ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി? – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ ഒരു കൊച്ചുകുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചുപോലും. ഒന്നുമില്ലാത്തവനായിട്ടുപോലും ശവസംസ്‌കാരത്തിനായി നൂറോളം പേര്‍ കൂടി. അതെല്ലാം അങ്ങനെ സംഭവിച്ചത് പടച്ചോന്റെ കൃപകൊണ്ടാണെന്നാണ് അയാള്‍ പറഞ്ഞിരുന്നത്. അഞ്ച് മിനിറ്റ് നേരത്തെ സംഭാഷണത്തിനിടയ്ക്ക് ഇരുപത് പ്രാവശ്യമെങ്കിലും കുട്ടി നഷ്ടപ്പെട്ട പിതാവ് ദൈവത്തിന്റെ നന്മയെപ്പറ്റി സ്തുതിച്ച് പറയുന്നത് കേട്ടു. നിങ്ങളുടെ സംഭാഷണങ്ങളില്‍ ദൈവികകാര്യങ്ങളാണോ ഭൗതികകാര്യങ്ങളാണോ അധികം കേള്‍ക്കപ്പെടുന്നത്? നന്ദിയോടും സ്‌നേഹത്തോടും തീക്ഷ്ണതയോടുംകൂടി ദൈവത്തെപ്പറ്റി സംസാരിക്കാറുണ്ടോ? അത് കുറഞ്ഞുവരികയാണെന്ന് ഞാന്‍ ഭയപ്പെടുന്നു.

ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ മുഹമ്മദീയരെക്കാള്‍ മുന്‍പിലായിരിക്കേണ്ട നമ്മള്‍ പ്രാര്‍ത്ഥനാരൂപിയുള്ളവരാണെങ്കില്‍, ദൈവത്തെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നവരാണെങ്കില്‍ ഒരു വച്ചുകെട്ടും കൂടാതെ ദൈവത്തെപ്പറ്റി സംസാരിച്ചുപോകും. അതിനാല്‍ കൂടുതല്‍ സംസാരിക്കുക ഒരു തഴക്കമാകണം. അവരുടെയും ഇവരുടെയും കുറ്റമല്ല സംഭാഷണവിഷയമാകേണ്ടത്. ദൈവത്തെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നാല്‍മാത്രമേ അവിടുത്തെപ്പറ്റി സംസാരിക്കാനും സാധിക്കുകയുള്ളൂ. എന്റെ കൂട്ടത്തില്‍ മംഗലാപുരം സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു നല്ല ശെമ്മാശനുണ്ടായിരുന്നു. ജോസഫ് കൊയിലോ എന്നായിരുന്നു പേര്. ഉല്ലാസത്തിന് കൂടിയാല്‍ സംസാരത്തിന്റെ കുത്തക എടുത്തിരുന്നത് അദ്ദേഹമാണ്. സംസാരവിഷയം ഏറിയ കൂറും മാതാവിനോടുള്ള ഭക്തിയായിരുന്നു. അദ്ദേഹം അത്രമാത്രം മാതാവിനെ സ്‌നേഹിച്ചിരുന്നതുകൊണ്ട് അറിയാതെ അങ്ങനെ സംസാരിച്ചിരുന്നതാണ്. നിങ്ങളും ദൈവത്തെയും മാതാവിനെയുംകുറിച്ച് ധാരാളം സംസാരിക്കുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ വിചാരിക്കുകയായിരുന്നു, റേഡിയോയില്‍ക്കൂടി പ്രാര്‍ത്ഥനകള്‍ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയും എല്ലാ വീടുകളിലും റേഡിയോയില്‍ക്കൂടി പ്രാര്‍ത്ഥനകള്‍ ഇങ്ങനെ സദാ പ്രവഹിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍, ലോകത്തില്‍നിന്ന് ദൈവത്തിന്റെ പക്കലേക്ക് ഇടതടവില്ലാതെ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമല്ലോ എന്ന്. നിങ്ങള്‍ പറയും, ”ഹേയ്, അത് പ്രാര്‍ത്ഥനയല്ല.” ഞാന്‍ ചോദിക്കുന്നു, ”അതിലെന്താണ് കുറവ്? നമ്മള്‍ പലരുടെയും പ്രാര്‍ത്ഥന അങ്ങനെയൊക്കെത്തന്നെയല്ലേ? റേഡിയോയില്‍ ഹൃദയമില്ല. റേഡിയോക്ക് ബുദ്ധിയുമില്ല. റേഡിയോ മറ്റെവിടെയോ റെക്കോര്‍ഡ് ചെയ്തത് പ്രക്ഷേപണം ചെയ്യുന്നതേയുള്ളൂ. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയും പലപ്പോഴും ഇങ്ങനെയൊക്കെത്തന്നെയല്ലേ? പുസ്തകത്തില്‍ കാണുന്നതും നമ്മള്‍ മനഃപാഠമാക്കിയതുമായ പ്രാര്‍ത്ഥനകള്‍ നമ്മുടെ അധരങ്ങള്‍ പ്രക്ഷേപണം ചെയ്യും. എന്നാല്‍ ഹൃദയമില്ല. നമ്മള്‍ അതെപ്പറ്റി ചിന്തിക്കുന്നതുമില്ല. നമ്മുടെ പ്രാര്‍ത്ഥന റേഡിയോ പ്രക്ഷേപണമാക്കരുത്. പലവിചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഏകാഗ്രതയോടുകൂടി പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയാല്‍ സേചനം ചെയ്യപ്പെടുന്നപക്ഷം നമ്മുടെ ആന്തരികജീവിതം നിരന്തരം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ചെടികള്‍ക്ക് വെള്ളംപോലെയാണ് ആന്തരികജീവിതത്തിന് പ്രാര്‍ത്ഥന.

