‘പിടിച്ചെടുത്തു’, ആനന്ദം! – Shalom Times Shalom Times |
Welcome to Shalom Times

‘പിടിച്ചെടുത്തു’, ആനന്ദം!

പി.എച്ച്ഡി പഠനം പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പുകള്‍, കഴിവ് തെളിയിക്കാന്‍ തക്ക മ്യൂസിക് കണ്‍സേര്‍ട്ടുകള്‍, നല്ലൊരു യുവാവുമായുള്ള സ്‌നേഹബന്ധം… ഇതെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കേ വലിയ ലക്ഷ്യങ്ങളായിരുന്നു മുന്നില്‍. കരിയറില്‍ ഉയരങ്ങളിലെത്തി നല്ലൊരു ഭാവിജീവിതം കെട്ടിപ്പടുക്കണം. വിവാഹം ചെയ്ത് നല്ലൊരു കുടുംബജീവിതം നയിക്കണം… അങ്ങനെയങ്ങനെ… ഇതെല്ലാം ചിന്തിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്ന സമയമായിരുന്നു 2018.
പഠനത്തിനായി യു.എസിലെ ക്യാംപസിലായിരിക്കുമ്പോള്‍ അനുദിനം വിശുദ്ധബലിക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും അവസരമുണ്ടായിരുന്നു. അത് ഞാന്‍ ഉപയോഗിക്കുകയും ചെയ്തു. എന്റെ പദ്ധതികള്‍ക്കപ്പുറം എന്നെക്കുറിച്ച് ദൈവത്തിന് എന്ത് പദ്ധതിയാണുള്ളത് എന്ന് അന്വേഷിച്ചുതുടങ്ങിയത് അങ്ങനെയാണ്. അതിനായി പരിശുദ്ധ അമ്മയുടെ പക്കലേക്ക് പോയി. അമ്മയുടെ വാക്കുകള്‍ എന്റെ പ്രാര്‍ത്ഥനയായി മാറി, അങ്ങയുടെ ഹിതം എന്നില്‍ നിറവേറട്ടെ (ലൂക്കാ 1/38).

”അമ്മേ, അമ്മ പൂര്‍ണയായ ഭാര്യയും അമ്മയുമെല്ലാം ആണല്ലോ. എനിക്കും അങ്ങനെയാകണം” അതായിരുന്നു എന്റെ ചിന്ത. അതിനെല്ലാം അമ്മ സമ്മതം നല്കി, പക്ഷേ ഞാന്‍ ചിന്തിക്കുന്നപോലുള്ള ഭാര്യയും അമ്മയുമാകാനായിരുന്നില്ല അമ്മ നല്കിയ പ്രചോദനം. പകരം, അമ്മ പറഞ്ഞത് മകന്റെ മണവാട്ടിയാകാനാണ്! അതുവഴി ലോകത്തിലെല്ലാവര്‍ക്കും അമ്മയാകാമെന്ന വാഗ്ദാനവും. സാവധാനം, സന്യാസജീവിതത്തോട് എനിക്ക് ആകര്‍ഷണം തോന്നാന്‍ തുടങ്ങി. വെറും ആകര്‍ഷണം എന്ന് പറഞ്ഞാല്‍ മതിയാവുകയില്ല, സാധാരണയായി സന്യാസജീവിതം എന്നുപറയുമ്പോള്‍ ആശുപത്രിയിലോ സ്‌കൂളിലോ ഒക്കെ സേവനം ചെയ്യുന്ന കര്‍മനിരതരായ സന്യസ്തരുടെ ജീവിതമാണ് മനസില്‍ വരിക. എന്നാല്‍ എന്റെ മനസിലാകട്ടെ ധ്യാനാത്മകമായ സന്യാസത്തോടുള്ള നിഷേധിക്കാനാവാത്ത താത്പര്യമാണ് ഉണര്‍ന്നുകൊണ്ടിരുന്നത്.

