ആശ്രമശ്രേഷ്ഠനായിരുന്ന പാഫ്‌നൂഷ്യസിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. തായിസ എന്ന ഒരു സ്ത്രീ അദ്ദേഹത്തെ ശാരീരിക അശുദ്ധിയിലേക്കുള്ള പ്രലോഭനവുമായി സമീപിച്ചു. ”ദൈവമല്ലാതെ മറ്റാരും നമ്മുടെ പാപപ്രവൃത്തി കാണാന്‍ പോകുന്നില്ല” എന്നായിരുന്നു അവളുടെ ന്യായം. ഇതിന് മറുപടിയായി വിശുദ്ധനായ ആ താപസന്‍ പറഞ്ഞു, ”ദൈവം നിന്നെ കാണുന്നുവെന്ന് നീ വിശ്വസിക്കുന്നു. എന്നിട്ടും നീ പാപം ചെയ്യാന്‍ വിചാരിക്കുന്നോ?”
പുണ്യജീവിതത്തിന്റെ പിന്‍ബലത്തോടെയുള്ള ആ കരുത്തുറ്റ ചോദ്യം അവളെ തന്റെ പാപജീവിതത്തെക്കുറിച്ചുള്ള ഭീതിയിലേക്ക് നയിച്ചു. തന്റെ പാപങ്ങളിലൂടെ സമ്പാദിച്ച ആഭരണങ്ങളും വസ്ത്രങ്ങളും അവള്‍ പൊതുസ്ഥലത്ത് കൊണ്ടുവന്ന് തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് ഒരു മഠത്തിലെ അന്തേവാസിയായിത്തീര്‍ന്ന് റൊട്ടിയും വെള്ളവുംമാത്രം ഭക്ഷിച്ച് മൂന്നുവര്‍ഷം ഉപവാസാരൂപിയില്‍ ജീവിച്ചു. അവള്‍ എപ്പോഴും ഒരു പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടിരുന്നു, ”എന്നെ സൃഷ്ടിച്ചവനേ, എന്റെമേല്‍ കരുണയായിരിക്കണമേ”
അപ്രകാരമുള്ള ജീവിതം നയിച്ച മൂന്നുവര്‍ഷം കഴിഞ്ഞ് അവള്‍ മരിച്ചു. മരണശേഷം, അവള്‍ വിശുദ്ധരോടൊപ്പം മഹത്വകിരീടം നേടിയെന്ന് അവിടത്തെ ആശ്രമാധിപനായിരുന്ന വിശുദ്ധ ആന്റണിയുടെ ശിഷ്യന് ദൈവികവെളിപ്പെടുത്തല്‍ ലഭിക്കുകയും ചെയ്തു.
”ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം” (എസെക്കിയേല്‍ 33/11)