വര്‍ഷം 1827. അന്ന് പന്ത്രണ്ടു വയസുകാരനായ ഡോണ്‍ ബോസ്‌കോ മാലാഖയെപ്പോലുള്ള ഒരു വൈദികനെ കണ്ടു. അവന്‍ അദ്ദേഹത്തോട് ചോദിച്ചു, ”ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കുറച്ചു കളികള്‍ കാണണോ താങ്കള്‍ക്ക്? അതെല്ലാം ഞാന്‍ ചുറ്റിനും നടന്ന് കാണിക്കാം.”’ ആ വൈദികന്‍ ഉടനെ നല്കിയ മറുപടി ഇങ്ങനെയായിരുന്നു, ”എന്റെ കുഞ്ഞു സുഹൃത്തേ, വൈദികരുടെ നേരമ്പോക്കും വിനോദവുമൊക്കെ ദൈവാലയകാര്യങ്ങളിലാണ്. അതെത്ര നന്നായി ചെയ്യുന്നോ അത്രയ്ക്കും അവര്‍ ആസ്വദിക്കുന്നു. ഒരാള്‍ പുരോഹിതനാകുമ്പോള്‍ തന്നെത്തന്നെ കര്‍ത്താവിന് നല്‍കുകയാണ്. ഈ ലോകത്തില്‍ എന്തൊക്കെയുണ്ടായാലും ദൈവമഹത്വത്തിനായും ആത്മാക്കളുടെ രക്ഷക്കായും ചെയ്യുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ പ്രാധാന്യം വേറെ ഒന്നിനും അവന്‍ ഹൃദയത്തില്‍ കൊടുക്കരുത്.”
ജോണ്‍ അമ്മയോട് ഇതെല്ലാം പറയാന്‍ വീട്ടിലേക്കോടി, ”ഞാന്‍ അദ്ദേഹത്തെ കണ്ടു! ഞാന്‍ സംസാരിച്ചു! ജോസഫ് കഫാസ്സൊ. അദ്ദേഹം ഒരു വിശുദ്ധനാണ്! ശരിക്കും!”’ പിന്നീട് ഫാ. ജോസഫ് കഫാസ്സോ ജോണ്‍ ബോസ്‌കോയ്ക്ക് ഒരു മാതൃക ആയെന്ന് മാത്രമല്ല, സെമിനാരിയില്‍ വന്നുകഴിഞ്ഞുള്ള ഓരോ ചുവടിലും ആത്മീയോപദേശകനായി കൂടെത്തന്നെയുണ്ടായിരുന്നു. ഡോണ്‍ ബോസ്‌കോയുടെ കുമ്പസാരക്കാരനുമായിരുന്നു അദ്ദേഹം. പണത്തിന് ആവശ്യമുള്ളപ്പോഴെല്ലാം അവന്റെ സഹായത്തിനെത്തി.
1811 ജനുവരി 15-നാണ് വടക്കന്‍ ഇറ്റലിയില്‍ ടൂറിനിലുള്ള കാസില്‍നുവോവോ ദ് ആസ്തി എന്നയിടത്ത് കഫാസ്സോ ജനിക്കുന്നത്. അനുസരണം, പഠനത്തോടുള്ള ആഭിമുഖ്യം, ദൃഢമായ പ്രാര്‍ത്ഥനാജീവിതം ഇതൊക്കെക്കൊണ്ട് സമ്പന്നമായിരുന്നു അവന്റെ ബാല്യകാലജീവിതം. 10 വയസ്സാകുമ്പോഴേക്ക് ആ ടൗണിലെ ചെറിയൊരു അപ്പസ്‌തോലന്റെ പരിവേഷമായിരുന്നു അവന്. ആര്‍ക്കെങ്കിലും നല്ല ഉപദേശം കൊടുക്കാന്‍ സാധിച്ചാല്‍, തിന്മ ചെയ്യുന്നതില്‍നിന്ന് ആരെയെങ്കിലും തടയാന്‍ കഴിഞ്ഞാല്‍ അവന്റെ സന്തോഷത്തിന് അതിരുണ്ടാവില്ല. വലുതാവുംതോറും കൗമാരക്കാരെയും യുവാക്കളെയും പ്രത്യേക വാത്സല്യത്തോടെ നന്മയിലേക്ക് നയിച്ചു. ക്രൈസ്തവമൂല്യങ്ങള്‍ പഠിപ്പിച്ചും ഭക്ഷണവും വസ്ത്രവും കൊടുത്തും ജോലി കിട്ടാന്‍ സഹായിച്ചും ഫീസ് കൊടുക്കാന്‍ താങ്ങായുമൊക്കെ, തന്റെ പതിനഞ്ചാം വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നത് മുതല്‍ പുരോഹിതനായി കഴിഞ്ഞും യുവാക്കളെ കഫാസ്സോ നയിച്ചു.
