നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” ഈ ചോദ്യം നാം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുക. അവിടുന്ന് തന്നെക്കുറിച്ച് അനുദിനം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നമുക്ക് തന്നുകൊണ്ട് നമ്മെ നിരന്തരം വഴിനടത്തും.

യേശുവിനെക്കുറിച്ച് എനിക്ക് ലഭിച്ച ഒരു പുതിയ ഉള്‍ക്കാഴ്ച നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നാലാം തിയതി വിയാനി പുണ്യവാളന്റെ തിരുനാള്‍ദിനം ഉച്ചകഴിഞ്ഞ് വത്തിക്കാന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ഒസര്‍വത്തോരെ റൊമാനോ’യുടെ ഒരു പഴയ ലക്കം ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ പരിശുദ്ധ പിതാവ് മലയിലെ പ്രസംഗത്തെക്കുറിച്ച് ഒരു വ്യാഖ്യാനം നല്കുന്ന ലേഖനമുണ്ട്. അഷ്ടസൗഭാഗ്യങ്ങളിലെ ”നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് സംതൃപ്തി ലഭിക്കും” (മത്തായി 5:6) എന്ന വചനമാണ് പിതാവ് വ്യാഖ്യാനത്തിനായി എടുത്തത്. എന്റെ കണ്ണുകള്‍ തുറപ്പിച്ച ഒരു വ്യാഖ്യാനമായിരുന്നു അത്. കാരണം ‘നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക’ എന്നു പറഞ്ഞാല്‍ ഒരു സാമാന്യ അര്‍ത്ഥമാണ് എന്റെ മനസില്‍ അതുവരെയും ഉണ്ടായിരുന്നത്. സാമൂഹ്യമായും സാമ്പത്തികമായും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദിക്കുക, അധ്വാനിക്കുക എന്നതായിരുന്നു നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വേരോട്ടമുള്ള വിമോചന ദൈവശാസ്ത്രം ഈ ചുവട് പിടിച്ചാണല്ലോ മുന്നേറുന്നത്.

നീതി എന്താണ് എന്ന ചോദ്യമാണ് ഇതുവരെ ചോദിച്ചിരുന്നതെങ്കില്‍ നീതി ആരാണ് എന്ന ചോദ്യം ചോദിക്കുവാന്‍ ഈ വ്യാഖ്യാനം ഒരുവനെ നിര്‍ബന്ധിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് പിതാവ് പറയുന്നു, നീതി കര്‍ത്താവായ യേശുക്രിസ്തുവാണ്. കൊറീന്ത്യ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കപ്പെടുന്നത്. ”ദൈവം അവനെ നമുക്ക് ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു” (1 കോറിന്തോസ് 1/30). നീതി ഒരു ആശയമല്ല, നേരേമറിച്ച് ഒരു വ്യക്തിയാണ്.

