സുമുഖരും സന്തുഷ്ടരും ആയിരിക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനാല്‍ത്തന്നെ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കാറുണ്ട്. അത് മറ്റൊന്നുമല്ല, മുഖത്തിന്റെ കാന്തി മനസിന്റെ ശാന്തിയില്‍നിന്നാണ് വരുന്നത്. മനസിന്റെ ശാന്തിയാകട്ടെ ഹൃദയവിശുദ്ധിയില്‍നിന്നും. ഈ ഹൃദയവിശുദ്ധി ഈശോയുമായുള്ള ഹൃദയബന്ധത്തില്‍നിന്നാണ് വരുന്നത്. അതിനാല്‍ സന്തുഷ്ടരും സുമുഖരുമായിരിക്കാനുള്ള മാര്‍ഗം നമ്മെത്തന്നെ കഴുകി വിശുദ്ധീകരിക്കുക എന്നതാണ്. മനസ് ശുദ്ധമായിരിക്കുമ്പോള്‍ മുഖം തീര്‍ച്ചയായും മനോഹരമായിരിക്കും. അതിനാല്‍ കളങ്കമില്ലാത്ത ഒരു ആത്മീയസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5) എന്ന് വചനം ഉറപ്പുതരുന്നുണ്ടല്ലോ.
സങ്കടങ്ങളിലും പ്രണയനൈരാശ്യങ്ങളിലും പഠനപരാജയങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലുമെല്ലാം തകര്‍ന്ന് വരുന്ന കുട്ടികളോട്, പ്രത്യേകിച്ചും ക്രൈസ്തവകുട്ടികളോട്, പ്രതിവിധിയായി പറഞ്ഞുകൊടുക്കും, ”ഈശോയുമായി സ്‌നേഹത്തിലാവുക.” പ്രതിസന്ധിയെ അതിജീവിക്കാന്‍ ആ ബന്ധം അവരെ സഹായിക്കുന്നതാണ് കണ്ടിട്ടുള്ളത്.
നമ്മില്‍നിന്ന് എന്താണോ പുറപ്പെടുന്നത് അതാണ് നമ്മിലേക്ക് മടങ്ങിവരിക എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കും. നമ്മില്‍നിന്ന് സ്‌നേഹവും അനുഗ്രഹവും നന്മയുമാണ് പുറപ്പെടുന്നതെങ്കില്‍ അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ ലഭിക്കും. പ്രഭാതത്തില്‍ത്തന്നെ ഈശോയുടെ നാമത്തില്‍ ഇന്ന് കണ്ടുമുട്ടാന്‍ പോകുന്ന സകല വ്യക്തികള്‍ക്കും നന്മയുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണമെന്നും കുട്ടികളോട് നിര്‍ദേശിക്കാറുണ്ട്. ഇന്നേ ദിവസം ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായി എന്നെ രൂപാന്തരപ്പെടുത്തണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ പറയും. സ്വയം അനുഗ്രഹിക്കണമെന്നും കുട്ടികളെ പഠിപ്പിക്കും.
‘പ്രൊഫഷന്‍’ അല്ല
മുന്നില്‍ വരുന്ന ഓരോ വിദ്യാര്‍ത്ഥിയെയും ദൈവത്തോട് ബന്ധിപ്പിക്കുന്ന ആളായിരിക്കണം ഒരു അധ്യാപകന്‍/അധ്യാപിക. ഇപ്രകാരം ചെയ്യണമെങ്കില്‍, ഉള്ളില്‍ ദൈവസ്‌നേഹം പുലര്‍ത്തുന്ന ആളായിരിക്കണം. എങ്കില്‍മാത്രമേ അവരുടെ വിദ്യാര്‍ത്ഥികളെ ദൈവം വിഭാവനം ചെയ്യുന്ന ക്ഷേമത്തിന്റെ പദ്ധതിയിലേക്ക് നയിക്കാനാവൂ. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയാ 29/11) എന്നാണല്ലോ തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ അധ്യാപനം വാസ്തവത്തില്‍ ഒരു ജോലി അഥവാ ‘പ്രൊഫഷന്‍’ മാത്രമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഒരു ദൈവവിളി അഥവാ ‘വൊക്കേഷന്‍’ ആണ്.
ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹവും മികച്ച മാതൃകയുമെന്ന് കരുതിയ ആളായിരുന്നു ഞങ്ങളുടെ കലാലയത്തിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസ് പുത്തന്‍കടുപ്പില്‍. അതിനാല്‍ത്തന്നെ, അധ്യാപകരെ ആത്മീയമായി വളര്‍ത്തുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ഉദാത്തമായ ജീവിതസാക്ഷ്യത്തിലൂടെ വിദ്യാര്‍ത്ഥികളെ നേടാനാവുമെന്ന് അച്ചന്‍ പറയുമായിരുന്നു. അധ്യാപകരോട്, പ്രത്യേകിച്ചും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠ കാണിക്കുന്ന യുവ അധ്യാപികമാരോട്, അദ്ദേഹം പറയാറുള്ളത് ഞാന്‍ എപ്പോഴും ഓര്‍ക്കും. ”നിങ്ങളുടെ കുഞ്ഞുങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടേതല്ല. അവര്‍ ദൈവത്തിന്റേതാണ്. ഇവിടെ നിങ്ങള്‍ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ദൈവകരങ്ങളില്‍ സുരക്ഷിതരായിരുന്നുകൊള്ളും.” വിദ്യാര്‍ത്ഥികളെ നന്മയ്ക്കായി നേടുന്നതിന് സമര്‍പ്പണ മനോഭാവത്തോടെ അധ്വാനിക്കുമ്പോള്‍ അതിന് പകരമായി അധ്യാപകരുടെ മക്കള്‍ അനുഗ്രഹിക്കപ്പെടുമെന്നാണ് അച്ചന്‍ പറഞ്ഞിരുന്നതിന്റെ ചുരുക്കം.
അതിനാല്‍ത്തന്നെ ഒരു അധ്യാപകന്/അധ്യാപികയ്ക്ക് ഏറ്റവും അധികം വേണ്ടത് തന്റെ വിളിക്കനുസൃതമായ സമര്‍പ്പണം (commitment) ആണ്. അതുണ്ടെങ്കില്‍ കഴിവ് (competance) പിറകേ വരും, ദൈവം തരും. നമ്മെ വിളിച്ചവന്‍ നാം എപ്പോഴും വിജയികളാകണമെന്നല്ല, വിശ്വസ്തരാകണം എന്നാണ് ആഗ്രഹിക്കുന്നത്. ചിലപ്പോഴെങ്കിലും വിജയിക്കാന്‍ സാധിക്കാതെ വരും, പക്ഷേ അപ്പോഴും വിശ്വസ്തരായിരിക്കണം.
തികച്ചും വിഷമകരമായ സമയങ്ങളില്‍ ‘ഈശോയേ, അങ്ങാണ് ഈ സ്ഥാനത്തെങ്കില്‍ എന്തുചെയ്യും?’ എന്ന് ചോദിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുക. അങ്ങാണ് ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് എങ്കില്‍, അങ്ങാണ് ക്ലാസ് ടീച്ചറെങ്കില്‍, അങ്ങാണ് ഈ കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ട കുട്ടിയെ കൈകാര്യം ചെയ്യുന്നതെങ്കില്‍…. എന്നിങ്ങനെ ചോദിക്കും.
സ്‌നേഹം പലിശസഹിതം തിരികെ…
ദൈവസ്‌നേഹം നാം നല്കുകയാണെങ്കില്‍ അത് പലിശയടക്കം തിരികെ ലഭിക്കും എന്ന് ഉറപ്പാണ്. കൊവിഡ് കാലമായിരുന്നതുകൊണ്ട് എന്റെ റിട്ടയര്‍മെന്റ് തികച്ചും ആഘോഷങ്ങളില്ലാതെയാണ് നടന്നത്. എന്നാല്‍ വീട്ടിലെത്തിയതിനുശേഷം വൈകിട്ട് മുറ്റത്ത് ഒരു കാര്‍ വന്നുനിന്നു. എന്റെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുടുംബസമേതം എനിക്ക് ആശംസകള്‍ നേരാന്‍ എത്തിയതായിരുന്നു. പോലീസുകാര്‍ക്കുമാത്രം ലഭ്യമായിരുന്ന സഞ്ചാരസ്വാതന്ത്ര്യം ഉപയോഗിച്ചാണ് അദ്ദേഹം വന്നത്. അതെനിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു.
