ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2004-ല്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ഒന്നാം ഭാഗം ലോകം മുഴുവന്‍ മുഴുഹൃദയത്തോടെ ഏറ്റുവാങ്ങിയ ഹോളിവുഡ് ചിത്രമായിരുന്നു. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങളെ ചിത്രം സ്വാധീനിച്ചു.
ഒന്നാം ഭാഗത്തിന് തിരക്കഥ തയാറാക്കിയ രാന്‍ഡല്‍ വാലസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുക. യോഹന്നാന്റെ സുവിശേഷംകൂടാതെ കത്തോലിക്കാ പാരമ്പര്യങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ് ചിത്രം തയാറാക്കിയത്. കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിട്ടുള്ള ദര്‍ശകയായ ആന്‍ കാതറിന്‍ എമറിച്ചി(1774-1824)ന്റെ ദര്‍ശനങ്ങളാണ് ഗണനീയമായ വിധത്തില്‍ ചിത്രത്തിന്റെ തിരക്കഥക്ക് ആധാരമായത്.
2023-ലെ വേനല്‍ക്കാലത്ത് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ ക്രിസ്തുവിന്റെ വേഷത്തില്‍ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ജിം കാവിയേസല്‍തന്നെയായിരിക്കും ക്രിസ്തുവിന്റെ വേഷമിടുന്നത്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം ക്രിസ്തുവിന്റെ മരണശേഷമുള്ള മൂന്ന് ദിനങ്ങളും ഉത്ഥാനവുമായിരിക്കുമെന്നാണ് ലഭ്യമായ വിവരം.