വിസ്മയമായ പുരോഹിതന്‍!
1833ല്‍ ആണ് ജോസഫ് കഫാസ്സോ പൗരോഹിത്യം സ്വീകരിച്ചത്. ഡോണ്‍ ഗ്വാല എന്ന വിശുദ്ധനായൊരു പുരോഹിതന്‍ നടത്തിയിരുന്ന ‘കൊണ്‍വിത്തോ എക്ലേസിയാസ്തിക്കോ’ എന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് യുവവൈദികര്‍ക്ക് പരിശീലനം കൊടുക്കുന്നത് അഭ്യസിച്ചു. മൂന്ന് കൊല്ലത്തിന് ശേഷം ഡോണ്‍ ഗ്വാലയുടെ അപേക്ഷപ്രകാരം അവിടെ തന്നെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസര്‍ ആയി, 1844-ല്‍ റെക്ടറും ആയി.
വൈദികര്‍ അദ്ദേഹത്തിന്റെ സമ്മേളനങ്ങളിലേക്കും ധ്യാനശുശ്രൂഷകളിലേക്കും ഒഴുകിയെത്തി. കുമ്പസാരക്കൂടില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി. ആവശ്യമായ പുസ്തകങ്ങള്‍ കൊടുത്തും പഠനം പൂര്‍ത്തീകരിക്കാനുള്ള പണം കൊടുത്തും കഫാസ്സോ സഹായിച്ച വൈദികര്‍ ഏറെയാണ്. ‘വൈദികരുടെ വൈദികന്‍’ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത് ഇതൊക്കെക്കൊണ്ടാണ്.
നല്ല വൈദികരെ വാര്‍ത്തെടുക്കുക എന്നതായിരുന്നു കഫാസ്സോ സ്വയം ഏറ്റെടുത്ത പ്രധാന ദൗത്യമെങ്കിലും അല്മായരുടെ ആവശ്യങ്ങളിലും സഹായിക്കാന്‍ അദ്ദേഹം മടി കാണിച്ചില്ല. ഓരോ ദിവസവും മണിക്കൂറുകളോളം കുമ്പസാരക്കൂട്ടിലിരുന്നു. ഉപദേശവും സഹായവും ചോദിച്ചുവരുന്നവര്‍ക്ക് കഫാസ്സോയുടെ മുറി എപ്പോഴും തുറന്നുകിടന്നു. രോഗികള്‍ക്ക് വേണ്ടിയും മരിക്കുന്നവര്‍ക്ക് വേണ്ടിയുമുള്ള ശുശ്രൂഷകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
ഒരിക്കല്‍, അനേകവര്‍ഷങ്ങളായി കുമ്പസാരിക്കാന്‍ കൂട്ടാക്കാത്ത ഒരു രോഗിയെ സന്ദര്‍ശിക്കുകയായിരുന്നു ജോസഫ് കഫാസ്സോ. ”എന്താണ് നിങ്ങളുടെ പേര്?” കഫാസ്സോ ചോദിച്ചു. ”ജെയിംസ്,” അയാള്‍ പറഞ്ഞു. ”ശരി, പക്ഷേ ജെയിംസ് എന്ന് പേരുള്ള എല്ലാവരും കൂടെക്കൂടെ കുമ്പസാരിക്കാറുണ്ടല്ലോ, അതറിയില്ലേ? അതുകൊണ്ട് താങ്കളും കുമ്പസാരിക്കണം കേട്ടോ.” കണ്ണടച്ചുകാണിച്ചുകൊണ്ട് കഫാസ്സോ പറഞ്ഞു. ആ വ്യക്തി താമസിയാതെ കുമ്പസാരിച്ചു.
അന്ത്യനിമിഷങ്ങളില്‍ ഡോണ്‍ കഫാസ്സോയാല്‍ മരണത്തിനൊരുക്കപ്പെടുക എന്നുവെച്ചാല്‍ നിത്യരക്ഷ ലഭിക്കുന്നതിന്റെ അടയാളമായി പോലും കരുതപ്പെട്ടിരുന്നു. പലരും ഇങ്ങനെ പറയുന്നത് സാധാരണമായിരുന്നു, ”എന്നെ സഹായിക്കാന്‍ ഫാ.കഫാസ്സോ ഇവിടെയുണ്ടെങ്കില്‍ ഈ നിമിഷം മരിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ!!”
കഴുമരത്തിന്റെ പുരോഹിതന്‍ !
ടൂറിനിലെ നാല് ജയിലുകളിലെ ചാപ്ലൈന്‍ ആയിരുന്നു ഡോണ്‍ കഫാസ്സോ. ആയുധം ധരിച്ച ഗാര്‍ഡുകള്‍ക്കോ ഇരുമ്പുവാതിലുകള്‍ക്കോ ഇരുട്ടിനോ, പരിസരത്തെ അഴുക്കിനോ ചില കുറ്റവാളികളുടെ പേടിപ്പെടുത്തുന്ന ആകാരത്തിനോ, ഒന്നിനും, ആ വൈദികനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പതിവായി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു, തടവുകാരുടെ കുമ്പസാരം കേട്ടു. വളരെ പെട്ടെന്നുതന്നെ, നരകത്തിലെ തടവറ എന്ന് തോന്നിയിരുന്ന ആ ജയിലറകള്‍ മനുഷ്യരുടെ വാസസ്ഥലമായി രൂപാന്തരപ്പെട്ടു. ക്രിസ്ത്യാനി ആകേണ്ടതെങ്ങനെ എന്നറിഞ്ഞ ആ മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കാനും സ്രഷ്ടാവായ ദൈവത്തെ സേവിക്കാനും ഈശോയുടെ തിരുനാമത്തിന് സ്തുതിഗീതങ്ങള്‍ പാടാനും തുടങ്ങി!
ഡോണ്‍ കഫാസ്സോയുടെ പൗരോഹിത്യജീവിതത്തിനിടയില്‍, വധശിക്ഷക്ക് വിധിക്കപെട്ട 68 മനുഷ്യരെയാണ് അദ്ദേഹം മരണത്തിനൊരുക്കിയത്. വധശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ ഫാ.കഫാസ്സോ അവരെ കൂടെക്കൂടെ സന്ദര്‍ശിക്കുമായിരുന്നു. അവരുടെ അവസാന രാത്രിയില്‍ അദ്ദേഹം അവരുടെ കൂടെത്തന്നെ നില്‍ക്കും. പ്രഭാതത്തില്‍ അവര്‍ക്കായി ദിവ്യബലി അര്‍പ്പിക്കും, ദിവ്യകാരുണ്യം നല്‍കും, നന്ദിപ്രകരണങ്ങള്‍ ചൊല്ലിക്കും. സ്വര്‍ഗത്തില്‍ കൊടുക്കാനായി ചെറിയ സന്ദേശങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുകപോലും ചെയ്തു അദ്ദേഹം!
