ആ പേര് കണ്ടുപിടിക്കാമോ? – Shalom Times Shalom Times |
Welcome to Shalom Times

ആ പേര് കണ്ടുപിടിക്കാമോ?

‘ഒലിവര്‍ ട്വിസ്റ്റ്’ എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിന് വിധേയനാകുന്ന ഒരു പൊലീസ് മജിസ്‌ട്രേറ്റുണ്ട്. നീരസത്തോടെ ഇടപെടുകയും സംസാരിക്കുകയും നിയമത്തിന് യാതൊരു പ്രാധാന്യവും കല്പിക്കാതെ നിഷ്‌കളങ്കരെപ്പോലും കുറ്റം വിധിക്കുകയും ചെയ്യുന്ന വ്യക്തിത്വം. അയാളുടെ പേരാണ് ‘മിസ്റ്റര്‍ ഫാങ്ങ് ‘. വിഷപ്പല്ല്, തേറ്റ, ദംഷ്ട്രം എന്നൊക്കെയാണ് ഈ പേരിനര്‍ത്ഥം. നീതിരഹിതനും ക്രൂരനുമായ ആ ന്യായാധിപന്റെ സ്വഭാവം പേരില്‍ത്തന്നെ വ്യക്തം.
ഒരു പേരിലെന്തിരിക്കുന്നുവെന്നു ഷേക്‌സ്പിയര്‍ ചോദിച്ചെങ്കിലും പേരില്‍ പലതുമുണ്ടെന്നാണ് ഡിക്കന്‍സിന്റെ ഭാഷ്യം. എന്നാല്‍ പേരില്‍ എല്ലാമുണ്ടെന്ന് തോന്നുംവിധമാണ് വിശുദ്ധ ബൈബിളിലെ ചില പേരുകളും പേരുമാറ്റങ്ങളും.
ഉല്‍പത്തി 17/5-ല്‍ അബ്രാമിന്റെ പേര് അബ്രാഹമെന്ന് ദൈവം മാറ്റി. മഹാനായ പിതാവെന്ന് അര്‍ത്ഥമുള്ള അബ്രാമിനെ അനേകം ജനതകളുടെ പിതാവ് എന്നര്‍ത്ഥമുള്ള അബ്രാഹത്തിലേക്ക് അവിടുന്ന് ഉയര്‍ത്തുകയാണ്. ”നിന്റെ നാമം ഞാന്‍ മഹത്തമമാക്കും” എന്ന് ഉല്‍പത്തി 12/2-ലെ വാഗ്ദാനം ഇവിടെ പാലിക്കപ്പെട്ടു. സാറായിയെ ജനതകളുടെ മാതാവായ സാറായെന്ന് പേരുനല്കി രാജകുമാരിയായി മഹത്വീകരിക്കുന്നു.

പുതിയനിയമത്തിലെ പേരുമാറ്റത്തില്‍ പ്രധാനം അപ്പസ്‌തോലപ്രമുഖന്‍ പത്രോസിന്റേതാണ്. ചഞ്ചലപ്രകൃതനായ ശിമയോനെ പാറയാക്കി പത്രോസെന്ന് വിളിച്ചു. മത്തായി 16/18,19 വാക്യങ്ങളില്‍ ഈശോ പ്രഖ്യാപിക്കുന്നവ കേട്ട് പത്രോസുമാത്രമല്ല, മറ്റുശിഷ്യരും ഞെട്ടിയിട്ടുണ്ടാകും. ‘പാറ’യുടെ യാതൊരു സവിശേഷതകളുമില്ലാത്ത ‘ഈ ഞാനോ..?’ എന്ന് പത്രോസ് പലവട്ടം ചോദിച്ചിട്ടുമുണ്ടാകും.
എല്ലാവരും അവിശ്വസിച്ചാലും കര്‍ത്താവ് ഒരു പേരുനല്കിയാല്‍ ആ പേരിന് യോഗ്യമാംവിധം ആ വ്യക്തിയെ അവിടുന്ന് രൂപാന്തരപ്പെടുത്തിയിരിക്കും. അതാണ് വിശുദ്ധ ഗ്രന്ഥത്തിലെ പേരുമാറ്റങ്ങളെല്ലാം പഠിപ്പിക്കുന്നത്. നാം ഇപ്പോള്‍ എന്തായിരിക്കുന്നു എന്നതല്ല ദൈവം നോക്കുന്നത്. ആത്യന്തികമായി നാം ദൈവത്തിന്റെ കുഞ്ഞാണ്. അവിടുത്തെ
സാദൃശ്യത്തില്‍ അവിടുന്ന് സൃഷ്ടിച്ച സ്വന്തം കുഞ്ഞ്. ഓരോ ദൈവമക്കളും കൈവരിക്കേണ്ട സ്ഥാനികമഹത്വത്തിനു (ജറെമിയ 29/11) യോഗ്യമായ പേരാണ് അവിടുന്ന് നമുക്ക് നല്കുന്നത്. ”കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും” (ഏശയ്യാ 62/2).
ഈ പേരുമാറ്റം വലിയൊരു ആശ്വാസമാണ്. വ്യക്തിത്വത്തിലും ആത്മീയ ജീവിതത്തിലുമുള്ള കുറവുകളും വൈകല്യങ്ങളുമോര്‍ത്ത് വേദനിക്കുന്നവരാണ് ഏറെപ്പേരും. ‘എന്റെ കര്‍ത്താവേ,
ഇതില്‍നിന്നൊരു മാറ്റമില്ലേ? എന്നെങ്കിലും ഞാനൊരു നല്ല കുഞ്ഞാകുമോ…? ദൈവം വിചാരിച്ചാല്‍പ്പോലും എന്നെ മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല…’

എന്നിങ്ങനെ നീളുന്നു തേങ്ങലുകള്‍..
എന്നാല്‍, നമ്മുടെ ഇപ്പോഴത്തെ അവസ്ഥ
എത്ര ശോചനീയമായിരുന്നാലും അതിന്
വിപരീതമായ പുണ്യങ്ങളിലേക്ക് നമ്മെ ദൈവം
രൂപാന്തരപ്പെടുത്തും. അതാണ് അബ്രാഹവും സാറായും ഇസ്രായേലും പത്രോസുമെല്ലാം
പറഞ്ഞുതരുന്നത്. കര്‍ത്താവ് മാത്രം വിളിക്കുന്ന ആ ഓമനപ്പേരിലാണ് അവിടുന്ന് ഇപ്പോഴും നമ്മെ വിളിക്കുന്നത്. അത് കേള്‍ക്കാന്‍ അവിടുത്തോടു ചേര്‍ന്നിരുന്ന് ഒന്നു ശ്രമിച്ചുനോക്കൂ…
വിജയം സുനിശ്ചിതം.

”വിജയം വരിക്കുന്നവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും. അതില്‍ ഒരു പുതിയ നാമം ഞാന്‍ കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല” (വെളിപാട് 2/17).
കര്‍ത്താവേ, ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും അവിടുന്നാഗ്രഹിക്കുന്ന മഹത്വത്തിലേക്ക് ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ. അപ്രകാരം, അവിടുന്ന് നല്കുന്ന പുതിയ നാമത്തിന് ഞങ്ങള്‍ അര്‍ഹരാകട്ടെ, ആമ്മേന്‍.