ഇതൊരു ത്രില്‍ തന്നെയാണ്! – Shalom Times Shalom Times |
Welcome to Shalom Times

ഇതൊരു ത്രില്‍ തന്നെയാണ്!

മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ്ല്‍സ്.
ഉദാഹരണത്തിന്, സിനിമകളിലൊക്കെ ചില സീനിന്റെ പശ്ചാത്തലത്തില്‍ കുറെ ഹിഡന്‍ ഡീറ്റെയ്ല്‍സ് ഉണ്ടാവും, കഥയെ സപ്പോര്‍ട്ട് ചെയ്യുന്നവ.
കലാസംവിധായകന്‍ അത് മനഃപൂര്‍വം ഒളിപ്പിച്ച് വയ്ക്കുന്നതാണ്. അങ്ങനെ ഒളിഞ്ഞിരിക്കുന്നതിലാണ് ത്രില്‍. പ്രേക്ഷകന്‍ അത് കണ്ടെത്തുമോ ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല.

ആദ്ധ്യാത്മിക ജീവിതത്തിലും സമാനമായ ഒരു ത്രില്ലുണ്ട്. ഞാന്‍ എന്ത് ചെയ്താലും അത് കാണുന്ന അപ്പാ ഉണ്ടെന്ന തിരിച്ചറിവില്‍, മനുഷ്യരുടെ പ്രശംസയോ അംഗീകാരമോ അന്വേഷിക്കാതെ ജീവിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍.
ലൂക്കാ 14/7-14 വചനഭാഗത്ത്, ഒരു വിരുന്നിന്റെ അവസരത്തില്‍ അതിഥികള്‍ പ്രമുഖ സ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടപ്പോള്‍, ഈശോ അതിഥിക്കും ആതിഥേയനുമായി നല്‍കുന്ന ഉപദേശമുണ്ടല്ലോ. അവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ഈശോ പറയുന്നത്.

അതിഥി ശ്രദ്ധിക്കേണ്ടത്: ക്ഷണം സ്വീകരിക്കുമ്പോള്‍ വലിയ സ്ഥാനം ആഗ്രഹിച്ച് പ്രവര്‍ത്തിക്കരുത്.
ആതിഥേയന്‍ ശ്രദ്ധിക്കേണ്ടത്: ക്ഷണിക്കുമ്പോള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ക്ഷണിക്കരുത്.
രണ്ടിടത്തും, മനുഷ്യന്റെ പ്രശംസയോ പ്രീതിയോ അന്വേഷിക്കരുതെന്ന് പാഠം. രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗസ്ഥനായ പിതാവാണ് നമുക്ക് പ്രതിഫലം തരുന്നത്.
ഇതിനൊരു അനുബന്ധമുണ്ട്: പിതാവ് പ്രതിഫലം തരുമെങ്കില്‍ മനുഷ്യന്റെ പ്രശംസ കിട്ടിയില്ലെങ്കില്‍മാത്രമല്ല പരാതി ഉണ്ടാവാതിരിക്കുക, മനുഷ്യരാല്‍ പരിഹസിക്കപ്പെട്ടാലും പരാതി ഉണ്ടാവില്ല. അതൊരു ത്രില്‍ തന്നെയാണ് കേട്ടോ…

ദൃശ്യ മാധ്യമമുപയോഗിച്ച് പച്ചയ്ക്ക് നമ്മെ ചീത്ത പറയുമ്പോഴും, കമന്റുകള്‍ കൊണ്ട് കിരീടം ചാര്‍ത്തി സോഷ്യല്‍ മീഡിയായില്‍ നമ്മെ പരിഹസിക്കുമ്പോഴും, ഈ ഫോര്‍വേഡ് ‘ലവനിരിക്കട്ടെ’ന്ന് ചിന്തിച്ച് പലരും നമ്മെ ഗ്രൂപ്പുകളില്‍ ഉന്നം വച്ച് അസ്വസ്ഥരാക്കാന്‍ ശ്രമിക്കുമ്പോഴും…. ശാന്തതയോടെ അവരുടെ അറിവില്ലായ്മ മനസിലാക്കി, ‘അവരോട് ക്ഷമിക്കണേ’ന്ന് ചൊല്ലി സ്‌നേഹം നിറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍.
ക്രൂശിതനീശോ ജീവിച്ച് കാണിച്ച് തന്ന ഈ ത്രില്‍ സ്വന്തമാക്കാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കട്ടെ, ആമ്മേന്‍

ഫാ. ജോസഫ് അലക്‌സ്