അവരെയും കൊണ്ട് വാഹനം വധശിക്ഷ നടത്തുന്നിടത്തേക്ക്, ദുഖകരമായ മരണമണി മുഴങ്ങുന്നിടത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ കഫാസ്സോ അവരുടെ അരികിലിരിക്കുമായിരുന്നു. ക്രൂശിതരൂപം കാണിച്ചുകൊണ്ട് പറയും, ”നിങ്ങളെ ഭയപ്പെടുത്താത്ത, ഉപേക്ഷിക്കാത്ത സുഹൃത്താണിത്. അവനില്‍ പ്രത്യാശയര്‍പ്പിക്കൂ, പിന്നെ സ്വര്‍ഗം നിങ്ങളുടേതാണ്.” ഇപ്രകാരം അദ്ദേഹം ഉപയോഗിച്ചിരുന്ന ക്രൂശിതരൂപം ഇപ്പോഴും ടൂറിനിലെ Little House of Divine Providence-ല്‍ സൂക്ഷിച്ചിട്ടുണ്ട്.
കാത്തുനിന്ന സ്വര്‍ഗം
ജോണ്‍ കഫാസ്സോക്ക് പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുണ്ടായിരുന്നു, ശനിയാഴ്ചകള്‍ എല്ലാം പരിശുദ്ധ അമ്മക്ക് സമര്‍പ്പിക്കപ്പെട്ടതായതുകൊണ്ട് അന്ന് ഉപവാസമെടുത്ത്, മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലിയിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു, പരിശുദ്ധ അമ്മയോട് സ്‌നേഹത്തിലായിരിക്കെ മരിക്കാന്‍ കഴിയുന്നത് എത്ര മനോഹരമായിരിക്കും? അവള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസത്തില്‍ മരിക്കാന്‍ സാധിക്കുന്നത്! അവളുടെ ഒപ്പം സ്വര്‍ഗത്തിലേക്ക് കരേറാന്‍ സാധിക്കുന്നത്! നിത്യകാലം മുഴുവന്‍ അവളോടൊത്തായിരിക്കുന്ന സന്തോഷം അനുഭവിക്കുന്നത്!
കഫാസ്സോയുടെ അവസാനത്തെ അസുഖം ശ്വാസകോശത്തിലെ അണുബാധയായിരുന്നു, ഒപ്പം ഉദരത്തില്‍ രക്തസ്രാവവും. മരിക്കുന്നതിനുമുമ്പ് എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തി മരണത്തിനൊരുങ്ങി. 1860 ജൂണ്‍ 23-ന്, അനേകരുടെ മരണത്തിന് തുണയായ കഫാസ്സോ മരിക്കുന്നതിന് മുന്‍പ്, അന്ത്യകൂദാശയും എല്ലാവിധ ഒരുക്കങ്ങളും ആശ്വാസങ്ങളും ലഭിച്ചിരുന്നു. ആഗ്രഹംപോലെതന്നെ അത് ഒരു ശനിയാഴ്ചയായിരുന്നു!
1925ല്‍ വാഴ്ത്തപ്പെട്ടവനായ ജോസഫ് കഫാസ്സോ 1947ല്‍ കത്തോലിക്കാസഭയുടെ വിശുദ്ധരിലൊരാളായി ഉയര്‍ത്തപ്പെട്ടു. തടവുപുള്ളികളുടെ മധ്യസ്ഥന്‍ ആണ് വിശുദ്ധ ജോസഫ് കഫാസ്സോ. സ്വന്തം സമര്‍പ്പിതജീവിതം വഴി പുരോഹിതര്‍ക്ക് നല്‍കിയ മാതൃകയും നൂറുകണക്കിന് വൈദികരെ വാര്‍ത്തെടുക്കുന്നതില്‍ കാണിച്ച തീക്ഷ്ണതയും ഒക്കെക്കൊണ്ട്, പീയൂസ് പതിനൊന്നാം പാപ്പ കഫാസ്സോയെ വിളിച്ചത് ‘ഇറ്റാലിയന്‍ പുരോഹിതരിലെ മുത്ത്’ എന്നാണ്.
ജില്‍സ ജോയ്
തൃശൂര്‍ സ്വദേശിനിയായ ജില്‍സ കുടുംബസമേതം ദുബായില്‍ താമസിക്കുന്നു.
ഭര്‍ത്താവ്: ജോയ്, മക്കള്‍: ഏയ്ബല്‍, ആന്‍.