അപ്പോള്‍ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താണ്? യേശുവിനെ അറിയുവാനായി, സ്വന്തമാക്കുവാന്‍വേണ്ടി വളരെ തീവ്രമായി ആഗ്രഹിച്ചുകൊണ്ടിരിക്കുക. ഇത് ജീവിക്കുന്ന ദൈവത്തിനായുള്ള ഒരു നിരന്തര വിശപ്പാണ്, നിരന്തര അന്വേഷണമാണ്. ഏതൊരു മനുഷ്യന്റെയും ആത്മാവിന് സംതൃപ്തി ലഭിക്കണമെങ്കില്‍ യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തണം. സെന്റ് അഗസ്റ്റിന്‍ പറഞ്ഞിട്ടില്ലേ, മനുഷ്യാത്മാവ് അനുഭവിക്കുന്ന ആ അശാന്തിയെക്കുറിച്ച്? അതിന്റെ ദാഹം ശമിക്കുന്നത് ദൈവമായിട്ടുള്ള സംഗമവേളയിലാണ്. നമുക്കറിയാം ഇത് അനേകരുടെ ജീവിതസാക്ഷ്യംതന്നെയാണ്. ജീവിതത്തിന്റെ പല വഴിത്താരകളിലൂടെ അര്‍ത്ഥവും സന്തോഷവും തേടി അലഞ്ഞു നടന്നവര്‍ അനേകരാണ്. തങ്ങള്‍ തേടിയും കണ്ടെത്തിയതുമെല്ലാം തങ്ങളുടെ ദാഹം ശമിപ്പിക്കുവാന്‍ ഒട്ടുമേ കഴിവില്ലാത്ത വെറും മരീചികയാണെന്ന് തിരിച്ചറിയുമ്പോഴാണ് കൂടുതല്‍ അന്വേഷണത്തിന് അവര്‍ തയാറാവുന്നത്. അങ്ങനെ അവരുടെ ആത്മാവിന് പൂര്‍ണ സംതൃപ്തി നല്കുന്ന, പൂര്‍ണ ആനന്ദം പകരുന്ന യേശുവിനെ കണ്ടെത്തുവാന്‍ ഇടയാകുന്നു. അല്ലെങ്കില്‍ യേശുതന്നെ അവരെ അന്വേഷിച്ച് കണ്ടെത്തുന്നു.
ഇവിടെയൊരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ മനുഷ്യര്‍ക്കും സൗഭാഗ്യം ലഭിക്കുന്നില്ല. യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തുവാന്‍ വളരെ തീവ്രമായി അഭിലഷിക്കുന്നവര്‍ക്കേ അതിനുള്ള കൃപ ലഭിക്കുന്നുള്ളൂ. ഒരു മനുഷ്യന്‍ എപ്രകാരം ദൈവത്തെ തേടണമെന്നതിന്റെ ഒരു റോള്‍ മോഡല്‍ വിശുദ്ധ ഗ്രന്ഥം നല്കുന്നുണ്ട്. സങ്കീര്‍ത്തകന്റെ ദാഹമാണ് വേദപുസ്തകം നമുക്ക് മാതൃകയായി നല്കുന്നത്. ”ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 63/1). തുടര്‍ന്ന് ഒരു ഉപമയിലൂടെ എത്ര തീവ്രമായ ദാഹമാണ് ദൈവത്തെ കണ്ടെത്തുവാന്‍ ഒരു മനുഷ്യന് വേണ്ടതെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് സങ്കീര്‍ത്തകന്‍. ”ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു” (സങ്കീര്‍ത്തനം 63/1) ഉണങ്ങി വരണ്ട ഭൂമിയുടെ ഏറ്റവും വലിയ ആവശ്യം നല്ലൊരു മഴ ലഭിക്കുക എന്നതുമാത്രമാണ്. ഇതുപോലെ ദൈവത്തിന് ഒന്നാം സ്ഥാനം നല്കി അന്വേഷിക്കുക, ഏകാഗ്രമായി ദൈവത്തെമാത്രം കാത്തിരിക്കുക. അങ്ങനെയുള്ളവര്‍ക്കാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. അതിനാല്‍ ഈ കൊച്ചുപ്രാര്‍ത്ഥന ഇപ്പോള്‍ത്തന്നെ അധരങ്ങളില്‍നിന്ന് ഉയരട്ടെ : ‘കര്‍ത്താവായ യേശുവേ, ഞാന്‍ അങ്ങേക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു. എന്റെ ഉള്ളിലേക്ക് കടന്നുവരണമേ.’
യേശുവിനെക്കുറിച്ചുള്ള ഈ പുതിയ അറിവ് മറ്റൊരു മേഖലയിലേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ട്. നീതി യേശുവാണെങ്കില്‍ ഇന്ന് ലോകത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ കോടിക്കണക്കിനാണ്. അവര്‍ യേശുവിനെ അറിഞ്ഞിട്ടില്ല, കേട്ടിട്ടുപോലുമില്ല. നീതി ലഭിക്കുവാന്‍ അവര്‍ക്കും അവകാശമില്ലേ? അഫ്ഗാനിസ്ഥാന്‍ മുതല്‍ സിംബാബ്‌വേ വരെ പല ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ വിളഞ്ഞ വയലുകളെ അവഗണിക്കുവാന്‍ നമുക്ക് ആകുമോ? നാം പല കാര്യങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ യേശു പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് നമ്മെ ഭരമേല്പിച്ച കാര്യത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ? യഥാര്‍ത്ഥ ദൈവത്തെ അറിയുവാന്‍ ദാഹത്തോടെ കാത്തിരിക്കുന്ന ജനകോടികളെ യേശു മനസില്‍ കണ്ടു. അതിനാല്‍ അവിടുന്ന് ഈ ചുമതല നമുക്ക് നല്കി: ”വിളവധികം വേലക്കാരോ ചുരുക്കം. അതിനാല്‍ തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവന്‍” (മത്തായി 9/37-38). ഈ ലേഖനം വായിക്കുന്ന നമ്മളെല്ലാവരും പലവിധത്തില്‍ കെട്ടപ്പെട്ടവരാണ് – കുടുംബബന്ധങ്ങളാലും വിവിധ ജോലികളാലും. അതിനാല്‍ ഈ രാജ്യങ്ങളില്‍ നേരിട്ട് പോയി നീതിക്കുവേണ്ടി അധ്വാനിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. ഓര്‍ക്കുക, യേശു അത് നമ്മളില്‍നിന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ യേശുവിനോടുള്ള നിഷ്‌കളങ്കമായ സ്‌നേഹത്തെപ്രതി ഈ വയലുകളിലേക്കെല്ലാം അനേക സുവിശേഷ വേലക്കാരെ അയയ്ക്കുവാന്‍ പിതാവിന്റെ സന്നിധിയില്‍ തീക്ഷ്ണമായി മാധ്യസ്ഥ്യം വഹിക്കുവാന്‍ നമുക്ക് സാധിക്കുകയില്ലേ? തീര്‍ച്ചയായും. ഇക്കാര്യത്തില്‍ ഒരു സാധാരണ കന്യാസ്ത്രീ നമുക്ക് മാതൃക നല്കിയിട്ടുണ്ട്: വിശുദ്ധ കൊച്ചുത്രേസ്യ. യേശുവിനെ അസാധാരണമായ വിധത്തില്‍ സ്‌നേഹിച്ചുകൊണ്ട് തന്റെ മഠത്തിന്റെ ആവൃതിയെ ഒരു മികച്ച പ്രേഷിതാലയമാക്കി മാറ്റിയ വിശുദ്ധ. ഏറ്റവും ചെറിയ കാര്യങ്ങള്‍ യേശുവിനോടുള്ള സ്‌നേഹത്തെപ്രതി ചെയ്തുകൊണ്ട് സാധാരണക്കാരായ നമുക്കും അസാധാരണരായി മാറാം എന്നാണ് ഈ വിശുദ്ധ നമ്മെ ഓര്‍മിപ്പിക്കുന്നത്.

