യുവസംരംഭകരുടെ പ്രചോദനാത്മകമായ വിജയകഥ
ഗെയ്ബ്, നെയ്റ്റ്- ഇരുവരും ഗ്രാജ്വേഷന്‍ പഠനം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ഇരട്ടസഹോദരങ്ങള്‍. കുറച്ചുനാളായി ഗെയ്ബ് ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്. അതാണ് അഗാപെ എന്ന പേരില്‍ പൂവണിഞ്ഞത്. താമസിയാതെ ഇരട്ടസഹോദരനായ നെയ്റ്റും പങ്കാളിയായി. ‘അഗാപെ അപ്പാരല്‍’ എന്നാല്‍ ഇവരുടെ കത്തോലിക്കാ വസ്ത്രവ്യാപാരസംരംഭം. എന്താണ് ഈ യുവാക്കളുടെ ബ്രാന്‍ഡിന്റെ പ്രത്യേകത എന്നല്ലേ? ഇതൊരു സുവിശേഷ പ്രചാരണമാധ്യമമാണ് ഇവര്‍ക്ക്. ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലഭിക്കേണ്ട അനുമതികളെല്ലാം വേഗം ലഭിച്ചു എന്നതുമാത്രമല്ല, ആദ്യത്തെ ഓര്‍ഡര്‍ അയച്ചപ്പോള്‍ത്തന്നെ അഗാപെയുടെ വിജയകരമായ തുടക്കത്തിനുപിന്നില്‍ ദൈവകരം പ്രവര്‍ത്തിച്ചു എന്നത് ഉറപ്പായെന്ന് ഇരുപതുകാരായ സഹോദരങ്ങള്‍ പറയുന്നു.
യഥാര്‍ത്ഥമായ സ്‌നേഹത്തെക്കുറിച്ചുള്ള സംസാരത്തിന് തുടക്കമിടുന്ന ഒരു ബ്രാന്‍ഡിനെക്കുറിച്ച് ഇവരുടെ മനസിലുണ്ടായിരുന്നു. ഇന്ന് ഈ ബ്രാന്‍ഡ് വസ്ത്രമണിഞ്ഞ ഒരാളെ കാണുമ്പോള്‍ എന്താണ് അഗാപെ എന്ന് ചോദിക്കും. അപ്പോള്‍ അതേക്കുറിച്ച് വിശദീകരിക്കാന്‍ അവസരം ലഭിക്കുന്നു. അതിലൂടെ അഗാപെ സ്‌നേഹത്തെക്കുറിച്ചും ക്രിസ്തുവിന് നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ചും അതുവഴി കത്തോലിക്കാവിശ്വാസത്തെക്കുറിച്ചും പങ്കുവയ്ക്കാന്‍ സാധിക്കും.
ഈ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ ക്രിസ്തുവിന്റെ സുവിശേഷത്തെക്കുറിച്ചും അഗാപെ സ്‌നേഹത്തെക്കുറിച്ചും പങ്കുവയ്ക്കുകമാത്രമല്ല, വചനാനുസൃതം ജീവിക്കുകയും അവിടുത്തെ വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തിന് സാക്ഷികളാകുകയും ചെയ്യണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.
അഗാപെ എന്നാല്‍ വ്യത്യസ്തമായ ഒരു ജീവിതശൈലിയും നല്ലൊരു വസ്ത്രവും എന്നുമാത്രമല്ല, അത് മറ്റുള്ളവരെ സഹായിക്കുന്നതിലേക്കും ത്യാഗപൂര്‍ണമായ സ്‌നേഹം ജീവിക്കുന്നതിലേക്കും നയിക്കണം. അതാണ് നെയ്റ്റിന്റെ ആഗ്രഹം. അത് മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കുന്നതാകണം. അവരുടെതന്നെ ജീവിതത്തില്‍ ഈ സൗന്ദര്യം അനുഭവിക്കുന്നതിലേക്കും ഓരോരുത്തരുടെയും ജീവിതത്തില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നതിലേക്കും നയിക്കണം.
