ഒരു മനുഷ്യായുസില്‍ ഒരു വ്യക്തി ഏറ്റവുമധികം വേദനിക്കുന്നത് ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴാണ്. കല്‍ക്കട്ടയിലെ മദര്‍ തെരേസ ഇങ്ങനെ കുറിച്ചുവച്ചു, ”ഒറ്റപ്പെടലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന.” മാനസികമായി തകര്‍ന്നടിയുന്നത് ഒറ്റപ്പെടലിലാണ്. അതുപോലൊരു മൂര്‍ധന്യാവസ്ഥയിലൂടെ കടന്നുപോയ ദിനങ്ങള്‍… കാരണമറിയാത്ത ചില നൊമ്പരങ്ങള്‍, വേദനകള്‍… മാനസികസഹനത്തിന്റെ കൊടുമുടി കയറുമ്പോള്‍ ഒരു ആത്മീയസുഹൃത്തിനെ കണ്ടുമുട്ടാന്‍ ഇടയായി. കുറച്ചുസമയത്തെ സ്‌നേഹസംഭാഷണത്തിനുശേഷം ആ വ്യക്തി എന്നോട് ചോദിച്ചു, ”എന്തുപറ്റി, ആകെ ‘ഡ്രൈ’ ആണല്ലോ?”
അത് ശരിയായിരുന്നു, ആത്മീയതയില്‍ ഒരു നനവില്ലാത്ത അവസ്ഥ, ഉള്ളില്‍ കുറെ കാലമായി കെട്ടിവച്ചിരുന്ന ദുഃഖത്തിന്റെ നൊമ്പരങ്ങള്‍ കണ്ണീര്‍ച്ചാലുകളായി ഒഴുകിയിറങ്ങിയ നിമിഷങ്ങള്‍… ഒറ്റപ്പെടലിന്റെ ചില അനുഭവങ്ങള്‍ ആ വ്യക്തിയുമായി പങ്കിട്ടു. എല്ലാം കേട്ടിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, ”ഫിലോസഫി പറയുവാണെന്ന് ചിന്തിക്കരുത്. ഇത് കര്‍ത്താവിന്റെ സ്വാര്‍ത്ഥതയാണ്. അവനെമാത്രം ആശ്രയിക്കാന്‍, മുറുകെ പിടിക്കാന്‍, സ്‌നേഹിക്കാന്‍, കൂട്ടുകൂടാന്‍- അവനുള്ള സ്വാര്‍ത്ഥത.”
ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്, ആ കൂട്ടം തെറ്റിയ ആടിന് സംഭവിച്ചതെന്താണെന്ന്. കൂട്ടം തെറ്റാനുള്ള കാരണം എന്ത്? മറ്റ് 99 എണ്ണവും കൂട്ടം തെറ്റാത്തതെന്ത്? അത് കര്‍ത്താവിന്റെ പരിപാടിയാണ്. മറ്റ് 99 ആടുകള്‍ക്കും കൂട്ടിന് ആരൊക്കെയോ ഉണ്ട്. അവ പരസ്പരം സ്‌നേഹം പങ്കിട്ട് കഴിയുന്നതാവാം. പക്ഷേ, കൂട്ടം തെറ്റിയ ഒരെണ്ണത്തിന് ഒരു പ്രത്യേകവിളി അവന്‍ നല്കുന്നുണ്ട്. അങ്ങനെയുള്ള ആട് ഒറ്റപ്പെടും. അതിന്റെ രീതികള്‍, അഭിപ്രായങ്ങള്‍, ആദര്‍ശങ്ങള്‍, വിശ്വാസം, ജീവിതം… എല്ലാം മറ്റ് 99-ല്‍നിന്നും വ്യത്യസ്തമായിരിക്കും. അതിനാല്‍ മറ്റ് 99-ല്‍നിന്നും അത് ഒറ്റപ്പെടല്‍ നേരിടും. പഴയ നിയമത്തിലെ ജോസഫിന്റെ ജീവിതം ഒരു ഉദാഹരണമാണ്.
ആരും മനസിലാക്കാതെ, വ്യക്തമായ പാത എന്തെന്നറിയാതെ, നൊമ്പരപ്പെട്ട്, കണ്ണുകള്‍ മങ്ങി, അത് ജീവിതമാകുന്ന മരുഭൂമിയില്‍ അലയുന്നു. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമെല്ലാം ഒറ്റപ്പെടുന്ന ഒന്ന്… വാസ്തവത്തില്‍, കൂട്ടം തെറ്റാന്‍ അനുവദിക്കുക എന്നത് കര്‍ത്താവീശോമിശിഹായുടെ ഒരു പരിപാടിയാണ്. എന്തിനാണെന്നറിയാമോ, കൂട്ടം തെറ്റുമ്പോഴാണ് അവന്‍ ഇടയന്റെയടുക്കലേക്ക് ഒറ്റയ്ക്ക് മടങ്ങിയെത്തുന്നത്. മറ്റ് സ്‌നേഹങ്ങള്‍ക്കിടയില്‍ ദൈവസ്‌നേഹം ആഴത്തില്‍ അനുഭവിക്കാനാവില്ല. എന്നാല്‍ ഒറ്റപ്പെടലിന്റെ ഏകാന്തനിമിഷങ്ങളില്‍ നമ്മിലേക്ക് ഒഴുക്കപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ ആഴം തിരിച്ചറിയാന്‍ സാധിക്കുന്നു.
”നിങ്ങളിലാരാണ് തനിക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടി പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു” (ലൂക്കാ 15/4-5). കാണാതായ ആടിനെ കണ്ടുകിട്ടുമ്പോള്‍ ഇടയന്‍ അതിനെ തോളിലേറ്റുന്നതും നെഞ്ചോടണയ്ക്കുന്നതുംപോലെ, നാഥന്റെ തോളിലേറി സവാരി ചെയ്യാനും അവന്റെ ചങ്കോട് ചേര്‍ന്നുകിടക്കാനുമുള്ള അവസരങ്ങളായി ഓരോ ഒറ്റപ്പെടലും മാറട്ടെ. അപ്പോള്‍ ഓരോ മാറ്റിനിര്‍ത്തലിലും സഹിക്കാനും ക്ഷമിക്കാനും സ്‌നേഹിക്കാനും അതിജീവിക്കാനും നമ്മിലേക്ക് ഒഴുകുന്ന അവന്റെ സ്‌നേഹം നുകരാം.
‘ഫിലോസഫി’ പറഞ്ഞ സുഹൃത്തിന് നന്ദി! കാരണം ഇപ്പോള്‍ സവാരി മുഴുവന്‍ നാഥന്റെ തോളിലും ഉറക്കം അവന്റെ ചങ്കിന്റെ ചൂടേറ്റുമാണ്.
ജോര്‍ജ് ജോസഫ്