നു. എന്നാല്‍ കാറ്റ് ആഞ്ഞടിക്കുന്നതുകൊണ്ട് അവന്‍ വീണ്ടും ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു, ”കര്‍ത്താവേ രക്ഷിക്കണേ.” ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു ”അല്പവിശ്വാസി, നീ സംശയിച്ചതെന്തിന്?” അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയില്‍ ഉണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ടു പറഞ്ഞു, സത്യമായും നീ ദൈവപുത്രനാണ്. അങ്ങനെ ആ യാത്ര അത്ഭുതകരമായ ഒരു ദൈവാനുഭവമായി മാറി.

കാറ്റ് പ്രതികൂലമോ?
നിങ്ങളുടെ ജീവിതയാത്രയില്‍ ഇപ്പോള്‍ കാറ്റു പ്രതികൂലമാണോ? ആഞ്ഞടിക്കുന്ന കാറ്റില്‍ വഞ്ചി തുഴഞ്ഞ് തളര്‍ന്നവശരായി നിങ്ങളും ചിന്തിച്ചിട്ടുണ്ടാകാം ഈ യാത്ര ദൈവഹിതംതന്നെ ആയിരുന്നോ എന്ന്. ഒരുപക്ഷേ പിശാചിന്റെ തട്ടിപ്പോ സാത്താന്റെ പദ്ധതിയോ ആയിരുന്നോ ഈ യാത്രയെന്ന് നിങ്ങളും സംശയിച്ചിട്ടുണ്ടാകാം. കൂടെവരാതെ തനിച്ചു തങ്ങളെ നടുക്കടലിലേക്കു പറഞ്ഞുവിട്ട യേശുവിനെ നിങ്ങള്‍ പഴി ചാരിയിട്ടുണ്ടാകാം. എന്നാല്‍, തക്കസമയത്ത് അവിടുന്ന് നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായി ഇടപെടും. അതൊരുപക്ഷേ രാത്രിയുടെ നാലാം യാമത്തിലോ അതിനുമുമ്പോ പിമ്പോ ഒക്കെയായിരിക്കാം. പക്ഷേ അവന്‍ വരും വരാതിരിക്കില്ല, തീര്‍ച്ച.

ഇതൊരു തെറ്റായ ധാരണ
പൊതുവേ വിശ്വാസികളുടെ ലോകത്തിനൊരു തെറ്റിദ്ധാരണയുണ്ട്. കര്‍ത്താവിന്റെ വാക്കുകേട്ട് പുറപ്പെട്ടാല്‍ എല്ലാം എപ്പോഴും ‘ഒകെ’ ആയിരിക്കും എന്ന്. പ്രശ്‌നങ്ങളും പ്രതികൂലങ്ങളും ഉണ്ടാവുകയില്ല എന്നും ഇവര്‍ കരുതുന്നു. അതു ശരിയല്ല. കര്‍ത്താവിന്റെ വാക്കുകേട്ട് ഇറങ്ങി പുറപ്പെട്ട എല്ലാവരുടെയും ജീവിതത്തില്‍ പ്രതികൂലങ്ങളുടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടുണ്ട്. കര്‍ത്താവായ യേശുവിന്റെ ജീവിതത്തിലും അങ്ങനെതന്നെ. യേശുവിന്റെ പരസ്യജീവിതത്തിലെ ആദ്യ പ്രതിസന്ധി സ്വന്ത ജനത്തിന്റെയും സ്വന്തം നാട്ടുകാരുടെയും തിരസ്‌കരണമായിരുന്നു. ”അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല” (യോഹന്നാന്‍ 1/11) എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇതായിരുന്നു തന്റെ പരസ്യജീവിതത്തില്‍ യേശു നേരിട്ട ആദ്യത്തെ പ്രതികൂലകാറ്റ്. അവരുടെ അവിശ്വാസം നിമിത്തം അവന് അവിടെ അതായത് സ്വന്തജനത്തിന്റെ ഇടയില്‍ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല എന്ന് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (മത്തായി 13/53-58).

