ഈസ്റ്റര്‍ ഇനി വര്‍ഷത്തിലൊരിക്കലല്ല… – Shalom Times Shalom Times |
Welcome to Shalom Times

ഈസ്റ്റര്‍ ഇനി വര്‍ഷത്തിലൊരിക്കലല്ല…

ജനിച്ച് 18 ആഴ്ച ആയപ്പോഴാണ് അറിയുന്നത് കുഞ്ഞ് 5 വയസിനപ്പുറം ജീവിക്കില്ലെന്ന്. ഒന്നു തൊട്ടാലോ, ചിരിച്ചാലോ, നടന്നാലോ ത്വക്ക് അടര്‍ന്നുവീഴുകയും മുറിവുകളുണ്ടാവുകയും ചെയ്യുന്ന അപൂര്‍വ രോഗം. എന്നാല്‍ ഓസ്‌ട്രേലിയക്കാരന്‍ ഡീന്‍ ഇന്ന് 44ാം വയസില്‍ എത്തിയിരിക്കുന്നു.
ഈ രോഗബാധിതര്‍ സഹിക്കുന്ന വേദന അവര്‍ണനീയമാണ്. അനങ്ങുന്നിടത്തെല്ലാം മുറിവുകള്‍. ബാന്‍ഡേജിനുള്ളിലെ ജീവിതം. കയ്യിലും കാലിലും മുഖത്തുമെല്ലാം ബാന്‍ഡേജുകള്‍. അത് നീക്കി വൃത്തിയാക്കുമ്പോഴുള്ള വേദന, യേശുവിന്റെ വസ്ത്രമുരിഞ്ഞപ്പോഴുള്ള വേദനയോടാണ് ഡീന്‍ ഉപമിക്കുന്നത്. ത്വക്കും മാംസവുമെല്ലാം പറിഞ്ഞുപോരും. അതോടെ മുഖവും ശരീരഭാഗങ്ങളും വിരൂപമാകും. ആദ്യം കാണുന്നവര്‍ തീര്‍ച്ചയായും ഭയപ്പെടും. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ദുര്‍ഗന്ധവും ഉണ്ടാകും. എല്ലാവരില്‍നിന്നും തീര്‍ത്തും അകറ്റപ്പെടുന്നു.

ഇത്ര ദുരിതപൂര്‍ണമായ അവസ്ഥയില്‍ എങ്ങനെ 44 വയസുവരെ ജീവിച്ചു? ഡീന്‍ നല്കുന്ന ഉത്തരം ലളിതവും എന്നാല്‍ ശക്തവുമാണ്. ”ഉത്ഥിതനായ ക്രിസ്തുവില്‍, ക്രിസ്തുവിനോടൊപ്പം ഞാന്‍ ഇതുവരെ ജീവിച്ചു, അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തിയില്‍ ഞാന്‍ ഇനിയും ജീവിക്കും. ആഴ്ചകളും മാസങ്ങളും നീളുന്ന മുറിവുകളുണ്ട്. 44-ാം വയസുവരെ ഉണങ്ങാത്ത മുറിവുകള്‍ ഇപ്പോഴുമുണ്ട്. അവ ഇനി സുഖമാകില്ലെന്നെനിക്കറിയാം. എങ്കിലും എന്നെ ശക്തനാക്കുന്ന യേശുവിനോടൊപ്പം വിജയിയായി ഞാന്‍ മുന്നേറും” (ഫിലിപ്പി 4/13).
നിരവധി അവഹേളനങ്ങളും തുറിച്ചുനോട്ടങ്ങളും മനസുതകര്‍ക്കുന്ന വാക്കുകളും പെരുമാറ്റങ്ങളും കിട്ടുന്നുണ്ട്. എല്ലാം ഞാന്‍ ക്രിസ്തുവിനോട് പറയും. അവയൊന്നും എന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അവിടുന്ന് സമ്മതിക്കില്ല. അവയ്‌ക്കെല്ലാം മുകളിലൂടെ യേശു എന്നെ നടത്തും. എനിക്ക് ഈസ്റ്റര്‍ വര്‍ഷത്തിലൊരിക്കലുള്ള ആഘോഷമല്ല, എല്ലാ ദിവസവും ക്രിസ്തു എന്നെ അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തികൊണ്ട് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുമാത്രമാണ് ഞാനിന്നും ജീവിക്കുന്നതും ഇനിയും ജീവിക്കുന്നതും.

”അവിടുന്ന് എന്റെ മഹത്വം വര്‍ദ്ധിപ്പിക്കുകയും എന്നെ വീണ്ടും ആശ്വസിപ്പിക്കുകയും ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 71/21) എന്ന് എനിക്കുറപ്പുണ്ട്. ക്രിസ്തു ഉയിര്‍ത്തതിനാല്‍ നമുക്കും ഉയിര്‍പ്പിന്റെ ജീവിതം നയിക്കാന്‍ കഴിയും. അനുദിനമെന്നോണം ഹൃദയഭേദകവും മറികടക്കാനാകാത്തതുമായ അനുഭവങ്ങള്‍ അഭിമുഖീകരിക്കുന്നവരാകാം നമ്മള്‍. എങ്കിലും അവയ്‌ക്കെല്ലാം മുകളിലൂടെ നമ്മെ നടത്തുന്നവനാണ് ക്രിസ്തു. നിരാശപ്പെടാതെ ഉത്ഥിതനായ ക്രിസ്തുവില്‍ ആശ്രയിച്ചാല്‍ എല്ലാ ദിവസവും നമുക്ക് ഈസ്റ്റര്‍ അനുഭവിക്കാന്‍ കഴിയും. നിരന്തരമായ വേദനയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളും ഉള്ളപ്പോഴും ഉയിര്‍പ്പിന്റെ ആനന്ദവും ബലവും പ്രത്യാശയുമായി യേശു നമ്മെ കാത്തുനില്പുണ്ട്. വിജയംനല്കുന്ന അവിടുത്തെ കരങ്ങളില്‍ നമുക്കണയാം.

നിനക്കുവേണ്ടി സാത്താനെ തോല്പിച്ച് മരണത്തെയും കല്ലറകളെയും തകര്‍ത്തവന്‍, ആസക്തികളുടെയും നിരാശയുടെയും പാപത്തിന്റെയും പാരമ്പര്യ രോഗങ്ങളുടെയും ശാപങ്ങളുടെയും ചങ്ങലകള്‍ പൊട്ടിച്ചവന്‍, യേശു, അവന്‍ നിന്റെ ദൈവമാണ്, നിന്റെ സ്വന്തമാണ്. അവന്‍ എപ്പോഴും നിന്നോടുകൂടെയുണ്ട്. അതിനാല്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവില്‍ നിനക്ക് എന്തിനും ഏതിനും മുകളില്‍ ഉയരാന്‍ കഴിയും. ഹല്ലേലൂയ്യാ…
കര്‍ത്താവേ, എല്ലായ്‌പ്പോഴും എവിടെയും അവിടുത്തെ ഉത്ഥാനത്തിന്റെ മഹത്വത്തില്‍ ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.
എല്ലാവര്‍ക്കും ഹാപ്പി ഈസ്റ്റര്‍…!