കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് ഒരിക്കല്‍ തന്റെ ഉറ്റസുഹൃത്തുക്കളോടൊപ്പം സമ്മേളിച്ച സമയം. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഓരോ കാരിക്കേച്ചര്‍ പെട്ടെന്ന് വരയ്ക്കാമോ എന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അല്പസമയം കഴിഞ്ഞ്, തയാറാക്കിയ ചിത്രങ്ങള്‍ അദ്ദേഹം അവര്‍ക്ക് കൈമാറി. എല്ലാവരും ചിത്രങ്ങള്‍ ആസ്വദിച്ചു. രസകരമായ കാര്യം അതൊന്നുമായിരുന്നില്ല! മറ്റുള്ളവരുടെ കാരിക്കേച്ചറുകള്‍ എല്ലാവരും എളുപ്പം തിരിച്ചറിഞ്ഞു. എന്നാല്‍, സ്വന്തം കാരിക്കേച്ചറുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ല.
നമ്മുടെ സുപ്രധാനമായ പ്രത്യേകതകള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നുണ്ടെങ്കിലും നമുക്ക് സ്വയം അത് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതിന് മികച്ച ഒരു തെളിവാണ് ഈ സംഭവം.
അതുകൊണ്ടാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്, ”വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന് തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന് സദൃശനാണ്. അവന് തന്നെത്തന്നെ നോക്കിയിട്ട് കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു. കേട്ടത് മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവന് അനുഗൃഹീതനാകും” (യാക്കോബ് 1/23-25).