സ്വന്തപ്പെട്ടവരാല്‍ പുറത്താക്കപ്പെട്ടവരായിരിക്കാം നിങ്ങള്‍; ബന്ധുജനങ്ങളാലും സ്വന്തനാട്ടിലും അവഗണിക്കപ്പെട്ടവനായിരിക്കാം നിങ്ങള്‍. നിന്റെ ചുറ്റുപാടുമുള്ളവര്‍ നിനക്ക് യാതൊരു വിലയും തരുന്നില്ലായിരിക്കാം. മനസു തളര്‍ന്നുപോകരുത്. ഈ പ്രതികൂല കാറ്റ് യേശുവിന്റെ ശുശ്രൂഷാജീവിതത്തിലും ഇടയ്ക്കിടയ്ക്ക് ആഞ്ഞുവീശിയിരുന്നു. പക്ഷേ അവിടുന്ന് തകര്‍ന്നുപോയില്ല. അവനെ സ്വീകരിക്കുന്നവരുടെ വലിയൊരു നിര അവന്റെ പരസ്യജീവിതത്തില്‍ ദൈവപിതാവ് ഒരുക്കിക്കൊടുത്തു. ”തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവ് നല്കി” (യോഹന്നാന്‍ 1/12). ഇങ്ങനെ നോക്കിയാല്‍ തികഞ്ഞ പ്രതികൂലങ്ങളുടെ നടുവിലായിരുന്നു യേശുവിന്റെ പരസ്യജീവിതം.

പ്രിയ സുവിശേഷ വേലക്കാരാ, കുടുംബജീവിതക്കാരാ, സന്യസ്താ, സ്വന്തപ്പെട്ടവരും ചുറ്റുമുള്ളവരും മാനിച്ചില്ലെങ്കിലും നിന്നെ മാനിച്ചുയര്‍ത്തുന്ന ഒരു ദൈവം, കര്‍ത്താവായ യേശു നിന്റെ കൂടെയുണ്ട്. ”അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്”’ (1 പത്രോസ് 5/6). 24 മണിക്കൂറും തനിക്കെതിരായി കൊലക്കെണി ഒരുക്കി കാത്തിരുന്ന പുരോഹിത പ്രമുഖന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയരുടെയും തന്നെ എതിര്‍ത്ത അവിശ്വാസികളുടെയും നടുവിലായിരുന്നു യേശുവിന്റെ ശുശ്രൂഷാജീവിതം. പക്ഷേ യേശു അവരൊരുക്കിയ പ്രതികൂല തരംഗങ്ങളില്‍ അടി പതറി വീഴാതെ വിജയകരമായി തന്റെ സുവിശേഷയാത്ര പൂര്‍ത്തിയാക്കി.

യൗസേഫും മറിയവും
ക്രിസ്മസിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന നാളുകളിലാണല്ലോ നാമിപ്പോള്‍ ആയിരിക്കുന്നത്. നമുക്കൊരു ക്രിസ്മസ് സമ്മാനിക്കുവാന്‍വേണ്ടി യൗസേഫും മറിയവും പിന്നിട്ട പ്രതികൂലങ്ങളുടെ വഴികള്‍ വളരെ ഏറെയാണ്. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ എന്ന സമ്മതവാക്ക് ദൈവത്തോട് പറഞ്ഞ നിമിഷം മുതല്‍ മറിയത്തിന്റെ ജീവിതവും യേശുവിന്റെ വളര്‍ത്തപ്പനും മറിയത്തിന്റെ അതിവിരക്ത ഭര്‍ത്താവും ആകാന്‍ നിയോഗിക്കപ്പെട്ട നിമിഷം മുതല്‍ യൗസേഫിന്റെ ജീവിതം തികഞ്ഞ പ്രതികൂലങ്ങളുടെ നടുവിലേക്കാണ് എടുത്തെറിയപ്പെട്ടത്. ലോകത്തിന്റെ രക്ഷകനെ പ്രസവിക്കാനൊരിടം തേടി നടത്തിയ പ്രതികൂലങ്ങള്‍ നിറഞ്ഞ ആ അന്വേഷണയാത്ര എത്ര വേദനാജനകമായിരുന്നു!

