വര്‍ഷം 1965. അന്ന് ജോണ്‍ ഫോസ്സെ എന്ന ബാലന് ഏഴ് വയസുമാത്രം. കുടുംബവീടിന് ചുറ്റുമുള്ള മഞ്ഞില്‍ കളിക്കുകയായിരുന്നു അവന്‍. കളിക്കിടെ, തെന്നിവീണ് ഫോസ്സെയുടെ കൈത്തണ്ട ഗുരുതരമായി മുറിഞ്ഞു. മരണത്തിലേക്ക് നീങ്ങുംവിധത്തില്‍ ഭയാനകമായ ബ്ലീഡിംഗ്. മകനെയുംകൊണ്ട് മാതാപിതാക്കള്‍ ഡോക്ടര്‍ക്കരികിലേക്ക് പായുമ്പോള്‍ കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇത് അവസാനമായി തന്റെ വീട് കാണുന്നതാണെന്ന് ഫോസ്സെ ചിന്തിച്ചുവത്രേ. പക്ഷേ അവന് ഭയം തോന്നിയില്ല. പകരം, മഹത്തായ ഒരു സൗന്ദര്യം ആസ്വദിക്കാന്‍ ലഭിച്ച അനുഭവമായിട്ടാണ് തോന്നിയത്. തന്നില്‍നിന്നുതന്നെ ഒരു വിരക്തിയും അതിലൂടെ അനുഭവപ്പെട്ടു. അപ്പോള്‍മുതലാണ് താനൊരു എഴുത്തുകാരനാകുമെന്ന് സ്വയം അറിഞ്ഞതെന്ന് ഫോസ്സെ വിശ്വസിക്കുന്നു. എന്തായാലും ഫോസ്സെയുടെ ജീവന്‍ തിരികെക്കിട്ടി.
കാലം കടന്നുപോയപ്പോള്‍ ഫോസ്സെ എഴുത്തില്‍ സജീവമായി. ബാല്യകാലത്തെ അനുഭവത്തിന്റെ സ്വാധീനംകൊണ്ടാവാം, മരണത്തോട് ഒരടുപ്പം ഫോസ്സെയുടെ കൃതികളില്‍ കാണാമായിരുന്നു. പക്ഷേ ജീവിതം ഇരുണ്ടുപോയിരുന്നു. കാരണം അദ്ദേഹം മദ്യപാനത്തിന് അടിമയായിപ്പോയി. 1959-ലായിരുന്നു ഫോസ്സെയുടെ ജനനം. ലൂഥറന്‍ വിശ്വാസിയായിരുന്നുവെങ്കിലും കൗമാരപ്രായത്തില്‍ത്തന്നെ ലൂഥറന്‍ വിശ്വാസം ഉപേക്ഷിച്ചു. പില്ക്കാലത്ത് 2011-ല്‍ നോര്‍വീജിയന്‍ ഭാഷയിലേക്ക് ബൈബിള്‍ പുതുതായി വിവര്‍ത്തനം ചെയ്തപ്പോള്‍ ആ വിവര്‍ത്തകസംഘത്തില്‍ ഫോസ്സെയും ഉള്‍പ്പെട്ടിരുന്നു. അക്കാലത്തുതന്നെ സ്ലോവാക്യ സ്വദേശിയായ അന്ന എന്ന വനിതയെ അദ്ദേഹം വിവാഹം ചെയ്തു. അന്ന കത്തോലിക്കാവിശ്വാസിനിയായിരുന്നു. ബൈബിള്‍ വിവര്‍ത്തനവും വിവാഹവുമെല്ലാം സ്വാധീനം ചെലുത്തിയതിന്റെ ഫലമായി 2012-ല്‍ അദ്ദേഹം ഔദ്യോഗികമായി കത്തോലിക്കാസഭാംഗമായി. ഓസ്ലോയിലെ സെയ്ന്റ് ഡൊമിനിക് ആശ്രമത്തില്‍വച്ചായിരുന്നു തിരുസഭാപ്രവേശം.
