പ്രാര്‍ത്ഥന പരിശീലിക്കാന്‍ എളുപ്പമാര്‍ഗം – Shalom Times Shalom Times |
Welcome to Shalom Times

പ്രാര്‍ത്ഥന പരിശീലിക്കാന്‍ എളുപ്പമാര്‍ഗം

വാചികപ്രാര്‍ത്ഥന പരിശീലിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ഭക്തിനിര്‍ഭരമായ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത്. സുകൃതജപങ്ങള്‍ എന്നറിയപ്പെടുന്ന ഈ കൊച്ചുപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിന് പ്രത്യേക സമയമോ സ്ഥലമോ ആവശ്യമില്ല. എല്ലാ സമയത്തും എല്ലായിടത്തും ജോലിസമയത്തും ഭക്ഷണസമയത്തും വിനോദവേളയിലും ഭവനത്തിലും ഭവനത്തില്‍നിന്ന് അകലെയായിരിക്കുമ്പോഴും അവ ജപിക്കാം.

അവ ആഗ്രഹങ്ങളുടെ, ദൈവതിരുമനസിനോടുള്ള അനുരൂപപ്പെടലിന്റെ, സ്‌നേഹത്തിന്റെ, സമര്‍പ്പണത്തിന്റെ അല്ലെങ്കില്‍ ആത്മപരിത്യാഗത്തിന്റെ പ്രകരണങ്ങളുടെ രൂപത്തിലായിരിക്കാം. അപേക്ഷയുടെ, കൃതജ്ഞതയുടെ, എളിമയുടെ, പ്രത്യാശയുടെ പ്രകരണങ്ങളുമായേക്കാം. ദൈവത്തിന്റെ വിശുദ്ധര്‍ സുദീര്‍ഘമായ ഭക്തിമാര്‍ഗങ്ങളെക്കാളുപരി ഈ ചെറിയ പ്രാര്‍ത്ഥനകള്‍ക്ക് വലിയ മൂല്യം കല്‍പിച്ചിരുന്നു. കാരണം സുകൃതജപങ്ങള്‍ നമ്മെ ദൈവസാന്നിധ്യത്തില്‍ കാത്തുസൂക്ഷിക്കുന്നു.

ആനന്ദിപ്പിക്കുന്ന പ്രാര്‍ത്ഥന
യേശുവിന്റെയും മറിയത്തിന്റെയും പരിശുദ്ധ നാമങ്ങള്‍ വിളിക്കുന്നതിനോടൊപ്പം സ്‌നേഹത്തിന്റെ പ്രകരണങ്ങള്‍ ചേര്‍ക്കുമ്പോള്‍ നാം ദൈവത്തിന് ഏറ്റവും വലിയ ആനന്ദം നല്‍കുന്നു. സ്‌നേഹിക്കുന്ന ഒരാള്‍ അയാളുടെ സ്‌നേഹവിഷയമായതിനെ എപ്പോഴും ഓര്‍ക്കും. അതിനാല്‍ ദൈവത്തെ സ്‌നേഹിക്കുന്ന ഒരാത്മാവ് സദാ അവിടുത്തെക്കുറിച്ച് ചിന്തിക്കുകയും ഭക്തിനിര്‍ഭരമായ നെടുവീര്‍പ്പുകളാലും സുകൃതജപങ്ങളാലും സ്‌നേഹം പ്രകടിപ്പിക്കുവാന്‍ അവസരങ്ങള്‍ തേടുകയും ചെയ്യും.

