മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില്‍ ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നില്‍ എല്ലാ ബുധനാഴ്ചയും ആയിരങ്ങള്‍ പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു.
ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്റെ ലക്ഷ്യം. ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പലരും ജപമാലയില്‍ പങ്കുചേരുന്നു. ദൈവത്തിന്റെ വിളിയോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ ഷോപ്പിംഗ് സെന്റര്‍ പിന്തുണയ്ക്കുമെന്ന് ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്റെ കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ഡയാന ഗാര്‍സിയ വ്യക്തമാക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്ററാണ് തങ്ങളുടേത്. തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാര്‍സിയ പറയുന്നു.
ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച ദൈവമാതൃദര്‍ശനത്തിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.