പ്രാര്‍ത്ഥനയും പ്രവൃത്തിയും നമ്മുടെ മുദ്രാവാക്യങ്ങളായിരിക്കട്ടെ. അതിനാല്‍ ജോലിക്കിറങ്ങുന്നതും ജോലി ചെയ്യുന്നതും ഒരാനന്ദമായി എല്ലാവരും പരിഗണിക്കണം. പുറത്തിറങ്ങി ജോലി ചെയ്യുന്നതും പറമ്പില്‍ പണിയുന്നതും നല്ല ശുദ്ധവായു ശ്വസിക്കുന്നതിനുള്ള അവസരം നല്കുകയും വ്യായാമം നല്കുകയും ചെയ്യുന്നതുകൊണ്ട് ആരോഗ്യത്തിന് പുറത്തുപണി വളരെ അത്യാവശ്യമാണ്.

ജോലി ചെയ്‌തെന്നു വിചാരിച്ച് പ്രാര്‍ത്ഥന ഇല്ലെന്നാകരുത്. ക്ഷീണം നടിച്ച് വേഗം പോയി കിടക്കുകയോ മറ്റ് കടമകള്‍ നിര്‍വഹിക്കാതിരിക്കുകയോ ചെയ്യരുത്. നമ്മുടെ ജോലിയ്ക്ക് ഫലമുണ്ടാകണമെങ്കില്‍ പ്രാര്‍ത്ഥനയാകുന്ന ജലം വേണം. നമ്മുടെ ജോലിയ്ക്കിടയിലും മൗനമായി പ്രാര്‍ത്ഥിക്കണം. കാര്‍ഡിനല്‍ സ്‌പെല്‍മാന്റെ ഒരു വാചകം ഉദ്ധരിക്കുന്നു, ”എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക, എല്ലാം നമ്മെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അധ്വാനിക്കുക.”
നല്ല ദൈവം നി ങ്ങളെ അനുഗ്രഹിക്കട്ടെ.