എല്ലാ അവസരങ്ങളിലും ഒറ്റയ്ക്കായിരിക്കുമ്പോഴും നിങ്ങളുടെ സ്വര്‍ഗീയ മണവാളനോട് ഇങ്ങനെ പറയുവാന്‍ ശ്രദ്ധിക്കുക: ”ഓ എന്റെ ദൈവമേ, അങ്ങയെ മാത്രമല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.” അല്ലെങ്കില്‍ ”ഞാന്‍ എന്നെ പൂര്‍ണമായി അങ്ങേക്ക് നല്‍കുന്നു. അങ്ങ് ആഗ്രഹിക്കുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഇങ്ങനെ ഏതാനും വാക്കുകള്‍ മാത്രം മതിയാകും.
”എന്റെ ദൈവമേ, എന്റെ സര്‍വസ്വമേ” എന്ന് ആവര്‍ത്തിക്കാം. ഇതൊന്നുമില്ലെങ്കിലും ഒരു വാക്കും ഉച്ചരിക്കാതെ കണ്ണുകള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുക. അല്ലെങ്കില്‍ അള്‍ത്താരയിലേക്കോ ക്രൂശിതരൂപത്തിലേക്കോ സ്‌നേഹപൂര്‍വം നോക്കുക. ഇത്തരം നിശബ്ദ പ്രവൃത്തികള്‍ ചെയ്യാന്‍ വലിയ പ്രയത്‌നമൊന്നും ആവശ്യമില്ല; മാത്രവുമല്ല, അവ കൂടുതല്‍ ഭക്തിയോടെ ചെയ്യാനും സാധിക്കും. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും ഉയരുന്നവയാണ് ഏറ്റവും നല്ല സ്‌നേഹപ്രകരണങ്ങള്‍.

വിശുദ്ധരാക്കുന്ന പ്രാര്‍ത്ഥന
നമ്മുടെ ഇഷ്ടം ദൈവത്തിന്റെ ഇഷ്ടവുമായുള്ള ഒന്നാകലിലാണ് ദൈവസ്‌നേഹത്തിന്റെ പൂര്‍ണത അടങ്ങിയിരിക്കുന്നത്. അതിനാല്‍ ദൈവം ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നും നാം ആഗ്രഹിക്കരുത്. നാം അവിടുത്തെ തിരുഹിതം ചെയ്യുന്നുവെങ്കില്‍ ഏതു ജീവിതാന്തസിലേക്കാണ് കര്‍ത്താവ് നമ്മെ വിളിച്ചിരിക്കുന്നതെന്നാലും നാം വിശുദ്ധിയില്‍ എത്തിച്ചേരും. ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന നാം ഓരോ തവണയും ചൊല്ലുമ്പോള്‍ ”അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” എന്ന വാക്കുകള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുവാനും സ്വര്‍ഗത്തിലെ വിശുദ്ധരെപ്പോലെ ദൈവഹിതം സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാനുള്ള കൃപയ്ക്കായി യാചിക്കുവാനും ജെനോവയിലെ വിശുദ്ധ കാതറിനോട് ഈശോ ആവശ്യപ്പെട്ടിരുന്നു.

തിരുവചന പ്രാര്‍ത്ഥന
വിശുദ്ധ ഗ്രന്ഥത്തില്‍നിന്നും സവിശേഷമാംവിധം ചില വചനങ്ങള്‍ തിരഞ്ഞെടുത്ത് നമ്മുടെ ഇഷ്ടം ദൈവത്തിന്റെ ഇഷ്ടവുമായി ഒന്നാകുന്നതിനെ
പരിപോഷിപ്പിക്കുവാന്‍ അവ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് പ്രയോജനപ്രദമാണ്. ഉദാഹരണത്തിന്, പൗലോസ് അപ്പസ്‌തോലനോട് ചേര്‍ന്ന് ഇടയ്ക്കിടെ ഇങ്ങനെ പറയുക: ”കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണം?” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 22/10).
ആത്മാവിന്റെയും ശരീരത്തിന്റെയും വൈരുധ്യങ്ങളിലും പീഡനങ്ങളിലും നമ്മുടെ ദിവ്യരക്ഷകനോട് ചേര്‍ന്ന് ഇപ്രകാരം പറയുക: ”പിതാവേ, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്കാ 22/42).