കറുത്ത ബലൂണ്‍ – Shalom Times Shalom Times |
Welcome to Shalom Times

കറുത്ത ബലൂണ്‍

കടല്‍ക്കരയില്‍ എന്നും ഒരു ബലൂണ്‍വില്പനക്കാരന്‍ എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും.
ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, ”കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ പറക്കുമോ?”

ബലൂണ്‍വില്പനക്കാരന് കൗതുകമായി. ”അതെന്താ കുട്ടീ, അങ്ങനെ ചോദിച്ചത്?”
”എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരന്‍ ഉണ്ടാക്കിക്കൊണ്ടുവന്ന പട്ടം അവനെപ്പോലെ കറുത്തതാണ്; അത് പറത്താന്‍ കഴിയില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞല്ലോ. അവര്‍ അവനെ ഞങ്ങള്‍ക്കൊപ്പം പട്ടം പറത്താന്‍ കൂട്ടിയുമില്ല.”
അവന്റെ നിഷ്‌കളങ്കമായ ചോദ്യത്തിനര്‍ത്ഥം വില്പനക്കാരന് മനസിലായി. അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു, ”ബലൂണിന്റെ നിറം ഏതായാലും പ്രശ്‌നമില്ല, ഉള്ളില്‍ നിറച്ച ഹീലിയമാണ് മോനേ, ബലൂണിനെ പറത്തുന്നത്. നിന്റെ കൂട്ടുകാരന്‍ നല്ല കുട്ടിയായി വളര്‍ന്നാല്‍മതി. അവനെ ദൈവം ഉയര്‍ത്തിക്കൊള്ളും. പിന്നെ ആര്‍ക്കും അവനെ കളിയാക്കാനാവില്ല.”
അതുകേട്ട് ഒരു കറുത്ത ബലൂണും വാങ്ങി സന്തോഷത്തോടെ ആ കുട്ടി തിരികെപ്പോയി.
”ലജ്ജിതരായതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും. അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും” (ഏശയ്യാ 61/7)