ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ? – Shalom Times Shalom Times |
Welcome to Shalom Times

ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ?

 

അജ്ഞാതനായ ഒരു റഷ്യന്‍ തീര്‍ത്ഥാടകന്‍ രചിച്ച കൃതിയാണ് ‘ഒരു സാധകന്റെ സഞ്ചാരം.’ തന്റെ പാപങ്ങള്‍ ഓര്‍ത്ത് ഒരു കുറിപ്പ് തയാറാക്കി കുമ്പസാരത്തിന് ഒരുങ്ങി വിശുദ്ധനായ ഒരു വൈദികനെ സമീപിക്കുകയാണ് ഇതിലെ സാധകന്‍. കുറിപ്പ് വായിച്ചിട്ട് അതിലെഴുതിയിരിക്കുന്നത് ഏറെയും വ്യര്‍ത്ഥമാണെന്ന് പറഞ്ഞ പുരോഹിതന്‍ സാധകന് ചില നിര്‍ദേശങ്ങള്‍ നല്കുന്നു.
ശരിയായ രീതിയില്‍ കുമ്പസാരിക്കാന്‍ സഹായിക്കുന്നതിനായി അയാള്‍ ആദ്യം വിചിന്തനം ചെയ്യേണ്ടത് താന്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ല എന്നതിനെക്കുറിച്ചായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകേട്ട സാധകന്‍ ആശ്ചര്യപ്പെട്ടു. കാരണം താന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നാണ് അദ്ദേഹം കരുതിയിരുന്നത്. അതിനാല്‍ സാധകന് സഹായകമാകുന്നതിനായി ആ വൈദികന്‍ ഒരു കുറിപ്പ് കൈമാറി.
ഒന്നാമത്തെ വിചിന്തനത്തിനായി അതില്‍ ഇപ്രകാരം എഴുതിയിരുന്നു, ”ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ല; എന്തെന്നാല്‍ ഞാന്‍ ദൈവത്തെ സ്‌നേഹിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദമായ ആനന്ദത്തോടെ എപ്പോഴും അവിടുത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കേണ്ടതാണ്. എന്നാല്‍ അതിനുപകരം ഞാന്‍ വളരെ ആകാംക്ഷയോടെ പല പ്രാവശ്യം ഭൗതികവസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നു. ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നത് ക്ലേശകരവും ശുഷ്‌കവുമായി തോന്നുന്നു. പ്രാര്‍ത്ഥന എനിക്ക് വളരെ ആയാസമാണ്. പ്രാര്‍ത്ഥന ചുരുക്കാനാണ് ഇഷ്ടം. എന്നാല്‍ വ്യര്‍ത്ഥമായ മറ്റ് പല കാര്യങ്ങളിലും ഇടപെടുമ്പോള്‍ സമയം പെട്ടെന്ന് പോകും. എന്നാല്‍ ദൈവവുമായി സംസാരിക്കുമ്പോഴാകട്ടെ, സമയം വളരെ ദീര്‍ഘമാണെന്ന് അനുഭവപ്പെടുന്നു.
ദൈവത്തോടുള്ള സ്‌നേഹംകൊണ്ട് ഹൃദയം ഊഷ്മളമാക്കാന്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍പോലും മാറ്റിവയ്ക്കുന്നില്ല. പക്ഷേ ഞാന്‍ ഇഷ്ടപ്പെടുന്ന ‘വിഗ്രഹങ്ങള്‍’ക്കുമുന്നില്‍ ഉത്സാഹത്തോടെ ഇരുപത്തിമൂന്ന് മണിക്കൂറും ചെലവിടാന്‍ എനിക്കൊരു വിഷമവുമില്ല. പൗരകാര്യങ്ങളിലും രാഷ്ട്രീയസംഭവങ്ങളിലും പുതുമകളിലും എനിക്ക് വലിയ കൗതുകമാണ്. എനിക്ക് സമ്പാദിക്കാന്‍ താത്പര്യമുള്ളവ നേടാനുള്ള വഴികള്‍ കണ്ടുപിടിക്കാനും നന്നായി ശ്രമിക്കുന്നു. എന്നാല്‍ ദൈവത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നില്ല. മറ്റ് ജോലികളൊന്നുമില്ലാത്തപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളായാണ് അത് തോന്നുന്നത്…”
ആ കുറിപ്പ് മുഴുവന്‍ വായിച്ചപ്പോഴേക്കും താന്‍ ദൈവസ്‌നേഹത്തില്‍ നിലനില്ക്കുന്നില്ല എന്ന് സാധകന് ബോധ്യമായി. തനിക്ക് ദൈവസ്‌നേഹമുണ്ടോ എന്ന് സാധകന്‍ ടെസ്റ്റ് ചെയ്തതുപോലെ നാമും ചെയ്യുന്നത് നല്ലതാണ്.
യേശുക്രിസ്തുവിനെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉവ്വെന്ന് നാം മറുപടി നല്കും. അത് ഒരളവോളം ശരിയാണുതാനും. കാരണം ആരെങ്കിലും ക്രിസ്തുവിനെയോ അവിടുത്തെ സഭയെയോ ഒക്കെ അപവാദം പറഞ്ഞാല്‍ നമുക്ക് സഹിക്കാനാകുമോ? എന്നാല്‍ അതിനപ്പുറം ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നറിയാനുള്ള ടെസ്റ്റാണ് മേല്‍പ്പറഞ്ഞത്. ”തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് പരിപാലിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 145/20) എന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. അതെ, കര്‍ത്താവിനെ സ്‌നേഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടും. നമുക്കും അനുഗ്രഹിക്കപ്പെടുന്നവരാകാം.
പ്രാര്‍ത്ഥിക്കാം,
കര്‍ത്താവേ, എല്ലാറ്റിനും ഉപരിയായി പൂര്‍ണഹൃദയത്തോടെ അങ്ങയെ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും.