എന്റെ പ്രിയപ്പെട്ട എ.ഡി.എച്ച്.ഡി – Shalom Times Shalom Times |
Welcome to Shalom Times

എന്റെ പ്രിയപ്പെട്ട എ.ഡി.എച്ച്.ഡി

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, എന്തുചെയ്യാനും പുറത്തുനിന്ന് ഒരു ഉത്തേജനം ലഭിക്കണമെന്ന സ്ഥിതി, അമിതമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്തമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മാനസികവൈകല്യമാണല്ലോ എ.ഡി.എച്ച്.ഡി. സാധാരണയായി കുട്ടികളിലാണ് ഇത് ശ്രദ്ധിക്കപ്പെടാറുള്ളതെങ്കിലും മുതിര്‍ന്നവരിലും ഈ അവസ്ഥ കാണാറുണ്ട്. എനിക്ക് ഈ മാനസികവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇരുപതാമത്തെ വയസില്‍മാത്രമാണ്. പക്ഷേ അതിനുമുമ്പുതന്നെ ഇതിനെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ ഏറെക്കുറെ സാധിച്ചിരുന്നു.

എന്നാല്‍ ആദ്യകാലങ്ങളില്‍ ഈ വൈകല്യം എന്നെ ഏറെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഒരു ദിവ്യബലിപോലും ശ്രദ്ധയോടെ അര്‍പ്പിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ‘എത്ര നല്ല പ്രസംഗമായിരുന്നല്ലേ അച്ചന്റേത്’ എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ എന്താണ് അച്ചന്‍ പറഞ്ഞത് എന്ന് ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും. ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ വല്ലാത്ത ചമ്മല്‍ തോന്നും. അതേപ്പറ്റിയുള്ള കൂട്ടുകാരുടെ ചര്‍ച്ചകളില്‍നിന്ന് ‘മുങ്ങുന്നതും’ അതിനാല്‍ത്തന്നെ. എന്നാല്‍ എല്ലായ്‌പോഴും അങ്ങനെയല്ല. ചിലപ്പോള്‍ നല്ല ശ്രദ്ധയോടെ ഇരിക്കാനും സാധിക്കാറുണ്ട്. അത് വളരെ സുന്ദരവും സന്തോഷകരവുമായ അനുഭവമാണ്. അങ്ങനെയല്ലാത്ത സമയങ്ങളിലും ആശ്വാസം പകരുന്ന അനുഭവമാണ് അപ്പോഴത്തേത്.

പ്രാര്‍ത്ഥിക്കാനിരിക്കുക എന്നതും എന്നെ സംബന്ധിച്ച് വളരെ ശ്രമകരമായ കാര്യമായിരുന്നു. സമയത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പ്രാര്‍ത്ഥനാവേളയില്‍. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന എന്നത് കഠിനമായി തോന്നും. മാത്രവുമല്ല അരമണിക്കൂര്‍പ്രാര്‍ത്ഥനയ്ക്കുപോലും അതിനെക്കാള്‍ വളരെയേറെ സമയം എടുക്കുന്നുവെന്ന ഒരു പ്രതീതിയാണ് ഉണ്ടാവുക. പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹം ഇല്ലാത്തതിനും എങ്ങനെയെങ്കിലും പ്രാര്‍ത്ഥിക്കാന്‍ സ്വയം ശക്തി ചെലുത്താത്തതിനും ഞാന്‍ എന്നെത്തന്നെ ശാസിക്കും. ഇങ്ങനെയൊക്കെ പോകവേയാണ് എ.ഡി.എച്ച്.ഡി ഉണ്ടെന്ന് തിരിച്ചറിയുന്നത്.