പ്രസവിക്കാനൊരിടം മനുഷ്യരുടെ ഇടയില്‍ അവര്‍ക്ക് കിട്ടിയില്ല എന്നതാണ് ഏറെ സങ്കടകരമായ വസ്തുത. മൃഗത്തൊഴുത്തിലാണല്ലോ അവര്‍ക്കിടം കിട്ടിയത്. അതിനുശേഷവും ലോകത്തിന്റെ രക്ഷകനായ സര്‍വശക്തനായ ദൈവപുത്രന്റെ ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി ആ ദരിദ്ര ദമ്പതികള്‍ അന്യഭാഷ സംസാരിക്കുന്നവരുടെ ഇടയിലേക്കു നടത്തിയ (ഈജിപ്തിലേക്ക്) യാതന നിറഞ്ഞ കാല്‍നടയാത്ര തികഞ്ഞ പ്രതികൂലക്കാറ്റായിരുന്നില്ലേ? ദൈവവാക്ക് കേട്ട് പുറപ്പെട്ട ദൈവപുത്രന്റെ അമ്മയ്ക്കും വളര്‍ത്തപ്പനും ഇതാണനുഭവമെങ്കില്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ അത് എത്രയധികമായിരിക്കും?!

മോശയുടെ ജീവിതത്തില്‍
പഴയനിയമത്തില്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട് നയിക്കപ്പെട്ട ഓരോ പ്രവാചകന്റെയും ജീവിതം പ്രതികൂല കാറ്റടിച്ച് പലപ്പോഴും കഷ്ടതയിലായിത്തീര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ ജനത്തെ അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്നും മോചിപ്പിച്ച് തേനും പാലും ഒഴുകുന്ന ദേശമായ കാനാന്‍ ദേശത്തിലെത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട മോശയുടെ ജീവിതം ഇതിനൊരു ഉത്തമ ഉദാഹരണമാണ്.
മോശ പിറന്നുവീണതുതന്നെ അന്നത്തെ രാജാവായ ഫറവോയുടെ കിരാതമായ ഭരണത്തിന്‍കീഴില്‍ നൈല്‍ നദിയിലെറിഞ്ഞ് കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ആണ്‍കുഞ്ഞായിട്ടാണ്.

എന്നാല്‍ ദൈവകരത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ നിമിത്തം, ഫറവോയുടെതന്നെ മകളുടെ വളര്‍ത്തുപുത്രനായി സുഭിക്ഷമായ ഭക്ഷണം കഴിച്ച് സുന്ദരമായ വസ്ത്രങ്ങളണിഞ്ഞ് വളര്‍ന്നുവരാനുള്ള ഭാഗ്യം മോശയ്ക്കുണ്ടായി. എന്നാല്‍ ഒരു യുവാവായിത്തീര്‍ന്നപ്പോള്‍ കൊട്ടാരത്തിലെ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് തന്റെ സ്വന്തജനത്തിന്റെ കഷ്ടതകളില്‍ അലിഞ്ഞുചേരാന്‍ അവന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. പക്ഷേ സ്വജനമായ ഒരു ഹെബ്രായന്‍തന്നെ മോശയോട് കയര്‍ത്തു. ” ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്?” (പുറപ്പാട് 2/14). തന്റെ ജീവന്‍ അപകടത്തിലാണെന്നു കണ്ട മോശക്ക് അവിടെനിന്നും ഓടി രക്ഷപെടേണ്ടതായി വന്നു.

മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജെത്രോയുടെ ആടുകളെ മേയിച്ചുകൊണ്ട് നടക്കുമ്പോഴാണ് ദൈവത്താല്‍ വിളിക്കപ്പെട്ടത്. ഈജിപ്തിലെ രാജാവായ ഫറവോയുടെ അടുത്തേക്കയക്കപ്പെട്ട മോശ ജന്മംമുതലേ വിക്കനായിരുന്നു. അവന്‍ ദൈവത്തോടു കേണപേക്ഷിച്ചു കര്‍ത്താവേ, എന്നെ ഒഴിവാക്കി വേറെ ആരെയെങ്കിലും അയക്കണമേ. സര്‍വശക്തനായ ദൈവത്തിന് മോശയുടെ വിക്ക് ഒരു നിമിഷംകൊണ്ട് മാറ്റിക്കൊടുക്കാമായിരുന്നു. പക്ഷേ ദൈവമതു ചെയ്തില്ല. പകരം സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്ന അഹറോനെ കൂട്ടിനായി കൊടുത്തു. അവിടെയും മോശയുടെ എളിമപ്പെടല്‍ ദൈവം ആഗ്രഹിച്ചിരുന്നിരിക്കണം. നമ്മുടെ കുറവുകള്‍ നമ്മളില്‍നിന്നും എടുത്തുമാറ്റാതെ കുറവുകളോടുകൂടിത്തന്നെ ദൈവം നിയോഗിക്കുന്ന കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കേണ്ടി വരുമ്പോള്‍ മനസിടിഞ്ഞുപോകരുത്. നമ്മെ ഇണക്കാന്‍ മറ്റെന്തെങ്കിലും സാഹചര്യങ്ങളെയോ വ്യക്തികളെയോ ദൈവം ഒരുക്കിയിട്ടുണ്ടാകും. വിക്കോടുകൂടിത്തന്നെ മോശയെ വിജയത്തിലെത്തിച്ച ദൈവം നമ്മുടെ കുറവുകളോടുകൂടിത്തന്നെ നമ്മെയും നയിക്കും. വിജയത്തിലെത്തിക്കുകയും ചെയ്യും.

