ദൈവം ലഹരിയായി മാറിയ പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ദൈവം ലഹരിയായി മാറിയ പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയില്‍ ഈശോയോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍ പല അനുഭവങ്ങളും ഈശോ തരും. ഒരിക്കല്‍ വെള്ള തിരുവസ്ത്രമണിഞ്ഞ് ഒത്ത ഉയരമുള്ള ഈശോ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന അനുഭവമുണ്ടായി. മറ്റൊരിക്കല്‍ നിത്യജീവന്റെ കിരീടം അണിയിക്കുമെന്ന് ഈശോ പറഞ്ഞുതന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന മുറിയില്‍ത്തന്നെ 33 പ്രാവശ്യത്തോളം ഈശോ വന്നിട്ടുണ്ട്. പല വിശുദ്ധരും വന്നിട്ടുണ്ട്. ഒരു സമയത്ത് ഈശോയും 12 ശ്ലീഹന്‍മാരും തുടര്‍ച്ചയായി കാണപ്പെട്ടിരുന്നു. ഞങ്ങളുടേത് ഒരു കൊച്ചുവീടാണ്. പക്ഷേ എത്രയോ അനേകം തവണ ഈശോ ഈ വീട്ടില്‍ തന്റെ പ്രത്യക്ഷസാന്നിധ്യം നല്കി അനുഗ്രഹിച്ചിരിക്കുന്നു! 2009 മുതല്‍ 2011 വരെയുള്ള കാലങ്ങളില്‍ പ്രാര്‍ത്ഥനാസമയത്ത് എപ്പോഴും പരിമളം ഉയരുമായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ ഇടവകദൈവാലയത്തിലെ വികാരിയച്ചന്‍ ഇവിടത്തെ ദൈവസാന്നിധ്യാനുഭവം ആസ്വദിക്കാനായി എട്ടുദിവസം ഇവിടെ വന്നിരുന്ന് പ്രാര്‍ത്ഥിച്ചു. അത്രമാത്രം അനുഗ്രഹങ്ങളാണ് ഈശോയോട് ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്നത്.

കുടുംബസ്ഥനും കര്‍ഷകനുമായ എന്റെ ഏതാണ്ടൊരു ജീവിതചര്യ ഇങ്ങനെയാണ്: രാത്രി 12 മണിക്കുശേഷം എപ്പോഴാണോ ഉറക്കം തെളിയുന്നത് അപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പ്രാര്‍ത്ഥിക്കും. പിന്നെ ഉറക്കം വരികയാണെങ്കില്‍ ഉറങ്ങും. അല്ലെങ്കില്‍ വീണ്ടും പ്രാര്‍ത്ഥന തുടരും. പ്രഭാതത്തില്‍ പ്രാര്‍ത്ഥന. പ്രഭാതഭക്ഷണത്തിനുശേഷം പറമ്പില്‍ റബ്ബര്‍ വെട്ടുകയോ മറ്റ് ജോലികളിലേര്‍പ്പെടുകയോ ചെയ്യുന്നതിനൊപ്പവും പ്രാര്‍ത്ഥന. ഉച്ചയ്ക്ക് ഭക്ഷണത്തിനുമുമ്പ് വീണ്ടും പ്രാര്‍ത്ഥന. ഉച്ചയ്ക്ക് ഒരു മയക്കം കഴിഞ്ഞെഴുന്നേറ്റാല്‍ പ്രാര്‍ത്ഥിക്കും. സന്ധ്യക്കുതന്നെ അത്താഴം കഴിക്കും. പിന്നെ കുടുംബപ്രാര്‍ത്ഥന. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ഒരു മണിക്കൂറോളം സമയം വചനം കേള്‍ക്കും. ശേഷം രാത്രിയുറക്കം. മിക്കവാറും പ്രാര്‍ത്ഥനകളില്‍ ഭാര്യയും ഒപ്പമുണ്ടാകും.