പതുക്കെ ഞാന്‍ അത് അംഗീകരിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാന്‍ തുടങ്ങി. വ്യക്തിപരമായ പ്രാര്‍ത്ഥന ഏറെ ശ്രമകരമായിരുന്നു എങ്കിലും സ്വയം കുറ്റപ്പെടുത്താതെ എന്നെത്തന്നെ അലിവോടെ കണ്ടുകൊണ്ട് നിമിഷങ്ങള്‍ക്കകം ഈശോയ്ക്ക് എന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് ബോധപൂര്‍വം ഓര്‍ക്കുകയാണ് എന്റെ രീതി. എന്നിട്ട് ദീര്‍ഘമായി ഒരു ശ്വാസമെടുത്ത് അവിടുത്തോട് ഒരു ‘ഹായ്’ പറയും. അങ്ങനെ പ്രാര്‍ത്ഥനയില്‍ മുന്നോട്ടുപോകും. പ്രാര്‍ത്ഥന എന്നത് ‘വലിയ എന്തോ ജോലി’യല്ലെന്ന കാര്യം പലപ്പോഴും ഞാന്‍ മറന്നുപോകാറുണ്ട്. അമ്മത്രേസ്യ പറയുന്നതുപോലെ, സ്‌നേഹമാണല്ലോ സകലതിനെയും വിലയുള്ളതാക്കുന്നത്. അതിനാല്‍ ദൈവത്തെ സ്‌നേഹത്തോടെ നോക്കുന്നതും അഭിസംബോധന ചെയ്യുന്നതും തന്നെയല്ലേ പ്രാര്‍ത്ഥന. അങ്ങനെ പ്രാര്‍ത്ഥിക്കാനായിരുന്നു ശ്രമം. അത് ഏതാണ്ട് വിജയിച്ചിട്ടുമുണ്ട്.

എ.ഡി.എച്ച്.ഡി ഉണ്ടെന്ന് മനസിലാക്കിയതിനുശേഷം എന്റെ മോശം അവസ്ഥയെക്കുറിച്ച് ചിന്തിച്ച് പ്രാര്‍ത്ഥിക്കാതെ കര്‍ത്താവിന്റെ സ്‌നേഹത്തെയും കരുണയെയും കുറിച്ച് കൂടുതല്‍ ധ്യാനിക്കും. എന്റെ മറവിയും ശ്രദ്ധക്കുറവുമെല്ലാം ഡാഡിക്ക് ഏറെ അസ്വസ്ഥതകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഡാഡി എല്ലാക്കാലത്തും എന്നോട് വളരെ ക്ഷമ കാണിച്ചിരുന്നു. ദൈവം എത്രമാത്രം ക്ഷമാശീലനും സ്‌നേഹനിധിയും കരുണാമയനുമാണെന്ന കാര്യം ഡാഡി ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ ഡാഡിയെ ഓര്‍ത്തും ഞാന്‍ ഈശോയ്ക്ക് നന്ദി പറയും.

പ്രാര്‍ത്ഥന നിമിത്തം ഈ വൈകല്യത്തിനുമുകളിലൂടെ നടക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. കുട്ടിയായിരുന്നപ്പോഴും ഇപ്പോഴുമെല്ലാം ഞാന്‍ അനുഭവിക്കുന്ന ഒരു പ്രത്യേക അനുഗ്രഹം അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. അന്നും ഇന്നും എന്തെങ്കിലും കാര്യം മറന്നുപോകുന്നതായി തോന്നിയാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ഓര്‍ത്ത് ഉത്കണ്ഠാകുലയാകാന്‍ നില്‍ക്കാറില്ല. അതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പകരം ഈശോയോട് പറയും, ”ഈശോയേ, ഞാനെന്തോ മറന്നുപോയതായി തോന്നുന്നു. അത് പ്രധാനപ്പെട്ട എന്തെങ്കിലുമാണെങ്കില്‍ എപ്പോഴാണ് ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചേക്കണേ!”

എല്ലായ്‌പോഴും ഈ നുറുങ്ങുപ്രാര്‍ത്ഥന വിജയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളുടെ കാര്യത്തിലും ഹോംവര്‍ക്കിന്റെ കാര്യത്തിലുമെല്ലാം ഞാന്‍ രക്ഷപ്പെട്ടിട്ടുള്ളത് ഇങ്ങനെയാണ്. എങ്ങുനിന്നെന്നറിയാതെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ ലഭിക്കും. വാസ്തവത്തില്‍, എന്റെ എ.ഡി.എച്ച്.ഡി എനിക്ക് ഒരുതരത്തില്‍ പ്രിയപ്പെട്ടതാണ് എന്നുപറയാം. കാരണം ഈ വൈകല്യം, എന്നെത്തന്നെ കര്‍ത്താവിന് സമര്‍പ്പിക്കുന്നത് എളുപ്പമാക്കിത്തീര്‍ത്തു. എന്തെന്നാല്‍, എനിക്ക് തനിയെ എല്ലാക്കാര്യങ്ങളും വിജയകരമായി ചെയ്യാനാവില്ലെന്ന് എനിക്കറിയാം.

പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ എന്നെ സംബന്ധിച്ചും സത്യമാണ്, ”അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപമതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന് ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും. അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്” (2 കോറിന്തോസ് 12/9-10).

ഈവാ കാത്തി