വിശുദ്ധ ഡോസിത്തിയൂസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഗുരുവായ വിശുദ്ധ ഡോറോത്തിയൂസ് പറഞ്ഞ സംഭവമാണിത്. ശാരീരികമായി വളരെ ദുര്‍ബലനായിരുന്നു ഡോസിത്തിയൂസ്. അതിനാല്‍ത്തന്നെ തന്റെ സമൂഹത്തിലുള്ളവരോടൊപ്പമുള്ള പതിവ് ഭക്താഭ്യാസങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഡോസിത്തിയൂസ് മറ്റൊരു കാര്യം സ്വയം തീരുമാനിച്ചു. അവര്‍ക്കൊപ്പം ഭക്താഭ്യാസങ്ങളെല്ലാം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അതുവഴി ഒരു പുണ്യവും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ ഇഷ്ടങ്ങള്‍ പൂര്‍ണമായും പരിത്യജിക്കുക; മേലധികാരികളോടും അതുവഴി ദൈവത്തോടും പരിപൂര്‍ണമായ അനുസരണം പരിശീലിക്കുക.
സ്വന്തതീരുമാനമനുസരിച്ച് പൂര്‍ണമനസോടെ മേലധികാരികള്‍ക്ക് വിധേയപ്പെട്ട് ജീവിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മരിച്ചു.
വിശുദ്ധ സന്യാസികളായിരുന്ന വിശുദ്ധ പൗലോസിനും വിശുദ്ധ അന്തോനീസിനും ലഭിച്ചതിന് തുല്യമായ പ്രതിസമ്മാനമാണ് സ്വര്‍ഗത്തില്‍ ഡോസിത്തിയൂസ് നേടിയതെന്ന് ദൈവം ഗുരുവായ ഡോറോത്തിയൂസിന് വെളിപ്പെടുത്തി.
അത് അദ്ദേഹം പങ്കുവച്ചപ്പോള്‍ ഡോസിത്തിയൂസ് അത്രയും വലിയ മഹത്വം നേടിയെടുത്തതില്‍ മറ്റു സന്യാസികള്‍ക്കെല്ലാം അത്ഭുതം. കാരണം അവര്‍ ചെയ്തിരുന്നത്രപോലും ഭക്താഭ്യാസങ്ങള്‍ അദ്ദേഹം ചെയ്തിരുന്നില്ല. പക്ഷേ ഡോസിത്തിയൂസ് പൂര്‍ണമനസോടെ പരിശീലിച്ച അനുസരണം നിമിത്തമാണ് ഇത്രയും ഉന്നതമാംവിധം സമ്മാനിതനായതെന്ന് ദൈവം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു.