അവിടെ ഇതുക്കുംമേലെ… – Shalom Times Shalom Times |
Welcome to Shalom Times

അവിടെ ഇതുക്കുംമേലെ…

 

‘വലിയ നദിപോലെ ശക്തവും എന്നാല്‍ ഹൃദ്യവുമായ പ്രകാശം ഒഴുകിവരുന്നു. അടുത്തെത്തിയപ്പോള്‍, പ്രകാശനദിയല്ല, പ്രഭാപൂരിതരായ അസംഖ്യം മാലാഖമാര്‍ പ്രദക്ഷിണമായി ഒഴുകിയെത്തുന്നതാണ്. അവര്‍ ആനന്ദനൃത്തമാടുന്നു, പൂവിതളുകള്‍ വര്‍ഷിക്കുന്നു, വിജയഭേരിയാല്‍ ആര്‍പ്പിടുന്നു. വാദ്യോപകരണങ്ങളുടെയും ദൈവദൂതരുടെയും അലൗകിക സംഗീതത്തില്‍ സ്വയം മറന്നുനില്‌ക്കെ മാലാഖമാരുടെ അകമ്പടിയാല്‍ സംവാഹികയാകുന്നു തേജോമയിയായ ഒരു യുവതി. അവരുടെ മഹത്വത്തിനും ബഹുമാനാര്‍ത്ഥവും നടത്തപ്പെടുന്ന സ്വര്‍ഗീയ പ്രദക്ഷിണത്തിന്റെ ഗാംഭീര്യം കണ്ട്, അത് പരിശുദ്ധ കന്യാമറിയമാണെന്ന് ഉറപ്പിച്ചു. ഇത്ര മഹത്വവും തേജസും ആദരവും മറ്റാര്‍ക്ക് ലഭിക്കാന്‍…! ‘അല്ല, ഇത് നീ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു വ്യക്തിയാണ്’ എന്ന് പെട്ടെന്ന് തിരുത്തപ്പെട്ടു.’ സി.എസ് ലെവിസിന്റെ ‘ദ ഗ്രേറ്റ് ഡിവോഴ്‌സ്’ എന്ന കൃതിയിലെ ഒരു സംഭവമാണിത്.
വചനപ്രഘോഷകയല്ല ഇവള്‍, ഗ്രന്ഥകാരിയോ നടിയോ പൊതുപ്രവര്‍ത്തകയോ മീഡിയാതാരമോ പ്രശസ്തിയാര്‍ജിച്ചവളോ അല്ല. ഇംഗ്ലണ്ടിലെ ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ ആരാലും അറിയപ്പെടാതെ തികച്ചും സാധാരണജീവിതം നയിച്ച സാറാ ജയിന്‍ സ്മിത്ത് എന്ന കുടുംബിനിയാണത്.

അനുദിനജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ തികഞ്ഞ സ്‌നേഹത്തോടെ നിര്‍വഹിച്ചു. അനേകം കുഞ്ഞുങ്ങളെ സ്‌നേഹിച്ചു പരിപാലിച്ചു. എല്ലാവരോടും ദയ കാണിച്ചു. ജീവജാലങ്ങളും അവളുടെ സ്‌നേഹവലയത്തിലായിരുന്നു. കുഞ്ഞുങ്ങള്‍ അവളില്‍നിന്ന് അകന്നപ്പോഴും അവരെ സ്‌നേഹിച്ചുകൊണ്ടേയിരുന്നു. അസഹനീയമായ ഭര്‍ത്താവിന്റെ കുറവുകള്‍ ക്ഷമയോടെ സ്‌നേഹിച്ച് ശുശ്രൂഷിച്ചു. സാറായുടെ സുഹൃത്തുക്കള്‍ അവരുടെ ജീവിതപങ്കാളിമാരെയും കുഞ്ഞുങ്ങളെയും കൂടുതല്‍ സ്‌നേഹിക്കാന്‍ അവള്‍ നിദാനമായി. ലോകജീവിതത്തിന്റെ ദുഃഖദുരിതങ്ങള്‍ സ്‌നേഹത്താല്‍ വിജയിച്ചു, സുഖസന്തോഷങ്ങള്‍ സ്‌നേഹത്തില്‍ ലയിപ്പിച്ചു. ഇപ്പോള്‍ ഇതാ സാറാ, ഈശോ വാഗ്ദാനം ചെയ്ത അനന്തസ്‌നേഹത്തിന്റെ നിത്യജീവനിലേക്ക് പ്രവേശിച്ചിരിക്കുന്നു…!
വിശ്വസ്തതയോടും സ്‌നേഹത്തോടും സാധാരണജീവിതം നയിക്കുന്നവര്‍ക്കുപോലും സ്വര്‍ഗത്തില്‍ വിസ്മയാവഹമായ മഹത്വം ലഭ്യമാകും എന്ന് അനുസ്മരിപ്പിക്കുകയാണ് ഈ സംഭവം. ”സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” എന്ന് മത്തായി 5/12-ല്‍ ഈശോ വ്യക്തമാക്കുന്നുണ്ടല്ലോ. ഈശോ വിശുദ്ധ ജെര്‍ത്രൂദിനോട് പറഞ്ഞു: ”സ്വര്‍ഗത്തിലെ ഏറ്റവും ചെറിയ വിശുദ്ധരുടെ മഹത്വംപോലും നിനക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിലും വലുതാണ്.”
അറിയപ്പെടുന്ന വന്‍കാര്യങ്ങള്‍ ചെയ്തവരും സഭ വിശുദ്ധരെന്ന് പ്രഖ്യാപിച്ചവരും മാത്രമല്ല സ്വര്‍ഗീയമഹത്വം സ്വന്തമാക്കിയവര്‍. കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ പരാതികളില്ലാതെ പുണ്യങ്ങളാക്കുന്ന, കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്ന വീട്ടമ്മയും പുരയിടങ്ങളിലും പണിപ്പുരകളിലും പകലന്തിയോളം സ്‌നേഹാദ്ധ്വാനത്താല്‍ അപ്പമാകുന്ന അപ്പന്മാരും മാതാപിതാക്കള്‍ക്കും കൂടപ്പിറപ്പുകള്‍ക്കുമായി സ്വയം ത്യജിക്കുന്ന സഹോദരങ്ങളുമെല്ലാം വിശുദ്ധരുടെ ഗണത്തിലുണ്ട്.

സാഹചര്യം ഏതുമായിക്കൊള്ളട്ടെ, കൃത്യമായി നിറവേറ്റുന്ന ഉത്തരവാദിത്വങ്ങളില്‍ നിറയെ സ്‌നേഹമാണോ? ഈശോയോട് ചേര്‍ന്ന്, അവിടുത്തേക്ക് ഇഷ്ടംമാകുംപോലെയാണോ ജീവിതം? ഇവിടെ ദൈവത്തോടൊപ്പമെങ്കില്‍ അവിടെ നിത്യം അവിടുത്തോടൊപ്പം തന്നെ. എന്നാല്‍ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുമ്പോഴും ഓരോരുത്തരുടെയും പ്രവൃത്തികള്‍ക്ക്, സ്‌നേഹത്തിന് ആനുപാതികമായ മഹത്വമാണ് ലഭിക്കുക. പ്രവൃത്തികള്‍ കുറ്റമറ്റവയായിരുന്നാലും സ്‌നേഹമാണ് പൂര്‍ണത
പകരുന്നത്.
”ഇതാ ഞാന്‍ വേഗം വരുന്നു, എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണ് ഞാന്‍ വരുന്നത്” (വെളിപാട് 22/12).

കര്‍ത്താവേ, സ്വര്‍ഗത്തിനുവേണ്ടി ജീവിക്കാതെ ഉന്നതസ്വര്‍ഗീയമഹത്വത്തിനായി സ്‌നേഹത്തിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍
കൃപയേകിയാലും, ആമ്മേന്‍.