ഒരു സാധാരണക്കാരന് ഇത്രയുമൊക്കെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചേക്കാം. തീര്‍ച്ചയായും സാധിക്കും, കാരണം പ്രാര്‍ത്ഥിക്കുന്നത് ഞങ്ങള്‍ക്ക് വളരെ മധുരമുള്ളൊരു അനുഭവമാണ്. വാസ്തവത്തില്‍, പ്രാര്‍ത്ഥിക്കുകയോ കൃത്യമായി ദൈവാലയത്തില്‍ പോകുകയോ ഒന്നും ചെയ്യാത്ത ഒരു കാലം എനിക്കുണ്ടായിരുന്നു. കടുത്ത അവഗണനയും ഒറ്റപ്പെടലും നിമിത്തം മുറിവേറ്റ ഒരു ജീവിതവുമായിരുന്നു എന്റേത്. മദ്യപാനവും അതിനുചേര്‍ന്ന കൂട്ടുകാരുമൊക്കെയായി ജീവിതം നീങ്ങി. അതിനിടയില്‍ നാല്പത്തിയാറ് വര്‍ഷം മുമ്പ് വിവാഹിതനായെങ്കിലും എന്റെ സ്വഭാവത്തില്‍ മാറ്റമൊന്നും വന്നില്ല.

ജീവിതം മാറുന്നു…
എന്നാല്‍ 1992 ജൂലൈ 19-ന് മുരിങ്ങൂരില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തതോടെ ജീവിതമാകെ മാറുകയായിരുന്നു. പിന്നീട് ദൈവാലയത്തില്‍ പോകുന്നതിലും തനിയെ പ്രാര്‍ത്ഥിക്കുന്നതിലുമെല്ലാം താത്പര്യം കൂടിവന്നു. ധ്യാനം കഴിഞ്ഞപ്പോള്‍മുതല്‍ തുടങ്ങിയതാണ് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള പ്രാര്‍ത്ഥന. ഉറങ്ങിപ്പോയാല്‍പ്പോലും പാപത്തില്‍ വീണ ആത്മാക്കളുടെ അവസ്ഥയെ ഓര്‍മിപ്പിക്കുംവിധം ഇരുട്ടില്‍ അഴുക്കുപിടിച്ച സ്ഥലത്ത് നടക്കുന്നതുപോലെയെല്ലാം സ്വപ്‌നം കാണും. അതോടെ എഴുന്നേല്‍ക്കും. മുമ്പൊക്കെ മൂന്ന് മണി എന്നായിരുന്നെങ്കിലും പിന്നീട് പന്ത്രണ്ട് മണിക്കുശേഷം എപ്പോള്‍ ഉണര്‍ന്നാലും ഒരു മണിക്കൂറിലധികം പ്രാര്‍ത്ഥിച്ചിട്ടാണ് കിടക്കുക. ഭാര്യ മേരിയും പ്രാര്‍ത്ഥനയില്‍ മിക്കവാറും എല്ലാ സമയങ്ങളിലുംതന്നെ കൂടെയുണ്ടാകും. ഞങ്ങള്‍ ഒന്നിച്ചാണ് പ്രാര്‍ത്ഥിക്കുന്നത്. മുപ്പത്തിയൊന്ന് വര്‍ഷത്തിലേറെയായി ഈ ശീലം തുടങ്ങിയിട്ട്.

പ്രാര്‍ത്ഥനകളില്‍ ആദ്യം കര്‍ത്താവിനെ സ്തുതിക്കും, പിന്നെ നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കും. കുറവുകള്‍ ക്ഷമിക്കണമേ, തിരുരക്തത്താല്‍ കഴുകണമേ എന്നാണ് അടുത്തതായി യാചിക്കുന്നത്. ആത്മാക്കളെ നേടാന്‍ കൃപ ചോദിച്ച് പ്രാര്‍ത്ഥിക്കും. പിന്നെ പരിശുദ്ധാത്മാവിന്റെ പാട്ട്. എന്നിങ്ങനെ ദൈവം നല്കുന്ന പ്രേരണയനുസരിച്ച് പ്രാര്‍ത്ഥന മുന്നോട്ടുപോകും. ഏറെ അഭിഷേകം അനുഭവപ്പെടുന്ന സമയമാണ് പ്രാര്‍ത്ഥനാസമയങ്ങള്‍. കരുണക്കൊന്ത, ജപമാല എല്ലാം ചൊല്ലും. മുമ്പെല്ലാം എന്നും പ്രഭാതത്തില്‍ അല്പം ദൂരെയുള്ള ഇടവകദൈവാലയത്തില്‍ വിശുദ്ധബലിക്ക് പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലാത്തതിനാല്‍ അതിന് സാധിക്കുന്നില്ല.

