അധ്യാപകര്‍ക്ക് രക്ഷിതാവും പോലീസും ഡോക്ടറും വക്കീലും ഡ്രൈവറും തൂപ്പുകാരനും വിളമ്പുകാരനും തുടങ്ങി പലവിധ വേഷങ്ങള്‍ അണിയേണ്ട വേദിയാണ് അവരുടെ സേവനരംഗമായ സ്കൂള്‍. ഞാനും അങ്ങനെ വിവിധവേഷങ്ങള്‍ ഒരേ സമയം അണിയേണ്ടിവന്ന ഒരു സാഹചര്യം അടുത്ത നാളുകളിലുണ്ടായി. ഒരു ‘അപ്പന്വിളി അടിപിടികേസ്.’ ഇരയും വില്ലനും ദൃക്സാക്ഷികളും സ്റ്റാഫ്റൂമിന് പുറത്ത് കൂട്ടം കൂടി നില്ക്കുന്നു.
”കാര്യം എന്നോട് പറഞ്ഞാല്‍ പോരേ? തല്ലുകയാണോ ചെയ്യുക? മൂക്കില്‍നിന്നും ചോര വരുന്നത് കണ്ടോ?” പെട്ടെന്ന് പോലീസ് ആയി മാറിയ ഞാന്‍ കണ്ണുരുട്ടി, ശബ്ദമുയര്‍ത്തിക്കൊണ്ട് പ്രതിയായ കുട്ടിയോട് ചോദിച്ചു.
”മാഷ് എന്തു പറഞ്ഞാലും അപ്പനെ വിളിച്ചാല്‍ ഞാന്‍ ഇനിയും തല്ലും!” ആ വാക്കുകളുടെ തീവ്രതയ്ക്കുമുന്നില് എന്നിലെ പോലീസ് വിരണ്ടു, ദയനീയമായി അവനെ നോക്കി.
അവന് കിതയ്ക്കുന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുന്നു. മൂന്ന് വര്‍ഷമായി ഞാന്‍ അവനെ പഠിപ്പിക്കുന്നുണ്ട്. മുമ്പ് ഒരിക്കലും അവന് ഇങ്ങനെ പെരുമാറിയിട്ടില്ല.
”എല്ലാവരും ക്ലാസ്സിലേക്ക് പോ….” ഞാന്‍ ഉറക്കെ പറഞ്ഞു.
അവന്റെനേരെ തിരിഞ്ഞപ്പോള്‍, അതുവരെ പോലിസായിരുന്ന ഞാന്‍ പെട്ടെന്ന് കരുണയുള്ള രക്ഷിതാവായി മാറി, ”മോന് ഇങ്ങോട്ട് വാ… കുറച്ച് വെള്ളം കുടിക്ക്.”
”ചോര നന്നായി വരുന്നുണ്ട്. അവനെ ഡോക്ടറെ കാണിക്കേണ്ടിവരും. വീട്ടിലേക്ക് വിളിച്ച് പറയണ്ടേ?” സ്റ്റാഫ് റൂമിലാരോ പറയുന്നു.
അവന് യാതൊരു കുലുക്കവും കുറ്റബോധവും ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി. അവന്റെ ചുമലില്‍ കൈവെച്ച് ഞാന്‍ പതുക്കെ ചോദിച്ചു, ”എന്താ പറ്റിയത്? മോന് ഇങ്ങനെയൊന്നും ചെയ്യാറില്ലല്ലോ…”
അവന് പതുക്കെ തേങ്ങി.
ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു കുറച്ച് നേരം നിന്നു.
”രണ്ടു ദിവസം മോന് വന്നിരുന്നില്ലല്ലോ… എവിടെയായിരുന്നു?”’
”അമ്മയെ കാണാന്‍ പോയതാ…”
”ആരുടെ കൂടെയാ പോയത്?”
”അച്ചമ്മയുടെ ഒപ്പം.”
”അമ്മ എന്തു പറഞ്ഞു?”’
”ഒന്നും പറഞ്ഞില്ല… എന്നെ നോക്കി കരഞ്ഞു…”
അച്ഛന് അമ്മയെ ഉപേക്ഷിച്ചതും അമ്മ മറ്റൊരാളുടെ പങ്കാളിയായി മാറിയതും അവന് മുന്‍പ് എന്നോട് പറഞ്ഞിരുന്നു. ആ ഓര്‍മ്മയില്‍ അവനോട് ചോദിച്ചു, ”അപ്പന് വിളിക്കാറുണ്ടോ?”’
