ഡിസംബര്‍ അവസാനത്തോടെ ഏറ്റവും അധികമായി പൂത്തുലഞ്ഞ് കാണപ്പെടുന്ന ‘പൊഹുത്തുകാവാ’ എന്ന മരമാണ് ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്നത്. മനം കവരുന്ന ചുവപ്പുനിറത്തിലുള്ള പൂക്കളാല്‍ മരം നിറയും. പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ക്രിസ്മസ് ട്രീ. ചുവന്ന പൂക്കളുടെ മധ്യത്തില്‍ ഏതാണ്ട് കുരിശുരൂപത്തിലുള്ള വെള്ളഭാഗവും കാണാം. ഈ സവിശേഷതനിമിത്തം ക്രൈസ്തവവിശ്വാസികള്‍ ഈ പൂക്കളെ ‘യേശുക്രിസ്തുവിന്റെ തിരുരക്തം’ എന്ന് വിളിക്കുന്നു.
എന്നാല്‍ ഈ പൂക്കള്‍ വിടരുന്നത് പീഡാനുഭവകാലത്തല്ല ക്രിസ്മസ് കാലത്താണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. മനുഷ്യവംശത്തിന്റെ പാപമോചനത്തിനായി തന്റെ രക്തം ചിന്താനാണ് രക്ഷകന്‍ ഭൂജാതനാകുന്നതെന്ന സന്ദേശം പറയാതെ പറയുകയാണ് ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ.
”യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്” (1 തിമോത്തിയോസ് 1/15).