ഈശോയുടെ ബലഹീനതയില്‍ തൊട്ടിട്ടുണ്ടോ..? – Shalom Times Shalom Times |
Welcome to Shalom Times

ഈശോയുടെ ബലഹീനതയില്‍ തൊട്ടിട്ടുണ്ടോ..?

പിടിവാശിക്കാരനായിരുന്നു ആ യുവാവ്. ആഗ്രഹിച്ചത് നേടിയെടുക്കുംവരെ നീളുന്ന വാശി. അങ്ങനെ വാശിപിടിച്ചതൊക്കെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാശിപിടുത്തം എല്ലാവര്‍ക്കും അറിയാം. വലിയ കാര്യങ്ങള്‍ക്കുവേണ്ടിയാണീ വാശികളൊക്കെയും. ഏറ്റവും വലിയ വാശിതന്നെ ഈശോയെ നേരില്‍ കാണണമെന്നതാണ്. അത് സുഹൃത്തുക്കളോട് ഉറക്കെ പറയുകയും ചെയ്യും. അതില്‍ കുറഞ്ഞതൊന്നും അദ്ദേഹത്തിന് വേണ്ടാപോലും.

പക്ഷേ, ഒടുവില്‍ അതു സംഭവിച്ചു; ആ വിശുദ്ധവാശിക്കുമുമ്പില്‍ ദൈവം സ്വയം താഴ്ന്നു, യുവാവിന്റെ മുമ്പില്‍ ഈശോ പ്രത്യക്ഷപ്പെട്ടു. അദേഹം പകച്ചുപോയി, ഇത്രയും പ്രതീക്ഷിച്ചുകാണില്ല. അവിശ്വസനീയതയോടെ നിന്ന അവനെ അരികിലേക്കു വിളിച്ചു. എല്ലാം മറന്ന് യുവാവ് ഈശോയുടെ കാല്ക്കല്‍വീണ് അവിടുത്തെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ് ആരാധിച്ചു. ഈശോയുടെ ഈ പ്രിയ ശിഷ്യന്‍ തോമസും ഈശോയും തമ്മില്‍ അത്ര അടുപ്പമായിരുന്നു. അതുകൊണ്ടുതന്നെ തോമസ് ആഗ്രഹിച്ചാല്‍ ഈശോക്ക് അടുത്തുവരാതിരിക്കാന്‍ കഴിയില്ലല്ലോ.
ഈശോക്കറിയാം ശിശുവിന്റേതുപോലെ നിഷ്‌കളങ്ക സ്‌നേഹമാണ് തോമസിന്റേതെന്ന്. ഈശോയെ നേരില്‍ കാണണം, തൊട്ടനുഭവിക്കണം. മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞാല്‍ പോരാ. ശിശുതുല്യമായ സ്‌നേഹവാശി.

സ്‌നേഹംകൊണ്ട് ഈശോയുടെ സോഫ്റ്റ് കോര്‍ണറില്‍ അദ്ദേഹം തൊട്ടിരിക്കുന്നു. സ്‌നേഹം തന്നെയായ ഈശോയുടെ ബലഹീനതയും സ്‌നേഹമാണല്ലോ. കുഞ്ഞുങ്ങളെപ്പോലെ വാശിപിടിക്കുന്ന തോമസിന്റെ സ്‌നേഹത്തിനുമുമ്പില്‍ പിതൃവാത്സല്യം കവിഞ്ഞൊഴുകുന്ന ഹൃദയം തുറന്ന് കാണിച്ചുകൊണ്ട്, പേരുചൊല്ലി വിളിച്ച്, അവിടുന്ന് അവന്റെ മുമ്പില്‍ എത്തുകയാണ് (യോഹന്നാന്‍ 20/26,27).

ഇദ്ദേഹത്തിന്റെ മറ്റൊരു വാശിയും പ്രസിദ്ധമാണ്. പരിശുദ്ധ അമ്മയുടെ മരണസമയം തോമാശ്ലീഹാ ഇന്ത്യയില്‍ സുവിശേഷ പ്രഘോഷണത്തിലായിരുന്നു. അതിനാല്‍ അമ്മയുടെ അരികിലുണ്ടാകാന്‍ കഴിഞ്ഞില്ല. അദ്ദേഹം എത്തിയപ്പോഴേക്കും മാതാവിന്റെ മൃതസംസ്‌കാരം കഴിഞ്ഞിരുന്നു. എന്നാല്‍ തനിക്ക് പരിശുദ്ധ അമ്മയെ കാണണമെന്ന് അദ്ദേഹം വാശിപിടിച്ചു. തദനുസൃതം മാതാവിന്റെ മൃതപേടകം തുറന്നു. അപ്പോള്‍ ആത്മശരീരങ്ങളോടെ മാതാവ് സ്വര്‍ഗാരോപിതയാകുന്നത് ദര്‍ശിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചുവെന്നു ചില പാരമ്പര്യ ലിഖിതങ്ങളില്‍ കാണാന്‍ കഴിയും.

ഈ സംഭവങ്ങളില്‍നിന്നും ഒരു കാര്യം വ്യക്തമാണ്, തോമാശ്ലീഹാ ഒന്നുവാശിപിടിച്ചാല്‍ ഈശോയ്ക്കും മാതാവിനും നിഷേധിക്കാന്‍ കഴിയില്ല. അവര്‍ അത് ചെയ്തുകൊടുത്തിരിക്കും. ”ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 116/1). മാത്രമല്ല, തോമാശ്ലീഹായുടെ പ്രത്യേകതയനുസരിച്ച്, വാശിപിടിക്കുന്നവ അദ്ദേഹം നേടിയെടുത്തിരിക്കും.
അനേകനാളുകളായി പ്രാര്‍ത്ഥിച്ചിട്ടും പല കാര്യങ്ങള്‍ക്കും ഉത്തരമില്ലേ? വാശിക്കാരന്‍ വിശുദ്ധനോട് വാശിയോടെ പറയണം, ദൈവതിരുമുമ്പില്‍ നിന്നും കിട്ടുന്നതുവരെ വാശിയോടെ പ്രാര്‍ത്ഥിക്കണമെന്ന്. അദ്ദേഹം അതെല്ലാം നേടിത്തരും.

ഈശോയെയും മാതാവിനെയും കാണണം എന്നതാണോ ആഗ്രഹം? നമ്മുടെ തോമസ് അപ്പസ്‌തോലനോട് പറഞ്ഞാല്‍ മതി. അദ്ദേഹത്തിന് നമ്മെ മനസിലാകുമെന്നതിനാല്‍ അതും സാധ്യമാക്കും. കാരണം ഈശോയ്ക്കും മാതാവിനും തോമസ് അത്ര പ്രിയങ്കരനാണ്, അദ്ദേഹത്തോട് ‘നോ’ പറയാന്‍ അവര്‍ക്ക് പറ്റില്ല. ”ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു” (1കോറിന്തോസ് 8/3).
കര്‍ത്താവേ, അങ്ങയെയും അങ്ങേ മാതാവിനെയും ആഴമായി സ്‌നേഹിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരായിത്തീരാനുള്ള കൃപനല്കി ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേന്‍.