അനുഭവം
ഒരു സ്വെറ്റ്ഷര്‍ട്ടിന് ചെലുത്താന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. നെയ്റ്റിന്റെയും ഗെയ്ബിന്റെയും സഹപാഠിയായ ലൂക്ക് ബിഗ്ഗാര്‍ പങ്കുവച്ചത് അത്തരത്തിലൊരു സാക്ഷ്യമാണ്. ലൂക്കിന്റെ അഗാപെ വസ്ത്രം പല തവണ ഫലപ്രദമായ സംസാരത്തിന് വഴിതുറന്നു. ”അതില്‍ ഏറ്റവും കൂടുതല്‍ എനിക്ക് ഇഷ്ടം തോന്നുന്നത് ഇതിലൂടെ എന്റെ നിത്യജീവിതത്തോട് വിശ്വാസത്തെ ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ്. എനിക്ക് ഒരു എം.ആര്‍.ഐ സ്‌കാന്‍ എടുക്കേണ്ടിവന്നപ്പോള്‍ ഞാന്‍ ധരിച്ചിരുന്ന അഗാപെയുടെ ഹൂഡി വസ്ത്രത്തെക്കുറിച്ച് ഒരു സ്ത്രീ എന്നോട് ചോദിച്ചു. ഞാന്‍ അവരോട് അഗാപെയെക്കുറിച്ചും ആ വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ചും സംസാരിച്ചു. അവര്‍ക്കത് വലിയ ഇഷ്ടമായി. നേരിട്ടല്ലാതെയുള്ള സുവിശേഷപ്രചാരണത്തിന് ഇതൊരു നല്ല ഉപകരണമാണ്-” ലൂക്കിന്റെ വാക്കുകള്‍
അഗാപെ സ്‌നേഹത്തിന്റെ സന്ദേശം വസ്ത്രങ്ങളുടെ ഉപഭോക്താക്കള്‍ക്കുമാത്രമല്ല, നിര്‍മാതാക്കള്‍ക്കുംകൂടിയുള്ളതാണ്. ഈ കമ്പനി നടത്തുന്നതിലൂടെ തങ്ങള്‍ പല കാര്യങ്ങളും പഠിച്ചുവെന്ന് ഗെയ്ബും നെയ്റ്റും പറയുന്നു. പ്രത്യേകിച്ചും, ത്യാഗപൂര്‍ണമായ സ്‌നേഹം എങ്ങനെ പരിശീലിക്കണമെന്ന് അഗാപെ അപ്പാരല്‍സ് പഠിപ്പിച്ചു എന്നതാണ് അവരുടെ സാക്ഷ്യം.
സ്‌നേഹം എന്നാല്‍ ബലിയാകലാണെന്ന് ഈ കമ്പനി ഓര്‍മ്മിപ്പിക്കുന്നു എന്നവര്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികളെന്ന നിലയില്‍, സ്‌നേഹത്തിന്റെ ഈ പാഠം വിദ്യാഭ്യാസവും ജോലിയും സാമൂഹ്യ ഉത്തരവാദിത്വങ്ങളും സംതുലിതാവസ്ഥയില്‍ കൊണ്ടുപോകുന്നതിന് വളരെ ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു എന്നും ഈ യുവസംരംഭകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇടയ്ക്ക് പുതിയ മോഡല്‍ വസ്ത്രങ്ങള്‍ ഇറക്കുന്നതില്‍ ചെറിയൊരു ഇടവേള നല്കിയെങ്കിലും പിന്നീട് കൂടുതല്‍ ഉണര്‍വോടെ മുന്നോട്ടുവന്നപ്പോള്‍ കുറച്ചുമാസങ്ങള്‍കൊണ്ടുതന്നെ കമ്പനിക്ക് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. Agape Apparel എന്ന് സേര്‍ച്ച് ചെയ്താല്‍ ഇന്റര്‍നെറ്റില്‍നിന്ന് ഇവരുടെ വിവരങ്ങള്‍ ലഭിക്കും.