ദൈവത്തിന്റെ നെയില്‍ കട്ടര്‍ – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തിന്റെ നെയില്‍ കട്ടര്‍

ഞങ്ങള്‍ അതിയായ സന്തോഷത്തോടെ ജീവിച്ചിരുന്ന നൊവിഷ്യേറ്റ് കാലം. നോവിസുകള്‍ക്ക് ആവശ്യമുള്ളതെല്ലാം പൊതുവായ സ്ഥലത്താണ് വയ്ക്കുക. നെയില്‍ കട്ടറും അങ്ങനെതന്നെയാണ് വച്ചിരുന്നത്. പലപ്പോഴും നഖം വെട്ടണമെന്ന് തോന്നുമ്പോള്‍ മുറിയില്‍നിന്ന് അത് വച്ചിരിക്കുന്നിടത്തേക്ക് പോയി എടുക്കണം. അങ്ങോട്ട് പോവുമ്പോഴാകട്ടെ എടുക്കാന്‍ മറന്നുംപോകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി, അമ്മയോട് ഒരെണ്ണം വാങ്ങിത്തരാന്‍ പറയാമെന്ന് കരുതി. പക്ഷേ അമ്മയ്ക്ക് ഫോണ്‍ ചെയ്ത് പലവിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഇക്കാര്യം വിട്ടുപോകും. കാണാന്‍ വരുമ്പോള്‍ പറയാമെന്ന് വിചാരിച്ചാലും അമ്മ മടങ്ങിപ്പോയിക്കഴിയുമ്പോഴാണ് ഓര്‍മ്മ വരിക. ഇനിയെന്തുചെയ്യും?

‘എന്റെ ദൈവമേ, അടുത്ത പ്രാവശ്യമെങ്കിലും അമ്മ എന്നെ കാണാന്‍ വരുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കണേ….’ അങ്ങനെയിരിക്കേ ഒരു ദിവസം അമ്മ വന്നു. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടക്ക് അമ്മ പറഞ്ഞു, ”മോളേ, നിനക്കുവേണ്ടി ഒരു സാധനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.” തുടര്‍ന്ന് ബാഗില്‍നിന്ന് ഒരു നെയില്‍ കട്ടര്‍ എടുത്ത് എനിക്ക് തന്നു. അതില്‍ ഒരു വാചകം പ്രിന്റ് ചെയ്തിട്ടുമുണ്ട്, ”Smile, God Loves You!” ഇങ്ങനെ എഴുതിയ ഒരു നെയില്‍ കട്ടര്‍ ഞാന്‍ ആദ്യം കാണുകയാണ്. ഈശോയുടെ സ്‌നേഹം!

എന്റെ ഒരു ചെറിയ ആഗ്രഹംപോലും കണ്ടറിഞ്ഞ് സാധിച്ചുതന്ന ഈശോയുടെ സ്‌നേഹം എന്നെ സന്തോഷംകൊണ്ട് നിറച്ചു. ”നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു” (മത്തായി 6/8).
സിസ്റ്റര്‍ മേരി ക്രിസ്റ്റബെല്ല PCPA