ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് തിരിഞ്ഞ് ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ടു. പെട്ടെന്ന് വെടി പൊട്ടുന്നതുപോലെ ഒരു ശബ്ദം!
എന്റെ കാലില്‍ എന്തോ വന്ന് തട്ടിയതായി അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കുറച്ച് നിമിഷം വേണ്ടിവന്നു. എന്റെ കാലില്‍ ഉരുക്കുപാര അഥവാ ക്രോസ്ബാര്‍ വന്നിടിച്ച ശബ്ദമാണ് കേട്ടത്. പാറമടയില്‍ കരിങ്കല്ല് കുത്തിയിളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് അത്. സാധാരണ ഓട്ടോറിക്ഷയില്‍ അത് നിവര്‍ത്തിപ്പിടിച്ചാണ് കൊണ്ടുപോകാറുള്ളത്. എന്നാല്‍ അന്ന് ആ പാര ചവിട്ടുപടിയില്‍ കിടത്തിയാണ് കൊണ്ടുപോയത്. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷയുടെ വീതിയും കഴിഞ്ഞ് പുറത്തേക്ക് തള്ളിനില്‍പ്പുണ്ടായിരുന്നു. ജംഗ്ഷനായതുകൊണ്ട് ഉടനെ ആളുകള്‍ ഓടിക്കൂടി.
എന്റെ കാലില്‍ പാര വന്നിടിച്ച ശബ്ദമാണ് കേട്ടതെന്ന് മനസിലാക്കിയപ്പോള്‍ അമ്മ ഒരു നിലവിളിയോടെ കുഴഞ്ഞ് വീണു. അമ്മയെ അടുത്ത കടയില്‍ ഇരുത്തി. ചിലര്‍ ഓട്ടോഡ്രൈവറെ തല്ലാനൊരുങ്ങി. ആ സമയത്ത് ആരൊക്കെയോ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു, ”പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകൂ, ആ കൊച്ചിന്റെ കാല്‍ തകര്‍ന്നുപോയി!”
ആരൊക്കെയോ ചേര്‍ന്ന് എന്നെ അതേ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ എനിക്ക് പറയത്തക്ക വേദനയൊന്നും അനുഭവപ്പെട്ടില്ല. അമ്മ കുഴഞ്ഞ് വീണതായിരുന്നു എന്റെ സങ്കടം. ആശുപത്രിയില്‍ എത്തി പരിശോധനയെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഡാഡി അവിടെ വന്നു. ഡാഡിയും വല്ലാതെ വിഷമിച്ചിരിക്കുകയാണ്.
എക്‌സ്‌റേയെല്ലാം എടുത്തു. ഡോക്ടര്‍ നോക്കിയിട്ട് പറഞ്ഞു ”ഒരു കുഴപ്പവും ഇല്ല!” എല്ലാവര്‍ക്കും അത്ഭുതം. പാര ചെറുതായി ഒന്ന് തട്ടിയാല്‍പോലും പപ്പടംപോലെ എല്ല് പൊടിയും. ഇതാര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതുപോലെ… എനിക്കുറപ്പുണ്ടായിരുന്നു എന്റെ ദൈവം എനിക്ക് എപ്പോഴും കൂട്ടിനുണ്ട് എന്ന്. അടുത്ത ദിവസം പതിവുപോലെ ഞാനും അമ്മയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ജംഗ്ഷനില്‍ പലരും അത്ഭുതത്തോടെ അമ്മയോട് ചോദിച്ചു: ”മോന് കുഴപ്പമൊന്നും പറ്റിയില്ല, ഭാഗ്യം അല്ലേ….” എന്ന്. ആ ഭാഗ്യത്തിന്റെ രഹസ്യം വിശുദ്ധ കുര്‍ബാനയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
”ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും” (ഉല്‍പത്തി 28/15) എന്ന അവിടുത്തെ വാഗ്ദാനം ഇന്നും കൂടെയുണ്ട്. ഇന്ന് ഇതെഴുതുമ്പോള്‍ എനിക്ക് 38 വയസ്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നു.
ജോസഫ് ഗബ്രിയേല്‍