സാത്താന്‍ രോഷാകുലനാകും, പക്ഷേ…
ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവത്തിന് ഏറെ പ്രീതികരമാണെന്നതുപോലെ സാത്താനെ വളരെ രോഷാകുലനാക്കുന്നുമുണ്ട്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുമുമ്പാണ് അതുണ്ടായത്. പരിചയത്തിലുള്ള ഒരു സിസ്റ്റര്‍ ഒരു കുടുംബത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ആറ് കുട്ടികളുള്ള ഒരു കുടുംബനാഥന് മറ്റൊരു സ്ത്രീയുമായി ബന്ധം. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ട് ഭാര്യയെയും മക്കളെയും കൊന്നുകളയുമെന്ന് ഭീഷണിയുയര്‍ത്തുന്നു. കുടുംബനാഥന് ആ സ്ത്രീക്കൊപ്പം ജീവിക്കണമത്രേ. ഞങ്ങള്‍ ആ മനുഷ്യനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ സാത്താന്‍ ശാരീരികമായി ആക്രമിക്കുന്ന അനുഭവമാണ് ഉണ്ടായത്. കട്ടിലില്‍നിന്ന് വലിച്ചെറിയുക, എടുത്തെറിയുക -അങ്ങനെ പല ആക്രമണങ്ങളും ഉണ്ടായി. പക്ഷേ ഞങ്ങള്‍ വിശുദ്ധ മിഖായേലിനോടുചേര്‍ന്ന് ദൈവികസംരക്ഷണം സ്വീകരിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പതുക്കെ പൈശാചികാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെട്ടു. ആ കുടുംബനാഥനും മാനസാന്തരത്തിന്റെ വഴികളിലേക്ക് കടന്നുവന്നതായി അറിഞ്ഞു.

ആനന്ദം തന്ന് പ്രാര്‍ത്ഥിപ്പിക്കുന്ന ഈശോ
രാത്രി ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കൈവിരലുകള്‍ മടങ്ങിയിരിക്കും. അതിന്റെ അസ്വസ്ഥതകളൊന്നും ഗണ്യമാക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകും. അത് ആനന്ദകരമായ അനുഭവമായതുകൊണ്ടാണ് മറ്റ് അസ്വസ്ഥതകള്‍ പിന്തിരിപ്പിക്കാത്തത്. രാത്രിയില്‍ ഉറക്കം വരാതെ കിടക്കുമ്പോഴെല്ലാം ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലും. അത് ആര്‍ക്കുവേണ്ടിയാണെന്ന് ഈശോയ്‌ക്കേ അറിയൂ… ദിവസം മുപ്പതിലധികം ജപമാലരഹസ്യങ്ങള്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. ഒരിക്കല്‍ പല നിയോഗങ്ങള്‍ക്കായി രഹസ്യങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഈശോയോട് ചോദിച്ചു, ”ഇനി എന്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്?” അപ്പോള്‍ ഈശോ പറഞ്ഞു, ”വര്‍ഗീയതക്കും മതപീഡനത്തിനും എതിരെ.” വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. ഇന്ന് അതിന്റെ പ്രാധാന്യം എനിക്ക് മനസിലാവുന്നുണ്ട്. 24 മണിക്കൂറും ഈശോയോട് ചേര്‍ന്നിങ്ങനെ പോകും. രണ്ടോ മൂന്നോ മണിക്കൂര്‍മാത്രമായിരിക്കും നന്നായി ഉറങ്ങുന്നത്. പക്ഷേ വലിയ ക്ഷീണമൊന്നും അനുഭവപ്പെടാറില്ല. അത് കര്‍ത്താവ് നല്കുന്ന വലിയൊരു കൃപയാണ്.