ഈ പ്രാര്‍ത്ഥനയ്ക്ക് ഒരു യുഗാന്ത്യമാനവുമുണ്ടെന്ന് നാം വിസ്മരിച്ചുകൂടാ. ലോകാവസാനവും ക്രിസ്തുവിന്റെ രണ്ടാം വരവും ഇതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. യേശു ഇപ്രകാരമാണ് അരുളിച്ചെയ്തത്: ”എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും” (മത്തായി 24/14). എന്നു പറഞ്ഞാല്‍ എന്താണ്? നമ്മുടെ ജോലി പൂര്‍ത്തീകരിക്കുവാന്‍ യേശു കാത്തിരിക്കുകയാണ്. ഇത് യേശുവിനെ സ്‌നേഹിക്കുന്ന ഓരോ വിശ്വാസിയുടെയും കടമയായിട്ടാണ് വിശുദ്ധ പത്രോസ് അവതരിപ്പിക്കുന്നത്. ”ആകാശം തീയില്‍ വെന്ത് നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍” (2 പത്രോസ് 3/12).
നാം സ്വകാര്യമായ പുണ്യപ്രവൃത്തികള്‍ ചെയ്ത് ജീവിച്ചാല്‍ മാത്രം പോരാ, ലോകാവസാനത്തെ ത്വരിതപ്പെടുത്തുകയും വേണം എന്നാണ് ആദ്യത്തെ മാര്‍പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്. ത്വരിതപ്പെടുത്തുക എന്നാല്‍ വേഗം കൂട്ടുക എന്നതാണല്ലോ. എങ്ങനെയാണ് അതെന്ന് വ്യക്തം. ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കപ്പെടുവാന്‍ തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നമ്മുടെ ഹൃദയത്തില്‍ ഉദിച്ച നീതിസൂര്യനായ യേശു ലോകത്തിലെ എല്ലാ ഹൃദയങ്ങളിലും ഉദിക്കട്ടെ! അതിനുള്ള കൃപയ്ക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം.

കര്‍ത്താവേ, അവിടുന്നാണ് നീതി എന്നത് ഞാന്‍ തിരിച്ചറിയുന്നു. അങ്ങേക്കായി കൂടുതല്‍ തീവ്രമായി വിശക്കുവാനും ദാഹിക്കുവാനുമുള്ള കൃപ അങ്ങയുടെ പരിശുദ്ധാത്മാവ് മുഖേന എനിക്ക് നല്കിയാലും. ഞാന്‍ മാത്രമല്ല എന്റെ കര്‍ത്താവേ, ഈ ലോകത്തിലുള്ള എന്റെ സഹജീവികളെല്ലാം അങ്ങാകുന്ന നീതി അറിയുവാനും ആ അമൂല്യനിധി സ്വന്തമാക്കുവാനും കൃപ നല്കണമേ. അങ്ങനെ ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, യേശുവാകുന്ന നീതിക്കുവേണ്ടി ഒന്നാമതായി അഭിലഷിക്കുവാനും അതിനായി അധ്വാനിക്കുവാനും കൃപ ലഭിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

”നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ടണ്ട്” (ഉല്‍പത്തി 21/22)

 

കെ.ജെ. മാത്യു