കുഞ്ഞുകൂട്ടുകാരുടെ വിശ്വാസവും പല്ലുവേദനയും – Shalom Times Shalom Times |
Welcome to Shalom Times

കുഞ്ഞുകൂട്ടുകാരുടെ വിശ്വാസവും പല്ലുവേദനയും

അന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട്
കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ
കണക്കിന്റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കരച്ചില്‍! കുഞ്ഞുകൂട്ടുകാരന്‍ ആഷിക്കാണ്, ”ടീച്ചറേ, പല്ല് വേദനിക്കുന്നു…” ക്ലാസെടുക്കുന്നതിനിടയില്‍ ഇതുപോലെ തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കൊച്ചുകൂട്ടുകാര്‍ കരയാറുണ്ട്. അപ്പോള്‍, ടീച്ചര്‍ വേദനിക്കുന്ന കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും, മറ്റ് കുട്ടികള്‍ കൈകളുയര്‍ത്തി സ്തുതിക്കും.
ഇന്ന് പല്ലുവേദനനിമിത്തം കരയുന്ന കുട്ടിയുടെയടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കണോ? അല്പം ശങ്കയോടെ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നത് നിര്‍ത്തിവച്ച് കരയുന്ന കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുന്നതിനായി ഞാന്‍ ഓഫീസിലേക്ക് പോയി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജോലിസ്ഥലത്തുനിന്ന് സ്‌കൂള്‍ വിടുന്ന നേരത്തേ എത്താനാവുകയുള്ളൂ എന്നായിരുന്നു മറുപടി കിട്ടിയത്.

എന്തുചെയ്യുമെന്നറിയാതെ തിടുക്കത്തില്‍ ക്ലാസിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് ചിരിച്ചുകൊണ്ട് കണക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആഷിക്കിനെയാണ്!
എന്റെ അമ്പരപ്പ് കണ്ടിട്ടെന്നോണം മറ്റ് കുട്ടികള്‍ പറഞ്ഞു, ”ടീച്ചറങ്ങ് പോയപ്പോള്‍ സോന പറഞ്ഞു നമ്മുടെ ടീച്ചര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഈശോയോട് പ്രാര്‍ത്ഥിച്ചാലോ എന്ന്. അപ്പോള്‍ ഞങ്ങളെല്ലാവരും കൂടി പ്രാര്‍ത്ഥിച്ചു. ആഷിക്കിന്റെ പല്ലുവേദനയും മാറി.”
”അവന്‍ ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു” (മര്‍ക്കോസ് 10/16)
സിസ്റ്റര്‍ വിമല്‍ റോസ് CHF