സര്‍വദാനങ്ങളും സര്‍വസംരക്ഷണവും ലഭിക്കുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

സര്‍വദാനങ്ങളും സര്‍വസംരക്ഷണവും ലഭിക്കുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥന

 

എനിക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ട്, ഇഷ്ടങ്ങളുണ്ട്, പ്ലാനുകള്‍ ഉണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ എനിക്ക് ദൈവത്തോടും മറ്റുള്ളവരോടും പരിഭവം തോന്നും. ഒരിക്കല്‍, പ്രാര്‍ത്ഥിച്ചിട്ടും ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാതെ വന്ന സമയം. വല്ലാത്ത നിരാശയും വേദനയും അനുഭവപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് യേശു എന്നോട് പറഞ്ഞു: ”ദൈവത്തിന്റെ എല്ലാ ദാനങ്ങളും എല്ലാ സംരക്ഷണവും കിട്ടുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥന ഏതാണെന്ന് നിനക്കറിയാമോ? ഇതാ കര്‍ത്താവിന്റെ ദാസി എന്ന എളിമയുടെ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം നിനക്ക് ഇപ്പോള്‍ മനസ്സിലാകില്ല. എങ്കിലും ഈ പ്രാര്‍ത്ഥന നീ ചൊല്ലണം.” ഇത്രയും പറഞ്ഞതിനുശേഷം യേശു എന്നില്‍നിന്നും മറഞ്ഞു.

അതിനുശേഷം ഈ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലണമെന്ന് തോന്നിയതുകൊണ്ട് സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന ജപം ചൊല്ലുമ്പോള്‍ അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും എന്നിലും എന്റെ കുടുംബത്തിലും ഭവിക്കട്ടെ എന്ന് ചൊല്ലി ക്രൂശിതരൂപം എടുത്ത് ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് മനസ്സില്‍ പറഞ്ഞ് ചുംബിക്കുമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി തന്റെ കഥ എന്നോട് പറഞ്ഞു.

”സാമ്പത്തികമായി താഴ്ന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. എങ്കിലും ഞാന്‍ സന്തുഷ്ടയായിരുന്നു. ഈശോയ്ക്ക് വേണ്ടി മാത്രം ജീവിക്കാന്‍ തീരുമാനിച്ചു. അത്രമേല്‍ ഞാന്‍ ഈശോയെ സ്‌നേഹിച്ചിരുന്നു. ഈശോയ്ക്ക് വേണ്ടി എനിക്ക് കിട്ടിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും വേണ്ടെന്ന് വച്ചു. സാധിക്കുവോളം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു, ഉപവാസം എടുത്തു. കൊച്ചുകൊച്ച് പരിത്യാഗ പരിഹാര പുണ്യ പ്രവൃത്തികള്‍ ചെയ്തു വന്നു. ചുറ്റുമുള്ളവരെ സഹായിച്ചു. ഇതൊക്കെയാണെങ്കിലും ഒരാള്‍ എന്നെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അയാളില്‍നിന്ന് എന്നെ രക്ഷിക്കണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. മാതാവിനോടും വിശുദ്ധരോടും നിരന്തരം സഹായം തേടി. അയാള്‍ക്ക് മാനസാന്തരം ഉണ്ടാകണമേയെന്നുകൂടിയായിരുന്നു എന്റെ ആഗ്രഹം. ആരും നശിച്ചുകാണാന്‍ നല്ല ദൈവം ആഗ്രഹിക്കുന്നില്ലല്ലോ.

പക്ഷേ ഒരു ദിവസം അയാള്‍ എന്നെ കടന്നുപിടിച്ചു. കത്തികാട്ടി ഭീഷണിപ്പെടുത്തി. എന്നിട്ടും ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ആ ദേഷ്യത്തിന് എന്നെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച് ഓടിപ്പോയി. ആശുപത്രിക്കിടക്കയില്‍ ഞാന്‍ കേട്ടത് അയാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നു. ഞാനൊന്ന് ചോദിക്കട്ടെ, എന്റെ സ്ഥാനത്ത് ചേച്ചി ആയിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു?”

ഞാന്‍ പറഞ്ഞു, ”മോളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്നെ കുത്തി മുറിവേല്‍പ്പിച്ച അയാളെക്കാള്‍ എനിക്ക് ദേഷ്യം തോന്നുന്നത് ദൈവത്തോട് ആയിരിക്കും. ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു, എന്നിട്ടെന്തായി? ഞാന്‍ എത്രത്തോളം പ്രാര്‍ത്ഥിച്ചു? ഞാന്‍ ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി എന്തെല്ലാം ചെയ്തു? എന്നിട്ടും ദൈവം എന്നെ സംരക്ഷിച്ചില്ലല്ലോ. എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ. അയാള്‍ എന്റെ ശരീരത്തിലാണ് മുറിവേല്‍പ്പിച്ചത് എങ്കില്‍ ദൈവമേ അങ്ങ് എന്റെ ഹൃദയത്തിലാണ് കുത്തി മുറിവേല്‍പ്പിച്ചത് എന്നൊക്കെ ഞാന്‍ പറയും. എന്റെ വിശ്വാസം തകരും.

എന്റെ ജീവിതംതന്നെ ഒരു ട്രാജഡി ആയി ഞാനും മറ്റുള്ളവരും വിലയിരുത്തും.”

തുടര്‍ന്ന് ഞാന്‍ ചോദിച്ചു, ”മോള്‍ക്ക് ദൈവത്തോട് ദേഷ്യമൊന്നും തോന്നിയില്ലേ?”

