ആത്മീയജീവിതത്തില്‍ ചിലപ്പോഴെങ്കിലും നിര്‍ജീവമായ ഒരു അവസ്ഥ അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പല വിശുദ്ധരുടെയും ജീവചരിത്രം വായിക്കുമ്പോള്‍ അവരെല്ലാം ഇതുപോലുള്ള ശുഷ്കമായ കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണെന്ന് മനസ്സിലാക്കാം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് ദൈവം ഇത്ര കഠിനമായ അവസ്ഥകളിലൂടെ പോകാന്‍ നമ്മെ അനുവദിക്കുന്നത്? ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ കൂടുതല്‍ കൃപകളാല്‍ നിറച്ച് സംതൃപ്തിയോടെ ജീവിക്കാന്‍ അനുവദിച്ചുകൂടേ!
ഇങ്ങനെയൊക്കെ ചിന്തിച്ച് ചുരുണ്ടുകൂടി കിടക്കുമ്പോഴാണ് സ്നേഹനിധിയായ അമ്മ പുറത്ത് മുറിച്ചിട്ടിരിക്കുന്ന പ്ലാവ് വെട്ടിക്കീറാന്‍ പറഞ്ഞത്. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതി ഞാന്‍ വിറക് കീറിയിടാന്‍ തുടങ്ങി. കുറച്ച് കീറിക്കഴിഞ്ഞപ്പോള്‍ നൈസായി തലയൂരി ഇടവേള എടുത്തു. നാരങ്ങാവെള്ളം അകത്താക്കി തീര്‍ന്നതും അടുത്ത നിര്‍ദ്ദേശം, ”കീറിയ വിറക് വെയിലത്ത് എടുത്ത് ഇടണം. വെയില് കൊണ്ട് നന്നായി ഉണങ്ങിയാലേ നന്നായി കത്തുകയുള്ളൂ.”
അപ്പോഴാണ് മിന്നായംപോലെ എന്റെ ചില സംശയങ്ങള്‍ക്ക് ദൈവം മറുപടി നല്‍കിയത്. നമ്മുടെ ജീവിതത്തില്‍ ഇതുപോലെ ചില ജലാംശങ്ങള്‍ വറ്റിയാലേ നമ്മള് ആത്മാവില്‍ നന്നായി കത്തുകയുള്ളൂ. സഹനങ്ങള്‍ പലര്‍ക്കും നല്കപ്പെടുന്നത് അവര്‍ പ്രാര്‍ത്ഥനയില്‍ കുറവ് വരുത്തുന്നവരോ കഠിന പാപികളോ ആയതിനാലല്ല. മറിച്ച് അവരെ ശക്തമായി പരിശുദ്ധാത്മാവിനാല്‍ കത്തിക്കാനും അങ്ങനെ അനേകര്‍ക്ക് ചൂടും പ്രകാശവും നല്‍കാനും ദൈവം ആഗ്രഹിക്കുന്നതിനാലാണ്.
അതെ, വെയിലത്ത് കിടന്ന കമ്പുകള്‍ പച്ചക്കമ്പുകളെക്കാള് വേഗത്തില്‍ കത്തും. അതിനാല്‍ സഹനങ്ങളിലും ശുഷ്കതയിലും തളരാതെ ധൈര്യമായിരിക്കുക. ദൈവം നമ്മെ ആത്മാവില്‍ കത്തിക്കാന്‍ ആഗ്രഹിക്കുന്നു. ”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ” (റോമാ 8/28).
ജോസഫ് ഗബ്രിയേല്‍