പാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില്‍ മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- ”ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും.” പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്‍ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ വ്യക്തിക്കും അത് വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുന്നു.
ദൈവകൃപയുടെ പ്രവൃത്തിവഴി പാപമാകുന്ന ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിളി ലഭിക്കുമ്പോള്‍ ഒരാള്‍ മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്.
പാപനിദ്രയില്‍നിന്ന് ഉണരുന്നു.
കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് സമാനമായി മാനസാന്തരത്തിനുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നു.
പുതിയ ജീവിതത്തിന് ഊര്‍ജസ്വലത ലഭിക്കാനായി വിശുദ്ധ കുമ്പസാരം നടത്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു.
ധൂര്‍ത്തപുത്രന്‍ ഇതുതന്നെയാണ് ചെയ്തത്. സുബോധമുണ്ടായപ്പോള്‍ തീരുമാനമെടുക്കുകയാണ്, ഞാന്‍ എഴുന്നേറ്റ് പിതാവിന്റെ അടുക്കല്‍ ചെല്ലുമെന്ന്. അതായത് അതുവരെയുള്ള ജീവിതരീതി മാറ്റുന്നു. പിന്നീട്, പിതാവിന്റെ അടുക്കലെത്തി കുറ്റം ഏറ്റുപറയുന്നു. ഇതാണ് അനുതാപപൂര്‍ണമായ കുമ്പസാരം. തുടര്‍ന്ന് പിതാവ് അവനെ ഏറ്റവും നല്ല മേലങ്കി ധരിപ്പിക്കുന്നതായി നാം കാണുന്നു. പാപത്താല്‍ നഗ്നമായ അവന്റെ ആത്മാവിന് വിശുദ്ധ കുമ്പസാരത്തിലൂടെ പാപമോചനം നല്കുന്നതിന്റെ സൂചനയാണിത്. തുടര്‍ന്ന് അവന് വിരുന്ന് നല്കുന്നു. അതായത് വിശുദ്ധ കുര്‍ബാനയാകുന്ന സ്വര്‍ഗീയവിരുന്ന് അവന് വിളമ്പിക്കൊടുക്കുന്നു.
ഇപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പാപാവസ്ഥയില്‍നിന്ന് ദൈവത്തിലേക്ക് സഞ്ചരിക്കാം.
വിശുദ്ധ തിയോഫാന്‍ റിക്ലൂസ്