വീഡിയോ കണ്ടു, കത്തോലിക്കയായി! – Shalom Times Shalom Times |
Welcome to Shalom Times

വീഡിയോ കണ്ടു, കത്തോലിക്കയായി!

ദുബായ്: ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ പ്രഭാഷണം കണ്ട ഇന്ത്യന്‍ ഹൈന്ദവ കുടുംബത്തില്‍നിന്നുള്ള പൂജ ഘോഷ് ഇന്ന് കത്തോലിക്കാസഭാംഗവും ഒപ്പം വേദോപദേശ അധ്യാപികയും. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കേയാണ് പൂജ സത്യദൈവത്തെത്തേടിയുള്ള യാത്ര ആരംഭിക്കുന്നത്. ആദ്യം ആകൃഷ്ടയായത് ബുദ്ധമതവിശ്വാസത്തിലേക്ക്. പിന്നീട് ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച വേളയില്‍ യേശു ദൈവമാണെങ്കില്‍ ഒരു അടയാളം തരണമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. പതിവായി കാണുന്ന ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ക്കുപകരം മനോഹരമായ ഒരു സ്വപ്നമായിരുന്നു അന്ന് രാത്രി അവള്‍ക്കുണ്ടായത്. അത് യേശു നല്കിയ അടയാളമാണെന്ന് പൂജ മനസിലാക്കി. പിന്നെ യേശുവിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നാളുകള്‍.

ഭാവിയില്‍ ജീവിതപങ്കാളിയാകാനിരുന്ന ബോണിയെ സര്‍വകലാശാലയില്‍ വച്ച് കണ്ടുമുട്ടിയതോടെ ക്രൈസ്തവവിശ്വാസത്തിലേക്ക് കൂടുതലടുത്തു. 2011-ല്‍ ഒരു ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍നിന്നായിരുന്നു ആദ്യം മാമ്മോദീസ സ്വീകരിച്ചത്. ദിവ്യബലിയെക്കുറിച്ചും ജപമാലയെക്കുറിച്ചും പരിശുദ്ധ മറിയത്തെക്കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങളായിരുന്നു അന്ന് മനസില്‍. പിന്നീട് 2017-ല്‍ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ ഒരു വീഡിയോ പ്രഭാഷണം ഫോര്‍വേഡ് ചെയ്തുകിട്ടി. അത് വലിയൊരു തുടക്കമായിരുന്നു.

പിന്നീട് ഫാ. ഷ്മിറ്റ്‌സിന്റെ മറ്റ് വീഡിയോപ്രഭാഷണങ്ങള്‍ തിരഞ്ഞുപിടിച്ച് കണ്ടു. കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട് മനസിലുള്ള ചോദ്യങ്ങള്‍ക്കെല്ലാം അതിലൂടെ ഉത്തരം ലഭിക്കുകയായിരുന്നു. ഇന്ന് കത്തോലിക്കാ സഭാംഗമായി ജീവിക്കുന്നു. മുറിവുകള്‍ യേശുവിന് സമര്‍പ്പിക്കാനും സഹനങ്ങള്‍ ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കാനും താന്‍ ഇന്ന് പഠിച്ചുവെന്ന് ഇപ്പോള്‍ ദുബായില്‍ ജീവിക്കുന്ന പൂജ സാക്ഷ്യപ്പെടുത്തുന്നു.