സുവിശേഷ പ്രഘോഷണത്തിന് രണ്ടായിരത്തോളം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ – Shalom Times Shalom Times |
Welcome to Shalom Times

സുവിശേഷ പ്രഘോഷണത്തിന് രണ്ടായിരത്തോളം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍

ലോസ് ആഞ്ചലസ്: കത്തോലിക്ക വിശ്വാസത്തിന്റെ ധീരപോരാളികളാകാന്‍ മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്റെ മിഷണറികൂട്ടം അമേരിക്കയില്‍ ഒരുമിച്ച് കൂടി. ഒക്‌ടോബര്‍ 16ന് ലോസ് ആഞ്ചല്‍സിലെ ഔവര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്റെ വാര്‍ഷിക വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടികളിലും രണ്ടായിരത്തോളം കുട്ടികളാണ് പങ്കുചേര്‍ന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി വിശ്വാസവും ഭൗതികനേട്ടങ്ങളും പങ്കിടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ഹോളി ചൈല്‍ഡ്ഹുഡ് പൊന്തിഫിക്കല്‍ സൊസൈറ്റിയെന്നും അറിയപ്പെടുന്നുണ്ട്.

കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍, കുട്ടികള്‍ക്ക് സുവിശേഷം നല്‍കുന്ന കുട്ടികള്‍, ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കുന്ന കുട്ടികള്‍ എന്ന ഇവരുടെ ആപ്തവാക്യം ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ അധികാരത്തിനു കീഴിലുള്ള കത്തോലിക്ക മിഷണറി ഗ്രൂപ്പുകളുടെ നാല് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളില്‍ ഒന്നാണിത്. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കിടയില്‍ സഹായമെത്തിക്കുന്നതിനും സുവിശേഷ സന്ദേശത്തിന്റെ വ്യാപനത്തിനു വേണ്ടിയും എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സുവിശേഷകരാക്കാനും കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാനും സഹായിക്കുന്ന സംഘടനയിലൂടെ നൂറുകണക്കിന് കുരുന്നുകളാണ് മിഷന്‍ തീക്ഷ്ണതയില്‍ ഉയര്‍ന്നുവരുന്നത്.