ആ പ്രേരണകളെ അതിജീവിക്കാനാവില്ല എന്നുകണ്ടപ്പോള്‍ ഈ കാലഘട്ടത്തിലെ ഒരു സാധാരണ പെണ്‍കുട്ടി ചെയ്യുന്നതുപോലെ ഞാന്‍ അതേപ്പറ്റി ധാരാളം ലേഖനങ്ങള്‍ തപ്പിയെടുത്ത് വായിച്ചു, യു ട്യൂബ് വീഡിയോകള്‍ കണ്ടു…. അങ്ങനെ ലഭിക്കാവുന്ന അറിവുകളെല്ലാം സമാഹരിച്ചു. പക്ഷേ അതൊന്നുമല്ല, യഥാര്‍ത്ഥത്തില്‍ അപ്രകാരമുള്ള ഒരു സന്യാസാശ്രമത്തില്‍ പോയി കാണുകയാണ് ഉചിതം എന്ന ചിന്തയാണ് മനസില്‍ വന്നത്.
അങ്ങനെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് മോണസ്ട്രിയിലെത്തി. ഒരു മാസം അവിടെ സന്യാസിനികള്‍ക്കൊപ്പം ജീവിച്ചു. തികച്ചും വ്യത്യസ്തമായ ആ അന്തരീക്ഷത്തിന്റെ സൗന്ദര്യവും ചൈതന്യവുമെല്ലാം ആസ്വദിക്കുകയായിരുന്നു ഞാന്‍. ഏറെ സമയം പ്രാര്‍ത്ഥനയായിരുന്നു അവിടെ. എന്നുവച്ച്, സദാസമയവും മുട്ടില്‍ നില്‍ക്കുന്ന, ഗ്രില്ലിനുപിന്നില്‍ ചലിക്കുന്ന നിഴലുകളല്ല അവരെന്നും മനസിലായി.

പ്രഭാതം പുലരുമ്പോഴേ മുഴങ്ങുന്ന മണിനാദത്തോടെ അവരുടെ ദിവസം ആരംഭിക്കും. പിന്നെ ഗംഭീരമായ ശാന്തതയെ ഭേദിക്കുന്ന സങ്കീര്‍ത്തനാലാപം. ഏഴുനേരത്തെ യാമപ്രാര്‍ത്ഥനകളുടെ ആദ്യഭാഗമാണ് അത്. പിന്നെ ദിവ്യബലി. അനുദിനമുള്ള പ്രവര്‍ത്തനചര്യ ദിവ്യബലിയെയും യാമപ്രാര്‍ത്ഥനയെയും ദിവ്യകാരുണ്യ ആരാധനയെയും കേന്ദ്രീകരിച്ച് നില്‍ക്കുന്നു.
അവര്‍ ധാരാളം സമയം ചാപ്പലില്‍ ചെലവഴിക്കുന്നുണ്ടെങ്കിലും, ഒരു സന്യാസിനിയുടെ ജീവിതം നിയമപരമായ പ്രാര്‍ത്ഥനയെമാത്രം കേന്ദ്രീകരിച്ചല്ല നിലകൊള്ളുന്നത് എന്നും എനിക്ക് വ്യക്തമായി. ജീവിതത്തിന്റെ ഓരോ തലവും, അത് ചെറുതോ വലുതോ ആകട്ടെ, ദൈവത്തിനുള്ള ഒരു കാഴ്ചയാണ്. ഏറ്റവും സാധാരണമായ ദിനചര്യകള്‍പോലും, അത് പാചകമോ, വൃത്തിയാക്കലോ, പൂന്തോട്ടത്തിലെ കളപറിക്കലോ എന്തുമാകട്ടെ ധ്യാനത്തിനുള്ള അവസരംകൂടിയായി മാറുന്നു.

സന്യാസിനിസമൂഹം അനുഷ്ഠിക്കുന്ന ചില പരിഹാരപ്രവൃത്തികള്‍- ലളിതമായ ഭക്ഷണം കഴിക്കുക, കനം കുറഞ്ഞ കിടക്ക ഉപയോഗിക്കുക തുടങ്ങിയ ചില ശീലങ്ങള്‍- ഞാനും സ്വന്തമാക്കി. ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വ്യക്തിപരമായ പ്രാര്‍ത്ഥന, ആത്മീയവായന എന്നിവയ്ക്കായി മാറ്റിവച്ചു. ദൈവവചനവും ദൈവശാസ്ത്രവും പഠിക്കാന്‍ ഒരു അധികമണിക്കൂറും. ഡൊമിനിക്കന്‍ ജീവിതശൈലിയില്‍ അത് അത്യന്താപേക്ഷിതമാണ്. ദിവസത്തിന്റെ അവസാനം രാത്രിപ്രാര്‍ത്ഥന. അതിനൊടുവില്‍ ‘പരിശുദ്ധ രാജ്ഞീ’ ജപം ചൊല്ലി അന്നത്തെ ദിനം മുഴുവന്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന്‍കീഴില്‍ സമര്‍പ്പിക്കും.