അതേത്തുടര്‍ന്ന് മദ്യപാനത്തില്‍നിന്ന് പിന്‍വാങ്ങി. പിന്നീടാണ് അദ്ദേഹം A New Name: Septology VI-VII എന്ന നോവലിന്റെ എഴുത്തിലേക്ക് കടന്നത്. ഉറച്ച കത്തോലിക്കാവിശ്വാസം എത്രമാത്രം ഒരാളെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണംകൂടിയാണ് ഫോസ്സെയുടെ ജീവിതം. ഈ നോവലിലെ നായകകഥാപാത്രം ഒരു ചിത്രകാരനാണ്, എയ്‌സല്‍. ഫോസ്സെയുടെ ആത്മകഥാംശമുണ്ടെന്ന തോന്നലുളവാക്കുംവിധം നായകനും കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് നായകകഥാപാത്രം. ഭാര്യയായ ആലെസിന്റെ മരണത്തില്‍ ദുഃഖിക്കുന്ന എയ്‌സലാണ് നോവലിലെ കഥ പറയുന്നത്. സമാധാനം അഥവാ അനുരഞ്ജനത്തിന്റെ ഒരു ഛായ തന്റെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഫോസ്സെയുടെതന്നെ വിലയിരുത്തല്‍.
A New Name: Septology VI-VII എന്ന നോവല്‍ കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനത്തിനായും പരിഗണിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമാകട്ടെ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരംതന്നെ ലഭിച്ചു. തന്റെ ഭാഷയ്ക്ക് ലഭിച്ച അംഗീകാരമായി നൊബേല്‍ സമ്മാനത്തെ അദ്ദേഹം കാണുന്നു. ഹെസ്സിയന്‍ എന്ന നിരൂപകന്‍ പറയുന്നത് ഫോസ്സെയുടെ പില്‍ക്കാല നോവലുകളില്‍ വിശ്വാസത്തെക്കുറിച്ച് ഒന്നും തുറന്നെഴുതുന്നില്ലെങ്കിലും തൊട്ടറിയാവുന്ന ഒരു മതാത്മകത കാണാമെന്നാണ്. അഗാധതയെക്കുറിച്ചുള്ള അവബോധം കുടികൊള്ളുന്ന നമ്മുടെ അന്തരംഗത്തില്‍ കലയും ആത്മീയതയും ഒന്നിച്ച് വസിക്കുന്നുവെന്ന് ദര്‍ശിക്കുന്ന ഒരു മതാത്മകത.
നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കച്ചവടശക്തികള്‍ക്ക് ഒരു വെല്ലുവിളിയായി നിയതമായ മതം നിലനില്ക്കുന്നു എന്ന് ഫോസ്സെ നിരീക്ഷിക്കുന്നു. കത്തോലിക്കാസഭ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. കലയും സാഹിത്യവും ഇത്തരത്തില്‍ ശക്തമാണ് എന്നാല്‍ സഭയുടെയത്രയും വരില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വന്തം വിലയിരുത്തല്‍ അനുസരിച്ച് ഫോസ്സെയുടെ നാടകങ്ങളില്‍ മരണത്തോട് ഒരു അടുപ്പം കാണാം. മരിക്കാന്‍ പഠിക്കുന്നതിനുള്ള ഒരു വഴിയാണ് തത്വശാസ്ത്രം എന്ന് സിസെറോ പറഞ്ഞിട്ടുണ്ട്. സാഹിത്യവും മരിക്കാന്‍ പഠിക്കാനുള്ള ഒരു മാര്‍ഗമാണെന്നാണ് ഫോസ്സെയുടെ അഭിപ്രായം. ഒരു നല്ല കത്തോലിക്കാസാഹിത്യകാരനെന്ന നിലയില്‍ ജോണ്‍ ഫോസ്സെക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം, കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമല്ല, സഹായമാണ് എന്നുകൂടി പറയാതെ പറയുന്നുണ്ട്.