ക്രിസ്ത്യാനിയുടെ ഫിസിക്‌സ്‌ – Shalom Times Shalom Times |
Welcome to Shalom Times

ക്രിസ്ത്യാനിയുടെ ഫിസിക്‌സ്‌

ഡാമിലൊക്കെ റിസര്‍വോയര്‍ ഉണ്ടാവുമല്ലോ. അത്യാവശ്യം ഉയരത്തില്‍ പണിയുന്ന ഒന്ന്. അതിലെ ജലത്തിന് ചലനം ഇല്ല. പക്ഷേ അതിനൊരു ഊര്‍ജം ഉണ്ട്. പൊട്ടന്‍ഷ്യല്‍ എനര്‍ജി അഥവാ സ്ഥിതികോര്‍ജം എന്ന് വിളിക്കും. അടിസ്ഥാനപരമായ ഫിസിക്‌സാണ് പറയുന്നത്. വെള്ളം ഇങ്ങനെ സൂക്ഷിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. വെള്ളത്തിനെപ്പോഴും ചലിക്കാനാണ് പ്രവണത. ചലനം വരുമ്പോഴാണ് പൊട്ടന്‍ഷ്യല്‍ എനര്‍ജി, കൈനറ്റിക് എനര്‍ജി അഥവാ ഗതികോര്‍ജം ആയി മാറുന്നത്. ഗതികോര്‍ജംമാത്രമേ പവര്‍ ഉത്പാദിപ്പിക്കുകയുള്ളൂ. ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നിടത്ത് ഈ തത്വമാണല്ലോ പ്രാവര്‍ത്തികമാക്കുന്നത്.

സമാനമായ ശാസ്ത്രം ഒരു ക്രിസ്തു അനുയായിയുടെ ആദ്ധ്യാത്മിക ജീവിതത്തിലുമുണ്ട്. ക്രിസ്തു ഉള്ളിലുള്ളതിനാല്‍ ഒരു ക്രിസ്ത്യാനിയില്‍ ഉന്നതമായ ‘പൊട്ടന്‍ഷ്യല്‍ എനര്‍ജി’ ഉണ്ട്. മാത്രവുമല്ല ആ ഊര്‍ജം എപ്പോഴും ചലനത്തിലേക്ക് അഥവാ ശുശ്രൂഷയിലേക്ക് ഊന്നിയിരിക്കുന്നു. ചലനം ഉണ്ടെങ്കിലേ പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെതന്നെ ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ ശുശ്രൂഷ ഉണ്ടെങ്കിലേ ദൈവികശക്തി പ്രവഹിക്കുകയുള്ളൂ. പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്ന പാഠം വേറൊന്നല്ല.

അമ്മ ക്രിസ്തുവിന്റെ ‘റിസര്‍വോയറാ’യിത്തീര്‍ന്നു. അതിനാല്‍ത്തന്നെ എപ്പോഴും ശുശ്രൂഷയിലേക്കായിരുന്നു ചായ്‌വ്. നേരെ എലിസബത്തിന്റെ പക്കല്‍ ചെന്നപ്പോള്‍, അതാ ശക്തി പ്രവഹിച്ചു. അവള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു.
ശുശ്രൂഷ ഇല്ലെങ്കില്‍ പവര്‍ ഉത്പാദനം നടക്കില്ലെന്ന് ഓര്‍ക്കുക. ”പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2/17). ആകയാല്‍ മറിയത്തെപ്പോലെ ഈശോയെ വഹിക്കുന്ന റിസര്‍വോയര്‍ ആകാനും ശുശ്രൂഷയിലൂടെ ദൈവികശക്തി ചുറ്റുമുള്ളവര്‍ക്കും പകരാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ്‌