ഇസ്രായേല്‍ ജനത്തെ ഫറവോയുടെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് വാഗ്ദത്ത നാട്ടിലേക്കു നയിച്ച മോശ നേരിട്ട ഏറ്റവും വലിയ പ്രതികൂലകാറ്റ് പുറമേനിന്നുള്ള ആക്രമണങ്ങളായിരുന്നില്ല. താന്‍ നയിച്ച ജനത്തിന്റെ ദൈവത്തിലുള്ള അവിശ്വാസവും മോശയോടുള്ള പിറുപിറുപ്പുമായിരുന്നു. ചെറിയൊരു പ്രതികൂലം യാത്രയില്‍ നേരിടുമ്പോഴേക്കും അവര്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ച് അവരെ മോചിപ്പിക്കുകയും വഴിനടത്തുകയും ചെയ്ത ദൈവത്തെയും അതിനുപകരണമായിത്തീര്‍ന്ന മോശയെയും അവിശ്വസിക്കുകയും അവര്‍ക്കെതിരായി കഠിനമായി പിറുപിറുക്കുകയും മത്സരബുദ്ധിയോടെ മുറവിളി കൂട്ടുകയും ചെയ്തിരുന്നു. ഒരിക്കലല്ല അനേകവട്ടം ഇതാവര്‍ത്തിച്ചു. ഇത്തരത്തില്‍ ഒരു ജനത്തെയാണ് മരുഭൂമിയില്‍ 40 വര്‍ഷക്കാലം മോശ ചുമന്നത്.

മോശ സീനായ്മലയില്‍ കര്‍ത്താവിനെ ആരാധിക്കുവാനും ദൈവകല്പനകള്‍ സ്വീകരിക്കുവാനും പോയ സമയത്ത് അവര്‍ സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു. ഈ സമയത്ത് തങ്ങളെ നയിച്ച സര്‍വശക്തനായ ദൈവത്തെ മറന്ന് സകലവിധ അഴിഞ്ഞാട്ടങ്ങളിലും അവര്‍ മുഴുകി. അതിനു ശിക്ഷയായി ദൈവം തന്റെ ജനത്തെ ഒന്നൊഴിയാതെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ മോശ കര്‍ത്താവിനോട് അവരുടെ ജീവനുവേണ്ടി കെഞ്ചിക്കൊണ്ട് ഇപ്രകാരം മധ്യസ്ഥം പറയുന്നു. ”അവിടുന്ന് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍ അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍നിന്നും എന്റെ പേര് മായിച്ചുകളഞ്ഞാലും” (പുറപ്പാട് 32/32).

ഇതായിരുന്നു മോശ. പ്രതികൂലകാറ്റുകള്‍ ഒന്നിനുപുറമേ ഒന്നായി മോശയുടെ ജീവിതത്തിന്റെമേല്‍ ആഞ്ഞടിച്ചിട്ടും മോശ ഒരിക്കലും പതറിയില്ല. ഒരിക്കല്‍പ്പോലും ദൈവത്തെ അവിശ്വസിച്ചില്ല. ഇത് ദൈവത്തിന്റെ ഹിതമായിരുന്നോ ഈ ദൈവവിളി എന്ന് സംശയിച്ചില്ല. പാറപോലെ ഉറച്ച മോശയുടെ വിശ്വാസം നമുക്ക് മാതൃകയായിരിക്കട്ടെ. അങ്ങനെയൊരു വിശ്വാസത്തിനുടമയായിത്തീരാന്‍വേണ്ടി, ഏറെ പ്രതികൂലങ്ങളുടെ അനുഭവങ്ങള്‍ നേരിട്ട യൗസേഫും മേരിയും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. ദൈവത്തിന് സ്തുതി, ആവേ മരിയ.

സ്റ്റെല്ല ബെന്നി