ഇവിടെ ടാക്‌സില്ല, സമ്പാദിച്ചുകൂട്ടാം – Shalom Times Shalom Times |
Welcome to Shalom Times

ഇവിടെ ടാക്‌സില്ല, സമ്പാദിച്ചുകൂട്ടാം

ലോകത്ത് പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടാത്ത കാലം വരുന്നു. അല്ല, അത് അധികമകലെയല്ല… അനുദിന ദിവ്യബലി നിര്‍ത്തലാക്കപ്പെടും. കുഞ്ഞുങ്ങള്‍ക്ക് മാമോദീസയും സ്ഥൈര്യലേപനവുമില്ല. വിവാഹമെന്ന കൂദാശ ആക്രമിക്കപ്പെടും, മലിനമാക്കപ്പെടും, അത് നിരോധിക്കുന്ന നിയമസംവിധാനങ്ങള്‍ രൂപപ്പെടുത്തപ്പെടും. പെരുകുന്ന അവിഹിത ബന്ധങ്ങള്‍, അവയില്‍ മാതാപിതാക്കള്‍ ആരെന്നറിയാത്ത കുഞ്ഞുങ്ങള്‍… പൗരോഹിത്യവും സന്യാസവും അവഹേളിക്കപ്പെടും… വിശുദ്ധ കുമ്പസാരവും രോഗീലേപനവുമില്ലാതാകും. പ്രവാചകര്‍ക്കും സഭാപിതാക്കന്മാര്‍ക്കും മിസ്റ്റിക്കുകള്‍ക്കും ലഭിച്ച ദൈവിക വെളിപാടുകളാണിവ.
ദാനിയേല്‍ 11/31 രേഖപ്പെടുത്തുന്നു: ”അവന്റെ സൈന്യം വന്ന് ദൈവാലയവും
കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും.” അനുദിന ദഹനബലികള്‍ നിര്‍ത്തലാക്കപ്പെടുമെന്ന് ദാനിയേല്‍ 8,9,12 അദ്ധ്യായങ്ങളിലും കാണാം. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെയും
ക്വിറ്റോയിലെയും പ്രവചനങ്ങള്‍, ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ഓര്‍മപ്പെടുത്തലുകള്‍ ഇവയെല്ലാം ആദ്ധ്യാത്മിക മേഖലകളില്‍ ചര്‍ച്ചയാക്കപ്പെടുന്നുണ്ട്. എങ്കിലും എത്ര പ്രാധാന്യത്തോടെ നാമിവയെ സ്വീകരിക്കുന്നുണ്ട്?
ദിവ്യബലിയും മറ്റു കൂദാശകളും നിഷേധിക്കപ്പെട്ട ഭീകരാവസ്ഥ കോവിഡും
ലോക്ഡൗണും ശരിക്കും നമ്മെ അനുഭവിപ്പിച്ചിട്ടുണ്ട്. രോഗീലേപനംപോലും സ്വീകരിക്കാന്‍ കഴിയാതെ മരണമടഞ്ഞവര്‍ എത്രയധികം! ഒന്നു കുമ്പസാരിക്കാന്‍, ഒരു ദിവ്യബലിയില്‍ പങ്കുചേരാന്‍, ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാന്‍, ആരാധിക്കാന്‍ എത്ര കൊതിച്ചു? എത്ര അലഞ്ഞിരിക്കുന്നു! കോവിഡിന്റെ അടുത്ത ഘട്ടവും നമ്മെ കൂട്ടിലടയ്ക്കാന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാ കൂദാശകളും നമുക്ക് ലഭ്യമാണ്. ദിവ്യകാരുണ്യ ഈശോ സമീപസ്ഥനാണ്. നാളെയെന്തെന്ന് എങ്ങനെയറിയാം? അതിനാല്‍ സ്വീകരിക്കാന്‍ സാധിക്കുന്ന കൂദാശകളെല്ലാം നമുക്ക് ആര്‍ത്തിയോടെ ആവര്‍ത്തിച്ച് സ്വീകരിക്കാം. നാളെ അതു സാധ്യമാകുമോയെന്നറിയില്ല. കഴിയുന്നത്ര സ്വര്‍ഗീയ സമ്പത്ത് ഇപ്പോള്‍ത്തന്നെ സമ്പാദിച്ചുകൂട്ടണം; ടാക്‌സില്ലാത്ത സമ്പത്ത്. പുണ്യസമ്പാദനത്തിന് ഏറ്റം പറ്റിയത് നോമ്പുകാലമാണല്ലോ.
മരണം, അതിന് പ്രായവും ആരോഗ്യവും സമയവും അവസ്ഥയുമൊന്നും മനസിലാകില്ലെന്ന് പഠിപ്പിച്ചതിന്റെ ക്രെഡിറ്റും കോവിഡിനുതന്നെ. നാം കുമ്പസാരിച്ചതാണോ?
വിശുദ്ധ കുര്‍ബാന സ്വീകരിച്ചോ, രോഗീലേപനം സ്വീകരിച്ചോ എന്നൊന്നും കക്ഷിക്ക് നോട്ടമില്ല; എപ്പോഴെന്നില്ലാതെ ആരെയും തട്ടിയെടുക്കും. എന്നാല്‍, മൃതസംസ്‌കാരവേളയിലെ ഒരു പ്രാര്‍ത്ഥന
ഇങ്ങനെയാണ്: ‘ഇതുവരെ ഞങ്ങള്‍ നിന്നെ അനുഗമിച്ചു. ഇനി നീ സ്വീകരിച്ച കൂദാശകളും സുകൃതങ്ങളും നിന്നെ
അനുഗമിക്കട്ടെ.’ മറക്കാതിരിക്കാം, മരണശേഷം നമ്മെ അനുഗമിക്കാന്‍ എത്ര
സ്‌നേഹിക്കുന്നവര്‍ക്കും
കഴിയില്ല, എന്നാല്‍ നാം സ്വീകരിച്ച കൂദാശകള്‍ക്കു കഴിയും… കൂദാശകള്‍ക്കും പുണ്യങ്ങള്‍ക്കും മാത്രം…
കര്‍ത്താവേ, അങ്ങ് കൂദാശകളിലൂടെ സ്വയം ഞങ്ങള്‍ക്ക് നല്കുമ്പോള്‍ സാധിക്കുന്നത്ര കൂദാശകള്‍ സ്വീകരിച്ച്
അങ്ങയെ സ്വന്തമാക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.