രാജകുമാരാ, മറക്കരുത് ! – Shalom Times Shalom Times |
Welcome to Shalom Times

രാജകുമാരാ, മറക്കരുത് !

രാജാവിന്റെ മകളുടെ സ്വയംവരമാണ്. ഒരു ആട്ടിടയയുവാവും ചടങ്ങില്‍ പങ്കുചേര്‍ന്നു. ആയോധനാഭ്യാസങ്ങളില്‍ നിപുണനായിരുന്ന അവന്‍ മത്സരങ്ങളിലെല്ലാം ഒന്നാമതെത്തി. അങ്ങനെ രാജകുമാരി അവന്റെ ഭാര്യയായി, അവന്‍ രാജകുമാരനും. പക്ഷേ കൊട്ടാരത്തില്‍ താമസമാക്കിയിട്ടും അവന്റെ ഉള്ളിലെ ആട്ടിടയച്ചെറുക്കന്‍ മാറിയില്ല. താഴ്‌വാരത്തില്‍ മേയുന്ന ആടുകളും വൃക്ഷച്ചുവട്ടിലിരുന്ന് പാടാറുള്ള ഗാനവുമൊക്കെയായിരുന്നു അവന്റെ മനസില്‍. മാര്‍ദവമേറിയ തൂവല്‍ക്കിടക്കയില്‍ കിടന്നിട്ടും ചിലപ്പോള്‍ ഉറങ്ങാനും കഴിഞ്ഞില്ല.

ആയിടെയാണ് കൊട്ടാരത്തില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ വന്നത്. അദ്ദേഹത്തിന്റെ രാഗവിസ്താരം രാജസദസില്‍ അലയടിച്ചു. അത് കേട്ടുകൊണ്ടിരുന്ന രാജകുമാരന് തന്റെ പഴയ ആട്ടിടയഗാനം ഓര്‍മ വന്നു. സംഗീതത്തില്‍ നിപുണനല്ലാത്ത അവന്‍ മറ്റൊന്നും ചിന്തിക്കാതെ ഉറക്കെ പാടി. അതോടെ സംഗീതകച്ചേരി അലങ്കോലമായി. രാജസദസില്‍ മരുമകന്‍ അപമാനിതനുമായി. മനോവിഷമത്തോടെ അവന്‍ തന്റെ മുറിയിലേക്ക് പോയി. അപ്പോള്‍ രാജകുമാരി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ”സാരമില്ല. പക്ഷേ, അങ്ങ് ഒരു രാജകുമാരനായിത്തീര്‍ന്നിരിക്കുന്നു എന്നതെപ്പോഴും ഓര്‍ക്കണം.”

അത് അവന്റെ മനസില്‍ പതിഞ്ഞു. പിന്നീടൊരി ക്കലും ഒരു രാജകുമാരന് ചേരാത്ത രീതിയില്‍ അവന്‍ പ്രവര്‍ത്തിച്ചില്ല. മാത്രവുമല്ല കരുത്തനായ ഭരണാധികാരിയായി ഉയരുകയും ചെയ്തു. പല സാഹചര്യങ്ങളിലും ദൈവത്തിന്റെ പുത്രനും പുത്രിയുമെന്ന വില മറന്നുകൊണ്ട് നാം ജീവിക്കാറുണ്ട്. അപ്പോഴെല്ലാം നമ്മുടെ ആത്മാവിന്റെ യഥാര്‍ത്ഥ തേജസിന് മങ്ങലേല്‍ക്കുന്നു. അതിനാല്‍ ദൈവമക്കള്‍ക്ക് ചേരാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. അപ്പോള്‍ നമ്മുടെ ഉന്നതസ്ഥാനത്തിനനുസരിച്ച് ജീവിക്കാന്‍ കഴിയും.

”കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും”
(1 യോഹന്നാന്‍ 3/1)