ഒരിക്കല്‍ തല പൊട്ടിപ്പോവുന്നതുപോലെ തലവേദന. ഞാന്‍ സാധാരണ പ്രാര്‍ത്ഥിക്കാറുള്ള മുറിയില്‍നിന്ന് മാറി വേറെ മുറിയില്‍ പോയി കിടന്നു. അപ്പോഴതാ ഈശോ ആ മുറിയിലെത്തി, മുള്‍മുടിയണിഞ്ഞ മുഖം എന്റെ മുഖത്ത് ചേര്‍ത്തുവയ്ക്കുന്ന അനുഭവം. അവിടുത്തെ വേദനയില്‍ പങ്കുചേരുകയില്ലേ എന്ന് എന്നോട് ചോദിക്കുന്നതുപോലെ… ആ വേദന ഈശോ അനുവദിച്ചതാണെന്നും ഈശോയോടുചേര്‍ന്ന് സഹിക്കേണ്ടതാണെന്നുമുള്ള ബോധ്യം അവിടുന്ന് തന്നു. പിന്നീട് അത് മാറി. എങ്കിലും ഇടയ്ക്ക് തലവേദന വരാറുണ്ട്.
ധ്യാനത്തിന് പോകുന്നതിനുമുമ്പും മേരിയും ഞാനും കൃഷിയും മറ്റ് ജോലികളുമായി നല്ലവണ്ണം അധ്വാനിക്കുമായിരുന്നു. പക്ഷേ അതുകൊണ്ട് വലിയ മെച്ചമൊന്നും ഉണ്ടായില്ല. എന്നാല്‍ ധ്യാനത്തിന് പോയതിനുശേഷം മത്തായി 6/33 വചനം എന്നെ വളരെയധികം സ്വാധീനിച്ചു. ”നിങ്ങള്‍ ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” അങ്ങനെയാണ് ഏറെ സമയം പ്രാര്‍ത്ഥിക്കുന്ന ശീലത്തിലേക്ക് കടന്നുവന്നത്. നഷ്ടപ്പെടുന്ന ആത്മാക്കളെക്കുറിച്ചുള്ള വലിയ ഹൃദയഭാരവും കര്‍ത്താവ് നല്കുന്നതുകൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായും കണ്ണീരോടെ പ്രാര്‍ത്ഥിക്കും. റബ്ബര്‍ വെട്ടാന്‍ പോകുമ്പോള്‍ ഓരോ റബ്ബര്‍ വെട്ടുമ്പോഴത്തെ അധ്വാനവും ഓരോ ആത്മാവിന്റെ രക്ഷയ്ക്കായി കാഴ്ചവച്ചു. ഇപ്രകാരം പ്രാര്‍ത്ഥന വര്‍ധിച്ചതോടെ ഞങ്ങളുടെ അധ്വാനങ്ങളെല്ലാം കൂടുതല്‍ ഫലപ്രദമായി. മത്തായി 6/33 വചനം ജീവിതത്തില്‍ നിറവേറാന്‍ ആരംഭിച്ചു.

ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. അവരെ വിവാഹം കഴിച്ചയച്ചതോടെ ഞങ്ങള്‍ രണ്ടുപേര്‍മാത്രമായി വീട്ടില്‍. അതിനാല്‍പ്രാര്‍ത്ഥിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ സമയമുണ്ട്. ഈയടുത്ത കാലത്തായി മേരിക്ക് ചില അസുഖങ്ങളൊക്കെ ബാധിച്ചിട്ടുള്ളതുകൊണ്ട് രാത്രി വൈകിയുള്ള പ്രാര്‍ത്ഥനയില്‍ അവള്‍ സാധിക്കുന്ന രീതിയില്‍മാത്രമേ പങ്കുചേരുകയുള്ളൂ. എന്നാലും രാത്രി പന്ത്രണ്ടിനും മൂന്നിനുമിടയില്‍ ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയില്‍ പങ്കുചേരാറുണ്ട്. അവളും ഈശോയെയും മാതാവിനെയും ഇടയ്ക്കിടയ്ക്ക് കാണും.
തികച്ചും സാധാരണക്കാരായ ഞങ്ങളെ ഇത്രമാത്രം കൃപ നല്കി നയിക്കുമ്പോള്‍, അവിടുത്തെ അനന്തകാരുണ്യത്തിന് എത്ര നന്ദി പറഞ്ഞാലാണ് തീരുക! ആത്മാക്കളുടെ രക്ഷയ്ക്കായി എങ്ങനെയാണ് പ്രാര്‍ത്ഥിക്കാതിരിക്കുക!

ജോസ് ജോസഫ്, പാലാ