സത്യസന്ധതയെക്കുറിച്ച് തന്റെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കണമോ എന്ന് വേദപാഠ അധ്യാപകന് സംശയം. അവര്‍ക്കതെല്ലാം അറിയാമല്ലോ എന്നദ്ദേഹം ചിന്തിച്ചു.
എന്തായാലും കുട്ടികളോട് അദ്ദേഹം നിര്‍ദേശിച്ചു, ”അടുത്തയാഴ്ച സത്യസന്ധത എന്ന വിഷയത്തെക്കുറിച്ചായിരിക്കും നാം പഠിക്കുക. നിങ്ങളെല്ലാവരും വി. മര്‍ക്കോസിന്റെ സുവിശേഷം 17-ാം അധ്യായം വായിച്ചിട്ട് വരണം.”
പിറ്റേ ആഴ്ച ദിവ്യബലി കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ പറഞ്ഞു, ”മര്‍ക്കോസ് 17-ാം അധ്യായം വായിച്ചവര്‍ കൈയുയര്‍ത്തുക.” ഒരു കുട്ടിയൊഴികെ എല്ലാവരും കൈയുയര്‍ത്തി.
കൈയുയര്‍ത്താതെ ഇരിക്കുന്ന കുട്ടിയോട് അധ്യാപകന്‍ ചെറുപുഞ്ചിരിയോടെ ചോദിച്ചു, ”എന്താ മോനേ, നീ വായിക്കാതിരുന്നത്?”
”മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ആകെ 16 അധ്യായമേ ഞാന്‍ കണ്ടുള്ളൂ സാര്‍.”
മറ്റ് കുട്ടികള്‍ പരസ്പരം നോക്കി. പിന്നെ സാറിന്റെ മുഖത്തേക്കും.
സാര്‍ അവരോട് പറഞ്ഞു, ”ഇവന്‍ പറഞ്ഞത് ശരിയാണ്, മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 16 അധ്യായങ്ങളേ ഉള്ളൂ. പക്ഷേ എന്റെ മുന്നില്‍ നല്ല കുട്ടികളാണെന്ന് ഭാവിക്കാനായി നിങ്ങള്‍ കള്ളം പറഞ്ഞു.”
കുട്ടികള്‍ തല താഴ്ത്തിയിരുന്നപ്പോള്‍, ‘സാരമില്ല, ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ മതി’ എന്നു പറഞ്ഞ് സാര്‍ അവരെ ആശ്വസിപ്പിച്ചു. അദേഹം തുടര്‍ന്നു, ”സത്യം വെടിയാതിരുന്നാല്‍ ദൈവം നമുക്കുവേണ്ടി പൊരുതുമെന്നാണ് വചനത്തില്‍ നല്കപ്പെട്ടിരിക്കുന്ന വാഗ്ദാനം.”
”മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്; ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടി പൊരുതിക്കൊള്ളും” (പ്രഭാഷകന്‍ 4/28)