ദീര്‍ഘമായ ഒരു ദിനം കഴിയുമ്പോഴേക്കും ക്ഷീണിക്കും. പക്ഷേ വര്‍ണിക്കാനാവാത്ത ആനന്ദമായിരുന്നു മനസില്‍. അത് നിഷേധിക്കാനാവില്ല. ഇത്രമാത്രം ലളിതവും ക്രമീകൃതവുമായ ഒരു ജീവിതത്തിനായി ബാക്കിയുള്ളതെല്ലാം ഉപേക്ഷിക്കണമെന്ന തോന്നല്‍ ശക്തമായി. അത് എങ്ങനെ എന്നില്‍ വന്നുനിറഞ്ഞു എന്ന് എനിക്കുതന്നെ നിര്‍വചിക്കാനാവില്ല. ഞാന്‍ ആനന്ദം നിറഞ്ഞ ആ ജീവിതത്താല്‍ ‘പിടിച്ചെടുക്കപ്പെട്ടു’ എന്ന് പറയേണ്ടിവരും.
അങ്ങനെ ആ മഠത്തില്‍ പ്രവേശനത്തിനായി അപേക്ഷിച്ചു. ഒരു സന്യാസാര്‍ത്ഥിനിയായി അവര്‍ എന്നെ സ്വീകരിക്കുകയും ചെയ്തു.

സന്യാസജീവിതം എത്രമാത്രം മനോഹരവും ആകര്‍ഷകവുമാണെന്ന് പറഞ്ഞാലും ഈ ലോകത്തില്‍ ആയിരുന്നുകൊണ്ട് ഈ ജീവിതം എനിക്ക് സാധിക്കുമോ? ആ ചോദ്യം എന്റെ മനസില്‍ ഉയര്‍ന്നിരുന്നു. അതിന് ഉത്തരവും ലഭിച്ചു, ‘ദൈവകൃപ!’ ദൈവകൃപ ഒന്നിനാല്‍മാത്രമേ ഈ ലോകത്തിലെ ആഘോഷപൂര്‍ണമായ ജീവിതത്തില്‍നിന്ന് മാറി മറയ്ക്കപ്പെട്ട ഈ ധ്യാനാത്മകസന്യാസജീവിതം സ്വീകരിക്കാന്‍ എനിക്ക് സാധിക്കുകയുള്ളൂ. ഞാന്‍ ഈ ജീവിതത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ആ കൃപ അവിടുന്ന് തരും എന്ന് ഉറപ്പുണ്ട്. എന്റെ ജീന്‍സിനും സ്‌നീക്കേഴ്‌സിനും പകരം ഇനി ഒരു സന്യാസാര്‍ത്ഥിനിയുടെ വസ്ത്രം. ”കര്‍ത്താവിന്റെ ആലയത്തിലേക്ക് നമുക്ക് പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 122/1).

വിശുദ്ധ മറിയം മഗ്ദലേനയുടെ തിരുനാള്‍ദിവസം മൊണാസ്ട്രിയിലേക്ക് സിസ്റ്റേഴ്‌സ് എന്നെ സ്വീകരിക്കുന്നത് 122-ാം സങ്കീര്‍ത്തനം ചൊല്ലിയാണ്. പിന്നെ ചാപ്പലില്‍ പ്രവേശിച്ച് സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് കര്‍ത്താവിന്റെ മുന്നില്‍ മുട്ടുകുത്തുമ്പോള്‍ അരുളിക്കയില്‍ എഴുന്നള്ളിവാഴുന്ന അവിടുത്തെ മുഖത്തേക്കുതന്നെ നോക്കി ഞാന്‍ മന്ത്രിക്കും, ”എന്റെ ഹൃദയം അചഞ്ചലമാണ്; ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്; ഞാന്‍ അങ്ങയെ പാടിസ്തുതിക്കും” (സങ്കീര്‍ത്തനങ്ങള്‍ 57/7). അപ്പോള്‍മാത്രമേ ദൈവവിളിക്ക് ഉത്തരം നല്കാന്‍ തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നുകയുള്ളൂ, സന്യാസാവൃതിയുടെ വിളി!

കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനിയും അതോടൊപ്പം അവിടത്തെ അധ്യാപികയുമായിരുന്നു ഗ്രെച്ചെന്‍. സന്യാസിനിയാകാനുള്ള ഉറച്ച തീരുമാനത്തിലെത്തിയതിനുശേഷം അവള്‍ എഴുതിയ കുറിപ്പാണിത്. 2021 ജൂലൈ 22-ന് യു.എസിലെ കണക്ടിക്കട്ടിലുള്ള കണ്‍ടെംപ്ലേറ്റീവ് ഡൊമിനിക്കന്‍ സന്യാസിനികളുടെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് മൊണാസ്ട്രിയില്‍ പ്രവേശിച്ചു.

ഗ്രെച്ചെന്‍ എര്‍ലിച്ച്മാന്‍