കഴുകിവച്ച ചെരുപ്പില്‍.. – Shalom Times Shalom Times |
Welcome to Shalom Times

കഴുകിവച്ച ചെരുപ്പില്‍..


അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരോര്‍മ. കൃഷിക്കാരുടെ വീടുകളില്‍ ചെരിപ്പുകള്‍ സാധാരണമല്ലാതിരുന്ന കാലം. വീട്ടില്‍ അപ്പന് ചെരിപ്പുണ്ടായിരുന്നു. ശനിയാഴ്ച അത് നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങാന്‍ മുന്‍വശത്തെ ചവിട്ടുപടിയില്‍ കുത്തിച്ചാരിവയ്ക്കും. പിറ്റേദിവസം ഞായറാഴ്ചയാണെന്നും കാറ്റക്കിസം ഉണ്ടെന്നും പിന്നെ ആരും പറയേണ്ടതില്ലായിരുന്നു.

പള്ളിയില്‍ വല്ലവണ്ണം പോയാല്‍ പോരാ, നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും എപ്പോഴെങ്കിലും എത്തിയാല്‍ പോരാ നേരത്തെതന്നെ അവിടെ ചെന്നിരിക്കണമെന്നും ആരും പറഞ്ഞുപഠിപ്പിക്കുന്നതും അന്ന് കേള്‍ക്കേണ്ടിവന്നിട്ടില്ല. തലേദിവസത്തെ ആഘോഷമായ കുളി, കഴുകിവച്ച ചെരിപ്പ് തുടങ്ങിയ സംഗതികള്‍ ശക്തമായ ‘ടീച്ചിങ്ങ് എയ്ഡു’കളായി പ്രവര്‍ത്തിച്ചിരുന്നു.

എത്ര മഴയുണ്ടെങ്കിലും പള്ളിയില്‍ പോകുന്ന മാതാപിതാക്കളേ, നിങ്ങള്‍ക്ക് ഭാവിയില്‍ മക്കളില്‍നിന്നും അഭിമാനിക്കാന്‍ വകയുണ്ടാകും. എത്രയും നേരത്തെ പള്ളിയിലെത്തി മുട്ടുകുത്തുന്ന മാതാപിതാക്കളേ, നിങ്ങളുടെ മക്കള്‍ ഇടവകയില്‍ തിളങ്ങിനില്‍ക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. കറന്റ് പോയാലും തിരിവെട്ടത്തില്‍ ബൈബിള്‍ വായിക്കുന്ന മാതാപിതാക്കളേ, നിങ്ങളുടെ മക്കള്‍ ജീവിതത്തില്‍ തപ്പിത്തടയുകയില്ല.
”അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്ന് പറഞ്ഞു: കര്‍ത്താവേ… ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക” (ലൂക്കാ 11/1).
ഫാ. തോമസ് ആന്റണി പറമ്പി