അവള്‍ പറഞ്ഞു, ”ഇല്ല, കാരണം ഇവിടെ ഞാന്‍ എന്ന വ്യക്തി ഇല്ല. ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞാല്‍ എന്താണെന്ന് ചേച്ചിക്ക് അറിയാമോ? സ്വന്തം അഹത്തെ ഇല്ലാതാക്കിയവള്‍. ദൈവത്തിനുവേണ്ടിയും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയും ജീവിക്കുന്നവള്‍. ദൈവം എന്ത് തന്നാലും അത് സന്തോഷത്തോടെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവള്‍. അത് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നവള്‍. ദൈവം തന്നോട് എന്ത് ചെയ്താലും അത് നന്മയ്ക്ക് ആണെന്ന് പ്രത്യാശിച്ച് സന്തുഷ്ടരാക്കപ്പെടുന്നവള്‍. എന്റെ വിശ്വാസം, എന്റെ പ്രാര്‍ത്ഥന, എന്റെ നന്മകള്‍ തുടങ്ങിയ ഒന്നിലും മേന്മ നടിക്കാത്തവള്‍. എന്തിനും ഏതിനും ദൈവത്തിന്റെ കരുണയില്‍ മാത്രം ശരണപ്പെടുന്നവള്‍.
ഇങ്ങനെയുള്ള ഒരാത്മാവ് ഇതും സന്തോഷത്തോടെ തന്നെ സ്വീകരിച്ചു. എന്റെ കണ്ണടയുമ്പോഴും അയാള്‍ മാനസാന്തരപ്പെട്ടിരുന്നില്ല. എന്നിട്ടും ദൈവത്തിന്റെ നന്മയില്‍ പ്രത്യാശവച്ച് സന്തോഷത്തോടെ ഞാന്‍ മരണത്തിന് കീഴടങ്ങി.”

അപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു, ”നിന്റെ പേര് എന്താണ്?”
അവള്‍ പറഞ്ഞു, ”മരിയ ഗൊരേത്തി!”

മരിയ തുടര്‍ന്ന് സംസാരിച്ചു, ”ദൈവം എന്നോട് അനീതി പ്രവര്‍ത്തിച്ചതായി ചേച്ചിക്ക് തോന്നുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. പകരം ദൈവം എന്നെ മഹത്വപ്പെടുത്തി. ഇതാ കര്‍ത്താവിന്റെ ദാസി എന്ന് നമ്മെ പറയാന്‍ പഠിപ്പിച്ച നമ്മുടെ പരിശുദ്ധ അമ്മയെക്കുറിച്ച് ഞാന്‍ രണ്ടു വാക്ക് പറയട്ടെ. ദൈവപുത്രനെ ഉദരത്തില്‍ വഹിച്ച തനിക്ക് സത്രത്തില്‍ പ്രസവിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കെ അത് നിഷേധിക്കപ്പെട്ടപ്പോള്‍ അവര്‍ ഒരു പരാതിയും പറഞ്ഞില്ല, ഒരു അമ്മ എന്ന നിലയില്‍ തന്റെ പുത്രന്റെമേല്‍ എല്ലാ അവകാശങ്ങളും ഉണ്ടായിട്ടും ദൈവഹിതപ്രകാരം തന്റെ പുത്രനെ മരണത്തിന് ഏല്‍പ്പിച്ചു കൊടുക്കുവാന്‍ അവര്‍ തിരുമനസ്സായി. അതിനാല്‍ ദൈവം സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മറിയത്തെ മഹത്വപ്പെടുത്തി.

ഈ ലോകജീവിതത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് എന്റെ ജീവിതം ഒരു പരാജയം ആയി തോന്നാം. എന്നാല്‍ മരണാന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്റെ ജീവിതം മഹത്വമുള്ളതാണ്. ”

ഞാന്‍ ചോദിച്ചു, ”മരിയ, ഇതാ കര്‍ത്താവിന്റെ ദാസി എന്ന പ്രാര്‍ത്ഥന ദൈവത്തിന്റെ എല്ലാ സംരക്ഷണവും ദാനങ്ങളും കിട്ടുന്ന പ്രാര്‍ത്ഥന എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്?” മരിയ പറഞ്ഞു, ”ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറയുമ്പോള്‍ ഞാന്‍ ദൈവത്തിന്റേതായി തീരുന്നു. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും. ഒന്നിനെക്കുറിച്ചും നിരാശപ്പെടേണ്ട. ഭയപ്പെടേണ്ട.

തന്റെ ഭൗതികതയിലോ ആത്മീയതയിലോ ഒന്നിലും അഹങ്കരിക്കാതെ, സ്വയം ശൂന്യവല്‍ക്കരിക്കപ്പെടാന്‍, ദൈവത്തിന് തന്നെത്തന്നെ ഏല്‍പ്പിച്ചു കൊടുക്കാന്‍, എന്തുവന്നാലും ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് സ്‌നേഹത്തില്‍ ജീവിക്കുന്ന ദാസീമനോഭാവമുള്ള ഒരാത്മാവായി മാറുക.”

ഞാന്‍ പറഞ്ഞു, ”ഒരു പ്രതിസന്ധിഘട്ടത്തില്‍ ദൈവമേ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ മരിയയെ എന്റെ അടുത്തേക്ക് വിട്ട ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു.”
ആ വാക്കുകള്‍ കേട്ട് ഒരു പുഞ്ചിരി തൂകി മരിയ എന്നില്‍നിന്ന് മറഞ്ഞു.