”ഉം…” ശോകം കലര്‍ന്ന മറുപടി. ‘
പെട്ടെന്നാണ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ വന്നത്, ”മാഷേ, മൂക്ക് പൊട്ടിയവന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.”
അവന് വല്ലാതെ പരിഭ്രമിച്ചു.
”പേടിക്കണ്ട,”അവനെ ആശ്വസിപ്പിച്ചിട്ട് ഞാന്‍ അവരുടെ അടുത്തേക്ക് നീങ്ങി.
മൂക്ക് പൊട്ടിയവന്റെ അമ്മയും അച്ഛനും വരാന്തയില്‍ നിന്നുകൊണ്ട് മകന്റെ മൂക്ക് പരിശോധിക്കുന്നുണ്ട്. എന്തൊക്കെയോ ചോദിച്ചറിയുന്നത് കാണാം. എന്നെ കണ്ടയുടനെ മൂക്കുപൊട്ടിയവന്റെ അമ്മ ചോദിച്ചു, ”തല്ലിയവന് എവിടെയാ മാഷേ?”
”അവന് സ്റ്റാഫ് റൂമിലുണ്ട്.”
വേഗംതന്നെ അവന് അനുകൂലമായി എന്തെങ്കിലും പറയാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍, ”ചേച്ചീ, ഞാനൊരു കാര്യം പറയട്ടെ…”
അവര്‍ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ എന്നെ തട്ടിമാറ്റിക്കൊണ്ട് സ്റ്റാഫ് റൂമിലേക്ക് കുതിച്ചു.
എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷം…
മൂക്ക് പൊട്ടിയവന്റെ അമ്മ തന്റെ മകനെ തല്ലിയവനെ നോക്കി. അവന് തല കുനിച്ചിരിക്കുകയാണ്. അവര്‍ അടുത്തുചെന്ന് കെട്ടിപ്പിടിച്ച് അവന്റെ മൂര്‍ദ്ധാവില്‍ തുരുതുരാ ഉമ്മവെച്ചു. ഒരു നിമിഷം എല്ലാം മറന്ന് അവനും ആ അമ്മയെ കെട്ടിപ്പിടിച്ചു. അതോടൊപ്പം, ‘ഇനി ചെയ്യില്ലമ്മേ’ എന്നു പറഞ്ഞുകൊണ്ട് ഉറക്കെയൊരു കരച്ചിലും…
”സാരമില്ലട്ടോ… പേടിക്കണ്ട,” മൂക്കുപൊട്ടിയവന് ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു.
ഒരൊറ്റനിമിഷം! സ്റ്റാഫ് റൂം സ്വര്ഗമാവുകയും ചുറ്റുമുള്ള കുട്ടികള്‍ ദൈവത്തെ കാണുകയും ചെയ്തു.
സ്നേഹവും ക്ഷമയും കരുണയും പുസ്തക ത്താളുകളില്മാത്രം പരിചിതമായ പുതുതലമുറയാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍, ഉപാധികളില്ലാത്ത ക്രിസ്തുസ്നേഹം അനുഭവിക്കാനുള്ള അവസരം നമ്മുടെ ജീവിതംകൊണ്ട് തൊഴിലിടങ്ങളിലും കുടുംബങ്ങളിലും നാം ഉണ്ടാക്കിയെടുക്കുമ്പോള്‍ സുവിശേഷ വേലകള്‍ക്ക് പുതിയൊരു മാനം കൈവരും. അനേകര്‍ ദൈവത്തെ കാണും. ”ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹന്നാന് 13/35).
ക്രിസ്തുവാഹകരായി ജീവിക്കുവാന്‍ പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ…
സിന്റോ കുണ്ടുകുളം
തൃശൂര്‍ പറപ്പൂര് സെയ്ന്റ് ജോണ്‍ നെപുംസ്യാന്‍ ഇടവകാംഗമായസിന്റോ സ്കൂള്‍ അധ്യാപകനായി സേവനം ചെയ്യുന്നു. ശാലോം ടൈംസിന്റെ ഏജന്റുമാണ്.