ആ സമയത്ത് ചില വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കില്‍ എന്നെക്കുറിച്ച് എഴുതി, ‘ടീച്ചര്‍ കാരണമാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്തിയത്.’ വളരെപ്പേര്‍ നല്ല ഓര്‍മക്കുറിപ്പുകളും നന്ദിവചസുകളും വാട്ട്‌സാപ്പിലും അയച്ചിരുന്നു. പലരുടെയും ജീവിതത്തില്‍ ഇടപെട്ടത് എങ്ങനെയായിരുന്നു എന്ന് ഞാനോര്‍ക്കുന്നില്ലെങ്കിലും അവര്‍ അത് ഓര്‍ത്തിരിക്കുന്നു എന്നത് വളരെ വലിയ അംഗീകാരമായി തോന്നി. സ്‌നേഹത്തിന്റെ ചെറിയ വാക്കുകളും പ്രവൃത്തികളും അവരുടെ മനസില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു മറ്റ് കുറിപ്പുകളും.
അവസരങ്ങള്‍ നല്കുന്നവര്‍
ഇന്ന് അറിയപ്പെടുന്ന പ്രഭാഷകയും പരിശീലകയുമൊക്കെയായി വളരാന്‍ എനിക്ക് ഇടവന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം എന്റെ മാതാപിതാക്കള്‍ക്കൊപ്പംതന്നെ, ഓരോ കാലഘട്ടങ്ങളിലും എന്നെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്ത അധ്യാപകരാണ്. പ്രസംഗം പറയാന്‍, ക്യാമ്പുകള്‍ നടത്താന്‍, ക്ലാസുകള്‍ നടത്താന്‍, കലാപരിപാടികള്‍ സംഘടിപ്പിക്കാന്‍ – ഇങ്ങനെയുള്ള ഓരോരോ അവസരങ്ങള്‍ ലഭിച്ചതുകൊണ്ടാണല്ലോ എനിക്ക് വളരാന്‍ സാധിച്ചത്. അതുകൊണ്ട് എന്റെ കുട്ടികള്‍ക്കുവേണ്ടിയും അതുപോലുള്ള അവസരങ്ങള്‍ ഉണ്ടാക്കുവാനും നേതൃത്വവാസനയിലേക്ക് കുട്ടികളെ കൊണ്ടുവരാനും അവരുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനും ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്.
Emerging Youth എന്ന പേരില്‍ കോളേജില്‍ ഒരു പ്ലാറ്റ്‌ഫോം കുട്ടികള്‍ക്ക് സമഗ്രവികസനം സാധ്യമാക്കുന്നതിനായി സംഘടിപ്പിക്കാനും 10 വര്‍ഷം അതിന് നേതൃത്വം കൊടുക്കാനും നിരവധി കുട്ടികളെ മിടുക്കരായി വളര്‍ത്തിവിടുന്നതിനും ദൈവം അനുഗ്രഹിച്ചു. കോളജിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയിരുന്ന കൊവിഡ് കാലത്ത്, കോളേജിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലെയും എല്ലാ അധ്യാപകരോടും കുട്ടികളെ സജീവരായി നിലനിര്‍ത്തുവാന്‍ തക്കവിധത്തില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞു. അങ്ങനെ അന്നത്തെ ഏകാന്തതയുടെ നിമിഷങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ സാധിച്ചു.
വിരമിക്കുന്നതിന് മുമ്പ്…
വിരമിക്കുന്നതിന് മുമ്പുള്ള വര്‍ഷം പ്രിന്‍സിപ്പലിന്റെ ചുമതല എന്നെ ഏല്‍പിച്ചപ്പോള്‍, കര്‍ത്താവിന് ഇപ്രകാരം വാക്കുകൊടുത്ത് പ്രാര്‍ത്ഥിച്ചു, ”കര്‍ത്താവേ, സക്കേവൂസിനെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരു വ്യക്തിക്ക് ലഭിക്കാവുന്ന പൂര്‍ണ സര്‍വീസ് നല്‍കി അങ്ങ് എന്നെ അനുഗ്രഹിച്ചു. സേവനകാലത്ത് അങ്ങ് ആഗ്രഹിക്കുന്നതുപോലെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ആരുടെയെങ്കിലും തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ഒന്നിന് നാലിരട്ടിയായി തിരികെ കൊടുത്തുകൊള്ളാം എന്ന് സക്കേവൂസ് പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിക്കുകയാണ്. ഇത്രയും കാലത്തെ എന്റെ അധ്യാപന ജീവിതത്തിനിടയില്‍ ഏതെങ്കിലും കാര്യങ്ങള്‍ക്ക് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഒന്നിന് നാലിരട്ടി തീക്ഷ്ണതയോടുകൂടി ഈ അവസാനത്തെ വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാം.”
ഈ വാക്ക് കൊടുത്തതിനുശേഷം രാവിലെ 8.30 എന്നൊരു സമയമുണ്ടെങ്കില്‍ കോളജിലെത്തുകയും വെകിട്ട് 5.30വരെ കോളജില്‍ ഉണ്ടാകുകയും ചെയ്യുമായിരുന്നു. അനുവദിക്കപ്പെട്ട അവധികളുണ്ടായിരുന്നെങ്കിലും ഒരു ദിവസംപോലും ജോലിയില്‍നിന്ന് മാറിനില്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. കോളേജിലേക്ക് വരാന്‍ കുട്ടികള്‍ക്ക് അനുവാദമില്ലാതിരുന്ന ആ സമയത്തും നല്ല സന്ദേശങ്ങളും മൂല്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ഓണ്‍ലൈനായി നല്കാന്‍ ശ്രദ്ധിച്ചിരുന്നു.
പ്രാര്‍ത്ഥനയുടെ മധുരം
കര്‍ത്താവ് എന്നെ ആ കോളേജിന്റെ സാരഥ്യം വഹിക്കാന്‍ അനുവദിച്ചെങ്കില്‍ അവിടുത്തേക്കായി പ്രാര്‍ത്ഥനാശബ്ദം ഉയര്‍ത്താനും എനിക്ക് കടമയും അധികാരവും ഉണ്ടല്ലോ. അതിന് വലിയൊരു അവസരമായിരുന്നു കൊവിഡ് കാലം. അക്കാലത്ത് എന്നും രാവിലെ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്ത്, 91-ാം സങ്കീര്‍ത്തനം അധ്യാപക-അനധ്യാപകര്‍ മാറിമാറി ചൊല്ലുമായിരുന്നു. കോളേജില്‍ ആര്‍ക്കും ഗുരുതരമായ വിധത്തില്‍ കൊവിഡ് വരാതിരിക്കാന്‍ ആ പ്രാര്‍ത്ഥന സംരക്ഷണകവചമായി എന്നും ഞാന്‍ വിശ്വസിക്കുന്നു.
അതിനെക്കാള്‍ വലിയൊരു അനുഗ്രഹമായിരുന്നു കോളേജ് ചാപ്പലില്‍ സ്ഥിരമായി ദിവ്യകാരുണ്യം പ്രതിഷ്ഠിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ സാധിച്ചത്.അതിനായി ദിവ്യകാരുണ്യനാഥനെ സംവഹിച്ചുകൊണ്ടുവന്നപ്പോള്‍ എല്ലാവരും തയാറായി നിന്നതും ഒന്നുചേര്‍ന്ന് ‘എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു…’ എന്ന ഗാനം ആലപിച്ചതും ഇന്നും ആനന്ദനിര്‍വൃതിയുളവാക്കുന്ന ഓര്‍മയാണ്. മറ്റ് അധ്യാപകരും അനധ്യാപകരും എന്നോട് പറഞ്ഞു, അത് അവിസ്മരണീയ നിമിഷമായിരുന്നു എന്ന്.
അധ്യാപകവൃത്തിയിലേക്കുള്ള ഈ ദൈവവിളിയെ എന്നും സന്തോഷത്തോടെ നെഞ്ചിലേറ്റുന്നു. മറക്കാനാവാത്ത അനുഭവങ്ങള്‍ ഇനിയും ഏറെ…
ഡോ. ആന്‍സി ജോസഫ്